വിമാനയാത്രയ്ക്കിടെ വിശന്നുകരഞ്ഞ കുഞ്ഞിനെ മുലയൂട്ടാന്‍ തയ്യാറായ എയര്‍ ഹോസ്റ്റസിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സാമൂഹികമാധ്യമങ്ങള്‍. ഫിലിപ്പീന്‍സ് എയര്‍ലൈന്‍സ് ജീവനക്കാരിയായ പട്രിഷ ഓര്‍ഗാനോയാണ് വിമാനത്തിനുള്ളില്‍ വിശന്നുകരഞ്ഞ കുഞ്ഞിന് പാല്‍ നല്‍കിയത്.

നവംബര്‍ എട്ടിനായിരുന്നു സംഭവം. കുഞ്ഞിന്റെ  ഉറക്കെയുള്ള കരച്ചില്‍ കേട്ടാണ് പട്രിഷ അമ്മയുടെയും കുഞ്ഞിന്റെയും അരികിലേക്ക് ചെന്നത്. കുപ്പിയില്‍ കരുതിയിരുന്ന പാല്‍ തീര്‍ന്നതിനെ തുടര്‍ന്ന് നിസ്സഹായയായി ഇരിക്കുകയായിരുന്നു കുഞ്ഞിന്റെ അമ്മ.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപത്തെ യാത്രക്കാരൊക്കെ അവിടേക്ക് ശ്രദ്ധിക്കാനും തുടങ്ങിയിരുന്നു. അതോടെ കുഞ്ഞിനെ മുലയൂട്ടാന്‍ പട്രിഷ തയ്യാറാകുകയായിരുന്നു. 24 വയസ്സുകാരിയായ പട്രിഷ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ കൂടിയാണ്.

താന്‍ അപരിചിതയായ ഒരമ്മയുടെ കുഞ്ഞിനെ മുലയൂട്ടിയെന്ന കാര്യം പട്രിഷ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. 36,000 ത്തിലധികം തവണയാണ് പട്രിഷയുടെ കുറിപ്പ് ഇതിനോടകം ഷെയര്‍ ചെയ്യപ്പെട്ടത്.

ക്യാബിന്‍ ക്രൂ ഇവാലുവേറ്റര്‍ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള പരീക്ഷാദിനം കൂടിയായിരുന്നു അന്ന് പട്രീഷയ്ക്ക്. പരീക്ഷ വിജയിച്ചതായും ക്യാബന്‍ ക്രൂ ഇവാലുവേറ്ററായി സ്ഥാനക്കയറ്റം കിട്ടിയെന്നും പട്രീഷ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

content highlights: airhostess breast feeds passenger's daughter as mother ran out of formula milk