2005-ലെ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് വാങ്ങാന്‍ ഡല്‍ഹി വരെ പോയെങ്കിലും ആ പുരസ്‌കാരം കൈയില്‍ കിട്ടാന്‍ പതിനഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നു, എറണാകുളം തിരുവാണിയൂര്‍ സ്വദേശിയായ ബാബു കെ. ഇട്ടിയേര മാഷിന്. ആ കഥ ഇങ്ങനെ.

16 കൊല്ലത്തിന്റെ കാത്തിരിപ്പിന്റെയും പോരാട്ടത്തിന്റെയും കഥ ബാബു മാഷ് പറയുന്നു 

"2005-ലെ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചു. രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ കൈയില്‍നിന്നും അവാര്‍ഡ് വാങ്ങുന്നതിനായി ഡല്‍ഹിയില്‍ എത്തി. പക്ഷേ അവാര്‍ഡ് വിതരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് എനിക്ക് അവാര്‍ഡ് തത്കാലം തരേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അതിന് കാരണമായതാകട്ടെ എന്റെ പേരിലുള്ള കള്ളക്കേസും. സ്‌കൂള്‍ മാനേജ്മെന്റും കുറച്ച് അധ്യാപകരും ചേര്‍ന്ന് എനിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച് കേസ് കൊടുക്കുകയും എന്റെ പേരില്‍ ഈ കേസ് ഉള്ളതുകൊണ്ട് ഞാന്‍ അവാര്‍ഡിന് അര്‍ഹനല്ലെന്ന് വ്യക്തമാക്കി ഡല്‍ഹിയിലേക്ക് വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന്  അവാര്‍ഡ് വിതരണത്തിന് തൊട്ടുമുന്‍പ് എനിക്ക് തത്കാലം അവാര്‍ഡ് നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി ആവശ്യപ്പെടുകയായിരുന്നു. 

അന്ന് സത്കാരവും യാത്രാ ചെലവും മറ്റ് ചെലവുകളുമെല്ലാം സര്‍ക്കാര്‍ തന്നെയാണ് വഹിച്ചത്. പക്ഷേ പുരസ്‌കാരം മാത്രം ലഭിച്ചില്ല. അതുകൊണ്ട് തന്നെ അവാര്‍ഡ് വാങ്ങിയെടുക്കണമെന്ന വാശിയുണ്ടായിരുന്നു മനസില്‍. സ്‌കൂള്‍ മാനേജ്മെന്റ് എനിക്ക് അവാര്‍ഡ് തരരുതെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പക്ഷേ ഹൈക്കോടതി അവാര്‍ഡ് സ്റ്റേ ചെയ്തിരുന്നില്ല. ആ കേസ് കോടതി വര്‍ഷങ്ങള്‍ക്ക് ശേഷം 2013-ലോ 2015-ലോ മറ്റോ തള്ളിക്കളഞ്ഞു. എനിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച് സ്‌കൂള്‍ മാനേജ്മെന്റ് കൊടുത്ത കൊടുത്ത കേസ് 2013-ല്‍ കോടതി തള്ളി. 

പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞു. ജോലിയും മറ്റ് ഓരോ തിരക്കുകളുമായി മുന്നോട്ട് പോയി. പിന്നീട് 2017-ല്‍ എനിക്ക് അനുവദിച്ച അവാര്‍ഡ് തടയപ്പെട്ടിരിക്കുകയാണെന്നും അത് എനിക്ക് കിട്ടണമെന്നും വ്യക്തമാക്കി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ആ കേസിന്റെ വിധി 2020 നവംബറിലാണ് വന്നത്. അവാര്‍ഡിന് ഞാന്‍ അര്‍ഹനാണെന്ന് വ്യക്തമാക്കിയുള്ളതായിരുന്നു കോടതി ഉത്തരവ്. 

പക്ഷേ, പിന്നേയും ആ അവാര്‍ഡ് കൈയില്‍ കിട്ടാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. അവാര്‍ഡ് തരാതെ അവര്‍ ചെറിയ ന്യായങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുകയായിരുന്നു. ഇനിയും കാത്തിരിക്കാന്‍ തയാറല്ലാത്തതുകൊണ്ട് തന്നെ കോടതിയലക്ഷ്യം ചൂണ്ടിക്കാണിച്ച് വീണ്ടും കോടതിയെ സമീപിച്ചതോടെയാണ്  വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് കൈയില്‍ കിട്ടുന്നത്. 

കോടതിയും നിയമവുമായി വര്‍ഷങ്ങള്‍ കടന്നു പോയി. രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാമിന്റെ കൈയില്‍നിന്ന് വാങ്ങേണ്ടതായിരുന്നു ഈ അവാര്‍ഡ്. ഡല്‍ഹിയില്‍ പോയി വിവിധ ചടങ്ങുകളോടെ വാങ്ങേണ്ടിയിരുന്ന അവാര്‍ഡ് തിരുവനന്തപുരത്ത് എത്തിച്ചുതന്നു. പ്രസിഡന്റിന്റെ കൈയില്‍ നിന്ന് വാങ്ങാന്‍ കഴിയാത്തതില്‍ സങ്കടമൊന്നും ഇല്ല. എല്ലാം കഴിഞ്ഞല്ലോ, ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ", ബാബു മാഷ് പറയുന്നു. 

ബുധനാഴ്ച തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷില്‍നിന്നാണ് ബാബു അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഡി.പി.ഐ. ജീവന്‍ ബാബു, കേന്ദ്ര അണ്ടര്‍ സെക്രട്ടറി രാജേന്ദ്ര പ്രസാദ് എന്നിവരും സന്നിഹിതരായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മികച്ച അധ്യാപക പുരസ്‌കാരം വീട്ടിലെത്തിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഇപ്പോള്‍ ബാബു.

content highlights: after 16 year long legal battle, babu k itteerah recieves best teacher award