Jain Varghese
ജെയിൻ വർഗീസ്

ചെങ്ങാലൂർ: പുതുക്കാട് ചെങ്ങാലൂർ സ്വദേശി ജെയിൻ (33) പതിവായി സൈക്കിൾ സവാരി നടത്തുന്നത് നാട്ടുകാർക്കെല്ലാം അറിയാം. എന്നാൽ ദിവസവും 100 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ജെയിൻ തിരിച്ചെത്തുന്നതെന്നറിഞ്ഞപ്പോൾ നാട്ടുകാർക്ക് അദ്ഭുതം. തുടർച്ചയായി 155 ദിവസമാണ് ജെയിൻ 100 കിലോമീറ്റർ സൈക്കിൾ സവാരി നടത്തിയതെന്നറിഞ്ഞതോടെ വീണ്ടും വിസ്മയം. ചെങ്ങാലൂർ പള്ളത്ത് വർഗീസിന്റെ മകൻ ജെയിൻ കഴിഞ്ഞ നാലു വർഷമായി സ്ഥിരമായി സൈക്കിൾ സവാരി നടത്തുന്നു. 

കഴിഞ്ഞ ജൂൺ 23 മുതൽ ദിവസേന 100 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്; അതും അഞ്ച് മണിക്കൂറുകൊണ്ട്. ബുധനാഴ്ചയോടെ ഈ സവാരി 155 ദിവസം പൂർത്തിയായി. ഇത്ര ദിവസം തുടർച്ചയായി 100 കിലോമീറ്റർ സൈക്കിൾ സവാരി നടത്തിയ മലയാളി താനായിരിക്കുമെന്ന് ജെയിൻ പറയുന്നു. ഇനി ദിവസവും 50 കിലോമീറ്റർ സൈക്കിൾ സവാരിയും അഞ്ച് കിലോമീറ്റർ ഓട്ടവും പൂർത്തിയാക്കണമെന്ന ലക്ഷ്യമാണ് ജെയിന് മുന്നിലുള്ളത്. 111 ദിവസം തുടർച്ചയായി 100 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ കൊരട്ടി സ്വദേശി പോലീസ് സബ് ഇൻസ്‌പെക്ടർ സാജു പൗലോസ്, 365 ദിവസം തുടർച്ചയായി 50 കിലോമീറ്റർ സൈക്കിൾ ചവിട്ടുകയും 50 പുഷ് അപ് എടുക്കുകയും ചെയ്ത ജീസൺ സ്റ്റീഫൻ എന്നിവരിൽനിന്ന്‌ പ്രചോദനമുൾക്കൊണ്ടാണ് ജെയിൻ സൈക്കിൾ സവാരി ആരംഭിച്ചത്.

പറവൂർ മുസിരിസ് സൈക്ലിങ് ക്ലബ്ബ് അംഗമാണ് ജെയിൻ. വിദേശത്ത്‌ നഴ്സായ ഭാര്യ ലിസ്മിയുടെ പിന്തുണയാണ് ഈ യാത്രയുടെ ഊർജമെന്ന് ജെയിൻ പറയുന്നു. ഇൻവെന്ററി അസിസ്റ്റന്റ് കൂടിയായ ജെയിൻ ഓൺലൈനായി ഐ.ഇ.എൽ.ടി.എസ്. പരിശീലനവും നടത്തുന്നുണ്ട്. പിതാവ്‌ പള്ളത്ത് വർഗീസും അമ്മ മേരിയും സഹോദരങ്ങളായ ലിനി, ജിനേഷ് എന്നിവരും വലിയ പിന്തുണയാണ് നൽകുന്നതെന്ന് ജെയിൻ പറയുന്നു.