കുന്നംകുളം: ഡോക്ടറാകാനായിരുന്നു ആഗ്രഹം. രണ്ടുതവണ പ്രവേശന പരീക്ഷ എഴുതിയെങ്കിലും കിട്ടിയില്ല. അധ്യാപനത്തിലേക്ക് തിരിഞ്ഞപ്പോള്‍ കൂടെ പഠനവും മുന്നോട്ടുപോയി. പത്ത് ബിരുദാനന്തര ബിരുദങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ കാലടി സര്‍വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസ മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റും ലഭിച്ചു. വേലൂര്‍ കുറുവന്നൂര്‍ സ്വദേശിയും അക്കിക്കാവ് മാര്‍ ഒസ്താത്തിയോസ് ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പലുമായ സി.പി. ബാബുവിന്റെ പഠനം അധ്യാപകര്‍ക്കൊരു പാഠമാണ്.

'അധ്യാപകനായാല്‍ പഠിപ്പിക്കലാണ് പ്രധാനം. വിരമിക്കുന്നതുവരെയും ഇത് തുടരുന്നതാണ് പതിവ്. പഠിക്കുന്തോറുമാണ് അറിവ് വളരുന്നത്'- ഇതാണ് സി.പി. ബാബുവിന്റെ തത്ത്വം. 1987-ല്‍ തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദമെടുത്തു. പിന്നീട് സയന്‍സില്‍ ബി.എഡും എം.എഡും പൂര്‍ത്തിയാക്കി. ആ ഭാഗം കഴിഞ്ഞപ്പോഴാണ് 2014-നുള്ളില്‍ പത്ത് ബിരുദാനന്തര ബിരുദമെടുക്കാന്‍ ലക്ഷ്യമിട്ടത്. അധ്യാപനത്തില്‍ തുടരുന്നതിനാല്‍ പഠനം പ്രശ്നമായിരുന്നില്ല. ഇപ്പോള്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി പഠിക്കുകയാണ്.

ഇടുക്കി ലബ്ബക്കടയിലെ ജോണ്‍പോള്‍ മെമ്മോറിയല്‍ ബി.എഡ്. കോളേജിന്റെ പ്രിന്‍സിപ്പലായി 42-ാമത്തെ വയസ്സില്‍ ചുമതലയേറ്റു. കാലിക്കറ്റ്, ഭാരതിയാര്‍ സര്‍വകലാശാലകളിലെ പി.ജി. സൈക്കോളജി വിദ്യാര്‍ഥികളുടെ റിസോഴ്സ് പേഴ്സണ്‍, കാലിക്കറ്റ് സര്‍വകലാശാല പ്രിന്‍സിപ്പല്‍ കൗണ്‍സിലിന്റെ ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.

തൃശ്ശൂര്‍ അതിരൂപതയില്‍ മതപഠന അധ്യാപകനാണ്. കുരിയച്ചിറ പെരിഞ്ചേരി സ്വദേശിയും തൃശ്ശൂര്‍ തോപ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയുമായ ഹണിയാണ് ഭാര്യ. എന്‍ജിനീയറിങ് വിദ്യാര്‍ഥി ഇമ്മാനുവേല്‍, മരിയ, ഹന്ന എന്നിവര്‍ മക്കളും.

content highlights: 10 post graduations and one doctorate; inspiring academic life of cp babu