പുന്നയൂർക്കുളം : പുന്നയൂർക്കുളം കുന്നത്തൂർ മനയിൽ തിങ്കളാഴ്ച രാവിലെ 11-ന് ഒരു ‘കല്യാണം’ നടക്കും. കല്യാണമാണ് നടക്കുന്നതെന്ന് അവർക്ക് വല്യ പിടിയൊന്നുമില്ല. കാരണം ബീഗിൾ ഇനത്തിൽപ്പെട്ട രണ്ട് ഓമന നായ്ക്കളാണിവർ. ‘വരൻ’ ആക്സിഡ് എന്ന കുട്ടാപ്പു. ‘വധു’ ജാൻവി.

കല്യാണം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ചത് അവരുടെ ഉടമസ്ഥനായ വാടനപ്പള്ളി പൊയ്യാറ വീട്ടിൽ ഷെല്ലി. ഭാര്യ നിഷയുടെ ആവശ്യമാണ് ഇതിലേക്കെത്തിയത്.

രണ്ടു വർഷം മുമ്പ് സ്വന്തമാക്കിയതാണ് കുട്ടാപ്പുവിനെ. ഒരു ഇണയായി ജാൻവിയെ വാങ്ങിയത് ഈയിടെയാണ്.

രണ്ടുദിവസംമുൻപ് ‘സേവ് ദി ഡേറ്റ്’ ഫോട്ടോഷൂട്ടും നടത്തി. വിവാഹ ഫോട്ടോഗ്രാഫറായ ഗിരീഷ് ഗ്രീൻമീഡിയ ആണ് വ്യത്യസ്തമായ ഫോട്ടോഷൂട്ട് നടത്തിയത്. ഷെല്ലിയുടെയും നിഷയുടെയും മക്കളായ ആകാശും അർജുനും പിന്തുണയുമായി ഒപ്പമുണ്ട്. കതിർമണ്ഡപവും അലങ്കാരവും ഫോട്ടോഷൂട്ടും ഉണ്ടാവും. ‘വധൂവരൻമാർക്ക്’ ഇഷ്ടപ്പെട്ട ചിക്കൻ ബിരിയാണിയും ഉണ്ടാവും.

Content Highlights: dogs are getting 'married' in Thrissur, Kuttappu, Janvi wedding, save the date photoshoot