beediകോഴിക്കോട്: മനുഷ്യര്‍ പലവിധമാണ്. മനുഷ്യന്റെ നന്മയും വലുപ്പവും മനസ്സിലാക്കണമെങ്കില്‍ ദുരന്തകാലത്ത് കേരളത്തിലേക്കൊന്നെത്തി നോക്കിയാല്‍ മതി എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. രണ്ട് മഹാപ്രളയകാലത്തും കോവിഡ് കാലത്തും മനുഷ്യര്‍ പരസ്പരം സഹായിച്ച് താങ്ങും തണലുമാവുന്നതിന്റെ മനോഹര കാഴ്ചകള്‍ നമുക്കു മുന്നിലെമ്പാടുമുണ്ടായിരുന്നു. ആ നന്മപുസ്തകത്തിലേക്ക് ഓര്‍ത്തുവെക്കാന്‍ ഒരു മനോഹര ഏടുകൂടിചേര്‍ക്കപ്പെടുകയാണ്. വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് രണ്ട് ലക്ഷം സംഭാവന നല്‍കിയ അജ്ഞാതനായൊരു വയോധികനെ കുറിച്ചോർത്ത് അഭിമാനിക്കുകയാണ് ഇന്ന് കേരളം. 

കണ്ണൂരിലെ പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ബീഡിത്തൊഴിലാളിയായ 70 വയസ്സുകാരന്റെ ബാങ്ക് അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് 2,00,850 രൂപയായിരുന്നു. അതിലെ രണ്ട് ലക്ഷവും വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നല്‍കി ബാങ്ക് ജീവനക്കാരെയാണ് ആദ്യം അദ്ദേഹം ഞെട്ടിച്ചത്. കണ്ണൂര്‍ കേരള ബാങ്കിലെ ജീവനക്കാരനായ സി.പി സൗന്ദര്‍രാജ് അവിശ്വസനീയമായ ആ സംഭവം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് കേരളമാകെ ഞെട്ടിയത്. പിന്നീട് പതിവ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയും ഇക്കാര്യം എടുത്ത് പറഞ്ഞു. 

"പേര് വെളിപ്പെടുത്തരുതെന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതിനാലാണ് പറയാത്തത്", ബാങ്ക് ജീവനക്കാരനായ സൗന്ദര്‍ രാജ് മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

"ഇന്നലെയാണ് അദ്ദേഹം ബാങ്കിലേക്ക് വന്ന് പാസ്സ് ബുക്ക് നൽകി മാനേജരോട് ബാലന്‍സ് ചോദിക്കുന്നത്. 2,00,850 രൂപയുണ്ടെന്ന് മറുപടി പറഞ്ഞപ്പോള്‍ 850 രൂപ അക്കൗണ്ടില്‍ വെച്ച് ബാക്കി രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്‌സിന്‍ വാങ്ങുന്നതിന്  സംഭാവനയായി നൽകാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. അസാധാരണമായ ഈ ആവശ്യം കേട്ട് പരിഭ്രമിച്ച മാനേജര്‍ ആളെ എന്റരികിലേക്ക് പറഞ്ഞു വിടുകയായിരുന്നു", സൗന്ദര്‍ രാജ് പറഞ്ഞു.

"വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലെന്നുകരുതി ഒരു ലക്ഷം അല്പം കഴിഞ്ഞ് അയച്ചാല്‍ പോരെ എന്ന് ചോദിച്ചെങ്കിലും അയാള്‍ അത് നിരസിച്ചു. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കണ്ട് ആവേശം പൂണ്ട് എട്പടീന്ന് അദ്ദേഹം തീരുമാനമെടുത്തതാവുമെന്ന് കരുതിയാണ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്", സൗന്ദര്‍ രാജ് കൂട്ടിച്ചേര്‍ത്തു.

 നിങ്ങള്‍ക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ എന്ന സൗന്ദര്‍ രാജിന്റെ ചോദ്യത്തിന് ആ മനുഷ്യന്‍ നല്‍കിയ ഉത്തരമിതാണ്- 'എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പുമുണ്ട്. അതിനു ആഴ്ചയില്‍ 1000 രൂപ വരെ കിട്ടാറുണ്ട്.  എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളം. മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോള്‍ വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. ഇതു ഇന്നയച്ചാലേ  എനിക്ക് ഉറങ്ങാന്‍ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത്". ഇതായിരുന്നു ആ അജ്ഞാത മനുഷ്യന്റെ മറുപടി.

70 വയസ്സുള്ള മനുഷ്യന് രണ്ട് മക്കളുണ്ടെന്നും അവരെല്ലാം വിവാഹിതരായി കഴിയുന്നുവെന്നുമുള്ള ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം സ്വന്തം ജീവിതം പറഞ്ഞു നിര്‍ത്തി.

കേന്ദ്രം വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി സംസ്ഥാനങ്ങള്‍ക്ക് മേല്‍ അധികഭാരം ചുമത്തിയതിനെത്തുടര്‍ന്നാണ് കേരളത്തില്‍ ഒരു പറ്റം ചെറുപ്പക്കാര്‍ ചേര്‍ന്ന് വാക്‌സിന്‍ ചാലഞ്ച് തുടങ്ങിയത്. ഒരു ഡോസ് വാക്‌സിന്റെ തുകയായ 400 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കയക്കുക എന്നതായിരുന്നു ചലഞ്ച്. ചെറിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ അങ്ങിങ്ങായ ആരംഭിച്ച ചലഞ്ചിലേക്ക് ചെറുതും വലുതുമായ തുക ആളുകൾ സംഭാവന നൽകി. ഇത്തരത്തിൽ രണ്ട് കോടിയോടടുത്ത് തുകയാണ് രണ്ട് ദിവസം കൊണ്ട് ദുരിതാശ്വാസ ഫണ്ടിലെത്തിയത്. ഇത്തരത്തില്‍ സംഭാവന വാക്‌സിന്‍ ചാലഞ്ചായി എത്തുന്നതിന്റെ സന്തോഷവും ജനങ്ങളില്‍ കഴിയുന്നവര്‍ ചലഞ്ചിന്റെ ഭാഗമാവണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവെച്ചിരുന്നു.

content highlights: 70 year old man contributes two lakhs from his account to CMDRF as part of vaccine challenge