എന്റെ മകന്റെ ആത്മാവിനെ എന്തിനാണിങ്ങനെ വെയിലത്ത് നിർത്തിയിരിക്കുന്നത്, ചിത്രവും എഴുത്തും: മധുരാജ്


1 min read
Read later
Print
Share

അട്ടപ്പാടി മല്ലീശ്വരൻമുടിയുടെ താഴ്വരയിൽ താമസിക്കുന്ന മല്ലിയുടെ മകനും സരസുവിന്റെയും ചന്ദ്രികയുടെയും സഹോദരനുമായ മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നിട്ട് വർഷം നാലാവുന്നു. സാക്ഷരകേരളത്തിന്റെ ശിരസ്സ് അന്ന് സമസ്തലോകത്തിനുംമുന്നിൽ  ലജ്ജിച്ചുകുനിഞ്ഞതാണ്; അതിനിയും ഉയർന്നിട്ടില്ല. മധുവിന്റെ  മരണത്തിൽ ഞെട്ടലും ലേഖനങ്ങളും സമർപ്പിച്ച് എല്ലാവരും മറ്റുകാര്യങ്ങളിലേക്ക് പിരിഞ്ഞുപോയി. എന്നാൽ, ഒരമ്മയും രണ്ടുസഹോദരിമാരും വെയിലും മഴയും മഞ്ഞും കൊണ്ട്, എല്ലാം നിശ്ശബ്ദം സഹിച്ച് അലയുകയായിരുന്നു. നൊന്തുപെറ്റ മകന്, പ്രിയപ്പെട്ട കൂടപ്പിറപ്പിന് നീതികിട്ടാൻ. മണ്ണാർക്കാട് പട്ടികജാതി-വർഗ െസ്പഷ്യൽ കോടതിക്കുമുന്നിൽ മനസ്സുതപിച്ചുകൊണ്ട് അവർ കാത്തുനിന്നു. എന്നാൽ, രാഷ്ട്രീയകൊലപാതകികൾക്കും ക്രിമിനലുകൾക്കുംവേണ്ടി അഭിഭാഷകർ ലക്ഷങ്ങൾ ഫീസ് വാങ്ങി ആകാശത്തുനിന്ന് പറന്നിറങ്ങുന്ന ഈ നാട്ടിൽ മധുവിനുവേണ്ടി വാദിക്കാൻ നിയോഗിക്കപ്പെട്ട സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ കാണാനേയില്ലായിരുന്നു. ഒടുവിൽ നാലാംവർഷം കോടതിക്ക് ചോദിക്കേണ്ടിവന്നു: ''എവിടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ?'' ഈ കേസിലെ കുറ്റാരോപിതരെല്ലാം ജാമ്യത്തിൽ വിലസുമ്പോൾ, മധുവിന്റെ നാലാം മരണവാർഷികദിനമടുക്കുന്ന ഈ സമയത്ത് മാതൃഭൂമി സീനിയർ 
ചീഫ് ഫോട്ടോഗ്രാഫർ മധുരാജ് കടന്നുചെല്ലുന്നു...

1/11

Photograph:

(Photo: madhuraj)

അട്ടപ്പാടി മല്ലീശ്വരൻമുടിയുടെ താഴ്വരയിൽ താമസിക്കുന്ന മല്ലിയുടെ മകനും സരസുവിന്റെയും ചന്ദ്രികയുടെയും സഹോദരനുമായ മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നിട്ട് വർഷം നാലാവുന്നു. സാക്ഷരകേരളത്തിന്റെ ശിരസ്സ് അന്ന് സമസ്തലോകത്തിനുംമുന്നിൽ ലജ്ജിച്ചുകുനിഞ്ഞതാണ്; അതിനിയും ഉയർന്നിട്ടില്ല. മധുവിന്റെ മരണത്തിൽ ഞെട്ടലും ലേഖനങ്ങളും സമർപ്പിച്ച് എല്ലാവരും മറ്റുകാര്യങ്ങളിലേക്ക് പിരിഞ്ഞുപോയി. എന്നാൽ, ഒരമ്മയും രണ്ടുസഹോദരിമാരും വെയിലും മഴയും മഞ്ഞും കൊണ്ട്, എല്ലാം നിശ്ശബ്ദം സഹിച്ച് അലയുകയായിരുന്നു. നൊന്തുപെറ്റ മകന്, പ്രിയപ്പെട്ട കൂടപ്പിറപ്പിന് നീതികിട്ടാൻ. മണ്ണാർക്കാട് പട്ടികജാതി-വർഗ െസ്പഷ്യൽ കോടതിക്കുമുന്നിൽ മനസ്സുതപിച്ചുകൊണ്ട് അവർ കാത്തുനിന്നു. എന്നാൽ, രാഷ്ട്രീയകൊലപാതകികൾക്കും ക്രിമിനലുകൾക്കുംവേണ്ടി അഭിഭാഷകർ ലക്ഷങ്ങൾ ഫീസ് വാങ്ങി ആകാശത്തുനിന്ന് പറന്നിറങ്ങുന്ന ഈ നാട്ടിൽ മധുവിനുവേണ്ടി വാദിക്കാൻ നിയോഗിക്കപ്പെട്ട സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ കാണാനേയില്ലായിരുന്നു. ഒടുവിൽ നാലാംവർഷം കോടതിക്ക് ചോദിക്കേണ്ടിവന്നു: ''എവിടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ?'' ഈ കേസിലെ കുറ്റാരോപിതരെല്ലാം ജാമ്യത്തിൽ വിലസുമ്പോൾ, മധുവിന്റെ നാലാം മരണവാർഷികദിനമടുക്കുന്ന ഈ സമയത്ത് മാതൃഭൂമി സീനിയർ ചീഫ് ഫോട്ടോഗ്രാഫർ മധുരാജ് കടന്നുചെല്ലുന്നു...

2/11

Photograph:

(Photo: madhuraj)

കാട്ടിൽവെച്ച് പുലിയും ആനയും എന്റെ മകനെ ഒന്നും ചെയ്തില്ല , പക്ഷേ, മനുഷ്യർ അവനെ കൊന്നുകളഞ്ഞു എന്നുപറയുന്നു ആട്ടപ്പാടിയിൽ ആൾക്കൂട്ടക്കൊലയ്ക്കിരയായ മധുവിന്റെ അമ്മ മല്ലി. ചെയ്ത തെറ്റെന്തെന്നുപോലും അറിയാതെ കൊലചെയ്യപ്പെട്ട ആ മകന് ഇതുവരെ നീതികിട്ടിയില്ല . കേസ് വിളിക്കുമ്പോൾ ഹാജരാവാൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പോലുമില്ലാത്ത അവഗണന, അവസ്ഥ. മധു ജീവിച്ച ഇടങ്ങളിലേക്കും അവൻ നടന്ന വഴികളിലേക്കും മുറിച്ചുകടന്ന പുഴകളിലേക്കുമുള്ള ഈ യാത്ര എത്തിച്ചേരുന്നത് അമ്മയും സഹോദരിമാരുമുള്ള ഒരു ചെറിയ വീട്ടിലാണ്; അവിടെയിപ്പോൾ കുറച്ച്്് ഫോട്ടോകളും നിറയെ കണ്ണീരും മാത്രമേ ആ മകന്റെ ഓർമയ്ക്കായുള്ളൂ

3/11

Photograph:

(Photo: madhuraj)

''നമ്മക്ക് പറയാനോ ചോദിക്കാനോ ആരും ഇല്ല. അതുകൊണ്ട് ഇത് (കേസ്) അങ്ങനെ പോകും എന്നാണ് അവരുടെ വിചാരം. കാട്ടിൽനിന്ന് വരുമ്പോ അവന്റെ (മധുവിന്റെ) കൈയിൽ തേനൊക്കെ ഉണ്ടാകും. അത് കൈയിൽത്തന്ന് അരി, ചായപ്പൊടി, പഞ്ചസാര ഇതൊക്കെ വാങ്ങിച്ച് കൊണ്ടുപോകും. ഞാൻ ഇപ്പള് ഒന്നും വരില്ല എന്ന് പറയും. ഇനി അനുജത്തി വന്നാലേ വരൂ എന്നു പറയും. ചന്ദ്രികയെ ഭയങ്കര ഇഷ്ടമായിരുന്നു. ഒന്നും കഴിക്കാൻ പറ്റുന്നില്ല. ഒന്നിനും രുചിയില്ല.'' -താഴെ ചിണ്ടക്കി ഊരിലെ വീട്ടുമുറ്റത്തെ ചാണകംമെഴുകിയ തറയിലിരുന്ന് മല്ലി ഇങ്ങനെ പറയുമ്പോൾ കരഞ്ഞ് കണ്ണീരൊഴിഞ്ഞ ആ കണ്ണുകളിൽ വീണ്ടും നനവുപടർന്നിരുന്നു... അമ്പതുകഴിഞ്ഞ മല്ലിയെ നമുക്കറിയാം. നാലുവർഷംമുമ്പ് അട്ടപ്പാടിയിലെ മല്ലീശ്വരൻമുടിക്ക് തൊട്ടുള്ള അജ്ജമുടിക്ക് താഴെയുള്ള ഘോരവനത്തിൽ ആൾക്കൂട്ടക്കൊലയ്ക്കിരയായ ആദിവാസിയുവാവ് മധു(32)വിന്റെ അമ്മ. അട്ടപ്പാടിയിലെ ആദിവാസികളുടെ കാവൽദൈവമാണ് മല്ലീശ്വരൻ. മലമുടികയറി അവർ വർഷാവർഷം തിരിതെളിയിക്കുന്നത് മല്ലീശ്വരന്റെ അനുഗ്രഹംതേടിയാണ്. എന്നാൽ, തന്റെ കൺമുന്നിൽവെച്ച് അത്രമേൽ അശക്തനും മനോദൗർബല്യമുള്ളവനുമായ സ്വന്തം മകനെ ആൾക്കൂട്ടം ഭേദ്യംചെയ്യുന്നതുകണ്ട് അന്ന് മല്ലീശ്വരന്റെ നെഞ്ചകം കനത്തു... മലമുടികൾ സ്തബ്ധരായിനിന്നു...

4/11

Photograph:

(Photo: madhuraj)

അവന്റെ സംസ്‌കാരത്തിന്റെ പുസ്തകത്തിൽ കറുത്തദിനമായി അടയാളപ്പെടുത്തിയ 2018 ഫെബ്രുവരി 22, ഒരു വ്യാഴാഴ്ചയായിരുന്നു. അന്നായിരുന്നു ആദിവാസികളിലെ പ്രാക്തനവിഭാഗമായ കുറുമ്പരിൽപ്പെട്ട മധുവെന്ന യുവാവിനെ ആൾക്കൂട്ടം കള്ളനെന്നു വിളിച്ച് മർദിച്ച് കൊലപ്പെടുത്തുന്നത്. മുക്കാലിക്കടുത്ത് ചില കടകളിൽ കാണാതായ കുറച്ച് അരിയും മുളകുപൊടിയും മല്ലിപ്പൊടിയും മറ്റു സാധനങ്ങളും തേടി സംരക്ഷിതവനമേഖലയിലെ അഭയാരാണ്യത്തിലേക്ക് ഒരുസംഘം അതിക്രമിച്ചുകയറുകയായിരുന്നു. ഒടുവിൽ അവർ ഇരയെ കണ്ടെത്തി. മധുവിന്റെ ഉടുതുണിയഴിച്ച് കൈകൾ കൂട്ടിക്കെട്ടി. അപഹസിച്ചു. കൂട്ടംചേർന്ന് മർദിച്ച് ആഹ്ലാദിച്ചു. അഭിമാനപൂർവംചെയ്ത കൃത്യങ്ങൾ സെൽഫിയെടുത്ത് ലോകത്തിനുമുന്നിൽ ലൈവായി പ്രദർശിപ്പിച്ചു. നമ്മൾ താണ്ടിയ പരിഷ്‌കാരത്തിന്റെ ഉയരങ്ങൾകണ്ട് നമ്മൾതന്നെ നടുങ്ങിയ ദിനം. മർദനമേൽക്കാത്ത ഭാഗങ്ങൾ മധുവിന്റെ ശരീരത്തിലില്ലാ എന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയ്‌ക്കേറ്റ അടിയായിരുന്നു മരണകാരണം. വാരിയെല്ല് ഒടിഞ്ഞിരുന്നു. തലച്ചോറിലും ശ്വാസകോശത്തിലും നീർക്കെട്ടുണ്ടായിരുന്നു. അക്രമിസംഘത്തിലുണ്ടായിരുന്ന പതിനാറു പ്രതികളെയും പിടികൂടിയപ്പോൾ നാം വീണ്ടും ഞെട്ടി. കാരണം അതിൽ നമ്മുടെ ഭരണ-പ്രതിപക്ഷ പാർട്ടികളുടെ സജീവ പ്രവർത്തകരുണ്ടായിരുന്നു. എല്ലാ മത വിശ്വാസികളും. അവർ നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദംതന്നെയായിരുന്നല്ലോ. അടികൊണ്ടവശനായ, മനോബലമില്ലാത്ത ആ പട്ടിണിക്കോലത്തെ ദാഹജലംപോലും നൽകാതെ മുക്കാലി കവലവരെ കിലോമീറ്ററുകളോളം അവർ നടത്തിച്ചു എന്ന് പത്രങ്ങൾ റിപ്പോർട്ടുചെയ്തു.

5/11

Photograph:

(Photo: madhuraj)

അവിടെവെച്ചായിരുന്നു ഇവർ മധുവിനെ പോലീസിന് കൈമാറിയതും വൈകീട്ട് മധു മരണത്തിലേക്ക് മറയുന്നതും. പിന്നീടുനടന്ന പുകിലും നാട് മറന്നില്ല. ഭരണപ്രതിപക്ഷഭേദമെന്യേ പ്രതിഷേധിക്കാനും പ്രതികരിക്കാനും എല്ലാവരും ഒറ്റക്കെട്ടായിരുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രി, സാംസ്‌കാരിക നായകർ... രാഷ്ട്രീയപ്പാർട്ടികൾ നാടെങ്ങും പ്രതിഷേധമാർച്ചുകൾ നടത്തുന്നു. എങ്ങും ഫ്‌ലെക്സുകളുയരുന്നു. സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തുന്നു... മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു. അങ്ങനെയ...മനസ്സിലും ശരീരത്തിലുമേറ്റ ആഴത്തിലുള്ള മുറിവുകളുമായി ആ യുവാവ് മരിക്കുമ്പോൾ കണ്ണീരിന്റെ ഉപ്പുകലർന്ന ഒരു ചോദ്യം മാത്രം ആ ചുണ്ടിൽ നിശ്ശബ്ദമായി ബാക്കിനിന്നു. കൊല്ലാൻവേണ്ടിമാത്രം ഞാൻ എന്ത് തെറ്റുചെയ്തു...? സമൂഹത്തിലെ പിന്നാക്കംനിൽക്കുന്ന വിഭാഗത്തിലെ ഏറ്റവും നിസ്വനായ ഒരു മനുഷ്യന്റെ അവസാനചോദ്യത്തിന് നാലുവർഷമായിട്ടും ചെവികൊടുക്കാൻ ഭരണകൂടത്തിനും അതിന്റെ സ്ഥാപനങ്ങൾക്കും ഇനിയും നേരമായില്ല എന്നറിയുമ്പോഴാണ് നാം തിരഞ്ഞെടുത്ത ഈ സംവിധാനങ്ങൾ എത്ര പൊള്ളയായ വാഗ്ദാനങ്ങളിലാണ് പടുത്തുയർത്തിയിരിക്കുന്നത് എന്നും നാം മധുവിനെ മറന്നുപോയി എന്നും പൊതുസമൂഹം തിരിച്ചറിയുന്നത്.

6/11

Photograph:

(Photo: madhuraj)

മണ്ണാർക്കാട്ടുള്ള പ്രത്യേക കോടതി (പട്ടിക ജാതി-വർഗ വിഭാഗങ്ങളോടുള്ള അതിക്രമക്കേസുകൾ പരിഗണിക്കുന്ന) കഴിഞ്ഞ ജനുവരി 25-ന് മധുവിന്റെ കേസ് വിളിക്കുമ്പോൾ മധുവിനുവേണ്ടി സർക്കാർ ചുമതലപ്പെടുത്തിയ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അന്നും ഹാജരുണ്ടായിരുന്നില്ല. കഴിഞ്ഞ നവംബറിൽ ഇതേകാരണത്താൽ കേസ് മാറ്റിവെക്കുകയായിരുന്നു. കേരള മനസ്സാക്ഷിയെ ഇളക്കിമറിച്ച ഏറെ സാമൂഹികപ്രധാന്യമുള്ള ഒരു കേസിനോടാണ് ഈ അലംഭാവം എന്നത് അവഗണനയുടെ ആഴം വർധിപ്പിക്കുന്നു. ''ഈ കേസിന്റെ സാമൂഹികപ്രാധാന്യം നോക്കുമ്പോൾ എന്നോ വിധിപറയേണ്ടതാണ്'' -അഭിഭാഷകനും സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ അഡ്വ. എം.എസ്. സജി പറയുന്നു. ''സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യംകൊണ്ട് രണ്ടു കേസുകളാണ് കേരളചരിത്രത്തിൽ വളരെ പ്രധാനപ്പെട്ടതായി ഞാൻ കാണുന്നത്. ആദ്യത്തേത് പഴയ രാജൻ കേസ്. രാജന് ചോദിക്കാനും പറയാനും ശക്തമായ സാമൂഹികപശ്ചാത്തലവും കോളേജ് പ്രൊഫസറായ അച്ഛനുമുണ്ടായിരുന്നു. എഴുപതുകളിലെ പ്രബുദ്ധമായ ഒരു കാമ്പസും അടിയന്തരാവസ്ഥയ്‌ക്കെതിരായ ഒരു രാഷ്ട്രീയമനസ്സും ഉണ്ടായിരുന്നു.

7/11

Photograph:

(Photo: madhuraj)

അതിലും പ്രധാനപ്പെട്ടതാണ് മധുവിന്റെ കേസ്''. -സജി തുടർന്നു. സുപ്രീംകോടതി - ഹൈക്കോടതി അഭിഭാഷകൻ കാളീശ്വരം രാജിന്റെ വാക്കുകൾ ഇങ്ങനെ: ''രാജൻ കേസിൽ ഒരു mystery ഉണ്ടായിരുന്നു. എന്നാൽ, മധുവിന്റെ കാര്യത്തിൽ അതില്ല. നമ്മുടെ കൺമുന്നിൽ നടന്നതുപോലെ വ്യക്തതയുള്ളതാണത്. സാധാരണ ഇങ്ങനെയൊരു കുറ്റകൃത്യം നടന്നുകഴിഞ്ഞാൽ ഉണ്ടാകേണ്ടിയിരുന്ന ഒരു ജാഗ്രത ഈ കേസ് നടത്തുന്നകാര്യത്തിൽ ഇവിടെ ഉണ്ടായില്ല. ഭരണകൂടവും അതിന്റെ ഭാഗമായ പോലീസ് അടക്കമുള്ള അന്വേഷണസ്ഥാപനങ്ങളും ഒരു പരിധിവരെ സിവിൽ സമൂഹവും ഇതിൽ ഉത്തരവാദികളാണ്. കാരണം ഇതിനെപ്പറ്റി അറിവുള്ളവർ ആദ്യഘട്ടത്തിൽ ഇതിൽ ഒന്നും ചെയ്തില്ല.''. കേസ് ഇത്ര വൈകിയതിനെപ്പറ്റി മധുവിന്റെ അമ്മ മല്ലിയുടെ വാക്കുകൾ കേൾക്കൂ: ''കേസിനെപ്പറ്റി ആരും ഒന്നും ഞങ്ങളോട് മിണ്ടിയില്ല. 'കേസ് അടുത്തമാസം വിളിക്കാം, അടുത്തമാസം വിളിക്കാം' - അവിടെയും ഇവിടെയും ചോദിക്കുമ്പോ അവര് അങ്ങിനെയാ പറയുവ. അങ്ങിനെ കുറെ കാലം പോയി. പിന്നെ ഹൈക്കോടതീപ്പോയി.

8/11

Photograph:

(Photo: madhuraj)

ഇവിടത്തെ കോടതിക്ക് (മണ്ണാർക്കാട്) പോയി. പക്ഷെ ഞങ്ങക്ക്് ആരും ഒരു വിലയും തന്നില്ല. അവിടെപ്പോ യി എന്താ എന്ന് തേടിയാലല്ലേ അറിയൂ. ഞങ്ങക്ക്്് തെരയാനോ പിടിക്കാനോ ആരും ഇല്ല. ഈ അമ്മയും മോളും മാത്രം അവിടെയും ഇവിടെയും തേടി നടക്കും. ഇവൾക്ക് (മകൾ സരസുവിന്) രണ്ട് കുട്ടികളാണ്. കുട്ടികളെയും എടുത്ത് ഈ വെയിലത്ത് എവിടെയും പോകാൻ പറ്റില്ല. എനിക്കും പറ്റില്ല. ഓർക്കുമ്പോ മനസ്സ് വെള്ളം തിളയ്ക്കുംപോലെ തിളയ്ക്കും. എവിടെയെങ്കിലും പോയി കുറച്ച് അറിവ് കിട്ടിയാൽ തന്നെ മനസ്സിൽ കുറച്ച് സമാധാനം ഉണ്ടാകും.'' -മകന്റെ മരണത്തിൽ തപിക്കുന്ന മനസ്സുമായി ഉഴലുന്ന ഒരമ്മയുടെ തീച്ചൂടുള്ള വാക്കുകൾ. മണ്ണാർക്കാട് കോടതിയുടെ പരാമർശത്തിനുശേഷം പല വ്യക്തികളും സംഘടനകളും മധുവിന്റെ വീട്ടിലെത്തി നിയമസഹായം വാഗ്ദാനംചെയ്തിരുന്നു.

9/11

Photograph:

(Photo: madhuraj)

ഇതിൽ വാർത്താപ്രാധാന്യം നേടിയത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഇടപെടലായിരുന്നു. മമ്മൂട്ടിയുടെ അഭിഭാഷകൻ വി. നന്ദകുമാറിനുമുന്നിൽ സങ്കടങ്ങൾ പറയുമ്പോൾ മധുവിന്റെ സഹോദരി സരസുവിന്റെ വാക്കുകൾ കണ്ണീരിൽക്കുതിർന്നു. ആ പറച്ചിലിൽ ചെറുപ്പത്തിലേ വൈധവ്യത്തിലേക്ക് വലിച്ചെറിയപ്പെട്ട മല്ലി എന്ന പ്രാക്തനഗോത്രവർഗക്കാരിയായ ഒരു യുവതിയുടെ ജീവിതവും മൂന്ന് മക്കളോടൊപ്പം അവർ നടത്തുന്ന അതിജീവനപ്പോരാട്ടവുമുണ്ട്. മധു എന്ന ജ്യേഷ്ഠനോട് ഒരു അനുജത്തിക്കുള്ള അഗാധമായ സ്‌നേഹത്തിന്റെ സുഗന്ധമുണ്ട്. കുട്ടികൾ പറക്കമുറ്റാത്ത പ്രായത്തിലായിരുന്നു ഭർത്താവ് മല്ലന്റെ മരണം. കൈക്കുഞ്ഞുങ്ങളുമായി തനിച്ചായ മല്ലി കടുകുമണ്ണയിലുള്ള വീട്ടിൽ തിരിച്ചെത്തുന്നത് അങ്ങനെയാണ്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണത്തിൽ അവിടെ മധുവും സഹോദരിമാരും വളർന്നു. ആ കാലത്തെക്കുറിച്ച് മധുവിന്റെ അനുജത്തി സരസു ഓർക്കുന്നു. ''കടുകുമണ്ണ എന്ന സ്ഥലത്തായിരുന്നു നമ്മുടെ ചെറുപ്പകാലം. മധു അവിടെ ഉള്ളപ്പോഴും കാട്ടിനകത്തെ കൃഷിയിടമായ പഞ്ചക്കാട്ടിൽ ആയിരിക്കും. അവിടെ കുടില് വെച്ച് താമസിക്കും. ഈ അടുത്തകാലത്താണ് നമ്മള് ഇപ്പോ പാർക്കുന്ന താഴെ ചിണ്ടക്കി ഊരിൽ എത്തുന്നത്. ഈ വീട് ഇപ്പോ വന്നതാണ്. ആദ്യം ചെറിയ കുടിൽ ആയിരുന്നു. അവിടെ ?െവച്ച് (കടുകുമണ്ണ) പതിനേഴാം വയസ്സിലായിരുന്നു അവൻ ആശാരിപ്പണിക്ക് പോയത്. പാലക്കാട് നിർമിതിയിൽ. അതുവരെ നമ്മുടെ കൂടെത്തന്നെയിരുന്നു. അതിനുശേഷം വീട്ടിൽ വന്നപ്പോൾ അവന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടു. മിണ്ടാതെ വെറുതേ ഇരിക്കും, ചിരിക്കും. ആൾക്കാരുമായിട്ടും അധികം സംസാരിക്കില്ല. കൂട്ടുകൂടി നടക്കില്ല. നമ്മളിൽനിന്ന് അവൻ അകലാൻ തുടങ്ങി. കളിയും ചിരിയും ഇല്ലാണ്ടായി. പണ്ട് അങ്ങനെ അല്ലായിരന്നു. ചെറുപ്പത്തിലേ പക്ഷികളും മൃഗങ്ങളും എല്ലാം അവന് വലിയ ഇഷ്ടായിരുന്നു.കാടും.

10/11

Photograph:

(Photo: madhuraj)

അവൻ നന്നായി പാടുമായിരുന്നു. ഞങ്ങളെയും ഇടയ്ക്ക് കാട്ടിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. പക്ഷേ, ഈ മാറ്റം കണ്ടുതുടങ്ങിയപ്പോൾ ഞങ്ങൾ ചോദിച്ചു: മധു നിനക്ക് എന്താ പറ്റിയെ എന്ന്. അപ്പോ അവൻ പറയും എനിക്ക് ഒന്നും ഇല്ല. ഒരു കൊഴപ്പവും ഇല്ല. പക്ഷേ, എനിക്ക് വീട്ടിൽ നിൽക്കാൻ തോന്നുന്നില്ല. അങ്ങനെ പുഴയിൽപ്പോയി താമസിക്കാൻ തുടങ്ങി. ആളുകൾ പുഴയിൽ (ഭവാനിപ്പുഴ) പോകുമ്പോൾ മധുവിനെ കാണും. സംസാരിക്കും. അപ്പോൾ അവന്റെ കൈയിലുള്ളത് എല്ലാം അവൻ നാട്ടുകാർക്ക് കൊടുക്കും. ചായയും അവിടെ?െവച്ച് അവൻ ഉണ്ടാക്കുന്ന ഭക്ഷണവും എല്ലാം... അവർ അത് കുടിച്ച് നമ്മളോടുവന്ന് ആ കാര്യം പറയും. നാട്ടുകാർ വീണ്ടും അടുക്കുന്നു എന്ന് തോന്നിയപ്പോ അവിടെനിന്ന് അവൻ അകലാൻ തുടങ്ങി. ഇച്ചിരി മോളിലേക്ക് കയറി കാട്ടിനകത്തേക്ക്... അവിടെ ഭക്ഷണം ?െവച്ച് കഴിക്കും. അവിടേക്കും ആള് എത്തിയപ്പോൾ വീണ്ടും മാറും. അങ്ങനെ അങ്ങനെ പോയി അവസാനം അജ്ജ്മുടി എന്ന സ്ഥലത്തിന് താഴെയുള്ള ആ ഗുഹയിൽ എത്തി. അവിടെയാണ് അവൻ അവസാനകാലം താമസിച്ചിരുന്നത്. കാട്ടിൽനിന്ന് കിട്ടുന്ന കിഴങ്ങും പഴങ്ങളും കഴിക്കും.

11/11

Photograph:

(Photo: madhuraj)

വീട്ടിൽ വരുമ്പോൾ അതൊക്കെ കൊറെയൊക്കെ ഞങ്ങൾക്കും കൊണ്ടുത്തരുമായിരുന്നു. പിന്നെ അവിടെനിന്ന് കിട്ടുന്ന വനവിഭവങ്ങൾ, ഇവിടെ സൊസൈറ്റി ഉണ്ട്. അവിടെ വിറ്റിട്ട് സാധനങ്ങൾ വാങ്ങിപ്പോകും. ഇല്ലെങ്കിൽ ഇവിടെ അനിയന്മാരുണ്ട്. അവരെ വിളിച്ചിട്ട് ഇത് കൊണ്ടുപോയി കൊടുത്തിട്ട് വാ എന്ന് പറയും. അല്ലെങ്കിൽ അവർക്ക് ലിസ്റ്റ് കൊടുക്കും. അവർ വാങ്ങിക്കൊണ്ടുവരുന്ന സാധനങ്ങൾ എടുത്തുകൊണ്ട് അവൻ പോകും. എന്തേലും ഇല്ലെങ്കിൽ വീട്ടിൽ വരും. ഞങ്ങളോട് ചോദിച്ചാൽ ഞങ്ങൾ പറയും അതും എടുത്ത് എന്തിനാ അവിടേക്കൊക്കെ കൊണ്ടോന്ന്. ഇതൊക്കെ കഴിച്ച് ഇവിടെത്തന്നെ ഇരുന്നാൽ പോരേ എന്ന്. അ?േപ്പാൾ അവൻ പറയും. അതൊന്നും പറ്റില്ല. നിങ്ങൾ തരുന്നുണ്ടെങ്കിൽ താ എന്ന്. പിന്നെ നമുക്ക് കൊടുക്കാതിരിക്കാൻ നിവർത്തിയില്ല. കൊടുത്താലും ഇല്ലേലും അവൻ ഇവിടെ നിൽക്കില്ല. ഇവിടെനിന്ന് വിട്ടുപോകും. അവിടെ കിടന്ന് പട്ടിണി കിടക്കണ്ട എന്ന് കരുതി ഞങ്ങൾ വാങ്ങി?െവച്ച സാധനങ്ങൾ എടുത്തുകൊടുക്കും. ഇവിടെ നിക്ക് എന്ന് പറഞ്ഞ് അവനെ നമ്മള് ഒരുപാട് ഓടിച്ച് പിടിക്കാൻ നോക്കീറ്റുണ്ട്. അപ്പോഴും അവൻ പറയും നിങ്ങൾ എത്ര ശ്രമിച്ചാലും ഞാൻ ഇവിടെ നിക്കില്ല എന്ന്. അവിടെ അവൻ ആനേനെ കണ്ടിട്ടുണ്ട്. പുലീനെ കണ്ടിട്ടുണ്ട്. അങ്ങനെ ഒരുപാട് ജീവികൾ അവന്റെകൂടെ കൂടീട്ടുണ്ട്. അവയൊന്നും അവനെ ഒന്നും ചെയ്തില്ല സർ, പക്ഷേ... അവർ അർധോക്തിയിൽ പറഞ്ഞുനിർത്തി. അവൻ അതിനെക്കുറിച്ചൊക്കെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അപ്പോഴും നമ്മൾ പറയും ആനയുടെ മുന്നിലൊന്നും പോയിച്ചാടല്ലേ എന്ന്... അവൻ നമ്മളെവിട്ട് പോയപ്പോൾ അവന്റെ കൈയിൽ ഒരു ബാഗുണ്ടായിരുന്നു. അത് തുറന്നപ്പോൾ അതിൽ ആകെ ഉണ്ടായിരുന്നത് ഇത് മാത്രമായിരുന്നു...'' അമ്മ മല്ലിയും അനുജത്തിമാരും മധുവും ഒന്നിച്ചിരിക്കുന്ന ഒരു കുടുംബഫോട്ടോ. അത് കാട്ടുമ്പോൾ സരസുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആ കാഴ്ചയ്ക്കുമുന്നിൽ വാക്കുകളില്ലാതെ നിശ്ശബ്ദരായി ഞങ്ങൾ നിന്നു.

Content Highlights: Attapady Photos

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Tamannaah

22

ബോളിവുഡ് താരം തമന്ന കൊല്ലത്ത്‌ എത്തിയപ്പോൾ

Aug 7, 2023


attukal pongala

52

ഭക്തിസാന്ദ്രമായി അനന്തപുരി| ആറ്റുകാല്‍ പൊങ്കാല ചിത്രങ്ങള്‍

Mar 7, 2023


kodu_12.jpg

14

ഉറഞ്ഞുതുള്ളി കോമരങ്ങൾ - കൊടുങ്ങല്ലൂര്‍ ഭരണികാഴ്ചകള്‍

Mar 17, 2021


Most Commented