ചങ്കുറപ്പുണ്ടെങ്കില്‍ കാണാം; ചന്തമുള്ള ഈ സ്ഥലങ്ങള്‍

അത്ഭുതങ്ങളും തേടിയിറങ്ങുന്ന യാത്രികര്‍ക്ക് മനസ്സുനിറയ്ക്കുന്ന അനുഭവങ്ങളൊരുക്കുന്ന എണ്ണമറ്റ ഇടങ്ങള്‍ ഭൂമിയിലുണ്ട്. എന്നാല്‍ സൗന്ദര്യങ്ങളും അത്ഭുതങ്ങളും മാത്രമല്ലല്ലോ മനുഷ്യനെ ആകര്‍ഷിക്കുന്നത്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്നതിന്റെ അനിര്‍വചനീയ സുഖംതേടി ലോകസഞ്ചാരത്തിനിറങ്ങുന്നവരും ലോകത്ത് കുറവല്ല...  ഇതാ സാഹസികരായ സഞ്ചാരികള്‍ക്കായി പ്രപഞ്ചമൊരുക്കിയ പത്ത് സ്ഥലങ്ങള്‍. 

കടപ്പാട്: ഫ്രോപ്കി

 

Earth-1.jpg

എല്‍ കാമിനിറ്റോ ഡെല്‍ റേ, സ്‌പെയിന്‍: 

'രാജാവിന്റെ ഒറ്റയടിപ്പാത' എന്നും അറിയപ്പെടുന്ന ഈ ദുര്‍ഘടപാതയിലൂടെയുളള യാത്ര സാഹസപ്രിയര്‍ക്ക് അവിസ്മരണീയ അനുഭവമാണ്. ചെങ്കുത്തായ മലയുടെ അരികില്‍ കൊത്തിയെടുത്ത ഭാഗികമായ കൊച്ചു വഴിയിലൂടെയുള്ള യാത്ര നല്ല മനക്കട്ടിയുള്ളവര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. 1905ല്‍ ആണ് ഈ സഞ്ചാരപാത നിര്‍മിച്ചത്. അതിനു ശേഷം ഇന്നുവരെ ഈ പാതയില്‍ ഒരുതരത്തിലുമുള്ള അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല എന്നത് സാഹസികതയുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. 

Earth-2.jpg

'സിജു' കേവ്‌സ്, മേഘാലയ:

മേഘാലയയിലുള്ള സിജു ഗുഹകള്‍, ചുണ്ണാമ്പുകല്ലിനാല്‍ പ്രകൃതി നിര്‍മിച്ച സ്വാഭാവിക ഗുഹകളാണ്. രണ്ട് മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തില്‍കൂടി കടന്നുവേണം ഗുഹകളിലെത്താന്‍. നിരവധി ഇടുക്കുകളോടു കൂടിയ ചുണ്ണാമ്പു പാറകളാല്‍ നിറഞ്ഞ ഗുഹയ്ക്കുള്ളിലെത്തിയാല്‍ വിസ്മയവും ഭയവും നമ്മെ വന്നുമൂടും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ ഗുഹകളിലൊന്നാണ് ഇത്. ഗുഹയ്ക്കുള്ളിലൂടെ ഒഴുകുന്ന നദി അത്ഭുതത്തിന്റെ മറ്റൊരു കലവറയാണ്.

Earth-3.jpg

ഹയാന പിച്ചു, പെറു:
അതി ദുഷ്‌കരമായ പാതയിലൂടെ സഞ്ചരിച്ചെത്തേണ്ട പര്‍വതമാണ്‌ ഹയാന പിച്ചു. ഇടുങ്ങിയതും ചെങ്കുത്തുമായ പാതയും ഉയര്‍ന്ന ആള്‍ട്ടിറ്റിയൂഡും യാത്രികന്റെ ധൈര്യവും ശക്തിയും ചോര്‍ത്താനിടയുണ്ട്. എന്നാല്‍, പ്രത്യേക ഉപകരണങ്ങളൊന്നും ഇല്ലാതെ കൈയും കാലും ഉപയോഗിച്ച് പിടിച്ചു കയറാനാവുന്ന പര്‍വത ശിഖരങ്ങളാണിവിടുത്തേത്. ചിലയിടങ്ങളില്‍ ചവിട്ടിക്കയറാനുള്ള കല്‍പ്പടവുകളുമുണ്ട്. പര്‍വതത്തിന്റെ മുകളിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കല്ലില്‍ തുരന്നെടുത്ത തുരങ്കങ്ങളിലൂടെയും കടന്നുപോകണം. പുരാതന നഗരമായ മാച്ചുപിച്ചുവിന്റെ അതിഗംഭീരമായ കാഴ്ചയാണ് മലമുകളിലെത്തിയാല്‍ സഞ്ചാരിയെ കാത്തിരിക്കുന്നത്.

Earth-4.jpg

സുസ്സൈനി തൂക്കുപാലം, പാകിസ്താന്‍:

വടക്കന്‍ പാകിസ്താനിലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യയിലുള്ള ഈ പാലം, ബോറിത് തടാകത്തിനു മുകളിലാണ്‌ നിര്‍മിച്ചിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞതും പലകകളില്‍ പലതും ഇളകിപ്പോയതുമായ  ഈ പാലത്തിലൂടെ അക്കരെയത്തുക എന്നത് നല്ല മനസ്സാന്നിധ്യം ആവശ്യമുള്ള കാര്യമാണ്. വീശിയടിക്കുന്ന ശക്തിയേറിയ കാറ്റും പാലത്തിന്റെ ദൈര്‍ഘ്യവും യാത്രികന് വെല്ലുവിളിയായി മുന്നിലുണ്ട്. തകര്‍ന്ന നിലയിലുള്ള പാലത്തിന്റെ കാഴ്ചതന്നെ സഞ്ചാരിയുടെ നെഞ്ചിടിപ്പ് കൂട്ടും. അതീവ അപകടകരമാണെന്ന് തോന്നിക്കുമെങ്കിലും അത്രയൊന്നും അപകടകരമല്ല ഈ പാലം എന്നതാണ് സത്യം.

Earth-5.jpg

മോണ്ട് ബ്ലാങ്ക് ബോക്‌സ്, ഫ്രാന്‍സ്:

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ മോണ്ട് ബ്ലാങ്കിന് മുകളില്‍, വെളിയിലേയ്ക്ക് തള്ളി സ്ഥാപിച്ചിരിക്കുന്ന ഒരു ചില്ല് പെട്ടിയാണിത്. 12,604 അടി ഉയരത്തില്‍, പര്‍വത ശൃംഗത്തില്‍ ഉറപ്പിച്ചിരിക്കുന്ന ഈ ചില്ലു പെട്ടിക്കുള്ളില്‍ കയറിയാല്‍ 360 ഡിഗ്രിയില്‍ ചുറ്റുപാടുള്ള കാഴ്ചകള്‍ കാണാം; അതിനുള്ള ചങ്കൂറ്റമുണ്ടെങ്കില്‍! കാലിനടിയിലെ ഒരു ചില്ലുപാളിയും അതിനടിയിലെ 12,604 അടി താഴ്ചയും ചിലപ്പോള്‍ നമ്മുടെ മനസ്സിനെ തകിടംമറിച്ചേക്കാം. 

Earth-6.jpg

മൗണ്ട് ഹുവാഷാന്‍, ചൈന:

ഹ്യുവായിന്‍ നഗരത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഈ പര്‍വതം, പ്രകൃതിയുടെ ദുര്‍ഘടസൗന്ദര്യം കൊണ്ട് പ്രസിദ്ധമാണ്. ചെങ്കുത്തായതും അപകടകരവുമായ മലയുടെ അരികുകളില്‍ ഉറപ്പിച്ചിരിക്കുന്ന പലകയിലൂടെ വേണം സഞ്ചാരികള്‍ക്ക് സഞ്ചരിക്കാന്‍. അഞ്ച് ശൃംഗങ്ങളാണ് ഈ പര്‍വതത്തിനുള്ളത്. ഓരോന്നും സവിശേഷമായ അനുഭവങ്ങള്‍ക്കൊണ്ട് സമ്പന്നമാണ്. താവോസിസ്റ്റുകളുടെ നിരവധി അമ്പലങ്ങളും ഈ പര്‍വ്വതത്തിലുണ്ട്. ഒരേസമയം, സൗന്ദര്യവും സാഹസികതയും അധ്യാത്മികതയുമെല്ലാം സമ്മേളിക്കുന്ന ഒരു ഇടമാണ് മൗണ്ട് ഹുവാഷാന്‍. 

Earth-7.jpg

ട്രിഫ്റ്റ് സസ്‌പെന്‍ഷന്‍ ബ്രിഡ്ജ്, സ്വിറ്റ്‌സര്‍ലന്‍ഡ്:

സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വതനിരയിലുള്ള ഈ തൂക്കുപാലത്തിന് 100 മീറ്റര്‍ ഉയരവും 170 മീറ്റര്‍ നീളവുമുണ്ട്. ട്രിഫ്റ്റ് ഗ്ലേസിയര്‍ മേഖലയില്‍ രണ്ട് മലകള്‍ക്കിടയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഈ പാലം, സാഹസിക പ്രിയര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കേബിള്‍ കാറിലാണ് പാലംവരെ എത്തിച്ചേരേണ്ടത്. തൂക്കുപാലത്തിലൂടെയുള്ള യാത്രയില്‍ ദൂരെയുള്ള തടാകത്തിന്റെ കാഴ്ച മനോഹരമാണ്. 

Earth-8.jpg

ഭഗ്ടല്‍ ആശ്രമം, ലഡാക്ക്:

ലഡാക്കിലെ സന്‍സ്‌കാര്‍ പ്രദേശത്ത് ലങ്‌നാക് നദിയുടെ സമീപത്തുള്ള ചെങ്കല്‍ മലയിലാണ് ഭഗ്ടല്‍ ആശ്രമം സ്ഥിതിചെയ്യുന്നത്. മണ്ണും മരവും മാത്രം ഉപയോഗിച്ചാണ് ഈ ആശ്രമ സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. ചെങ്കുത്തായ മല കയറിവേണം ഇവിടെയെത്തുവാന്‍. ദൂരെനിന്നു നോക്കിയാല്‍ തേന്‍കൂട് പോലെ തോന്നിക്കും ഈ ആശ്രമള്‍. ഉയരക്കൂടുതലും ഭക്ഷണ ലഭ്യതക്കുറവും ഈ മലമുകളിലേയ്ക്കുള്ള യാത്ര അല്‍പം ദുഷ്‌കരമാക്കുന്നു.

Earth-9.jpg

ട്രോള്‍ടംഗ, നോര്‍വെ:

സമുദ്രനിരപ്പില്‍നിന്ന് 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പര്‍വതത്തിന്റെ മുകളില്‍നിന്നുള്ള കാഴ്ച അതീവ ഹൃദ്യമാണ്. ജൂണ്‍ മധ്യത്തിലാണ് ഈ പര്‍വത ശൃംഗത്തിലേയ്ക്കുള്ള യാത്ര സാധ്യമാകുക. മണ്‍തിട്ടകളും പാറകളും നിറഞ്ഞ പാതയിലൂടെയുള്ള യാത്ര അതീവ ദുഷ്‌കരവുമാണ്. മലയുടെ ഉയരത്തില്‍ നിന്നുകൊണ്ടുള്ള കാഴ്ച നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കും.

Earth-10.jpg

ഡെവിള്‍സ് പൂള്‍, സാംബിയ:

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ ജലപാതത്തിനു സമീപത്തുള്ള ഈ കുളം വളരെ അപകടംപിടിച്ചതാണ്. പ്രകൃതിനിര്‍മിതമായ ഈ കുളത്തിലൂടെ ഒഴുകിയാണ് നദി ചെങ്കുത്തായ താഴ്ചയിലേയ്ക്ക് പതിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ കൂടുതല്‍ വ്യക്തമായ കാഴ്ച ലഭിക്കാനുള്ള ശ്രമത്തിനിടയില്‍ ഇവിടെ നിരവധി യാത്രികരുടെ ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. എന്നാല്‍ അതൊന്നും സാഹസികരായ സഞ്ചാരികളുടെ ഇവിടേയ്ക്കുള്ള ഒഴുക്കിനെ ബാധിച്ചിട്ടില്ല. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.