മങ്ങാതെ മായാതെ ചില കാഴ്ചകള്‍- മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയത്‌

മറക്കാനാവാത്ത കാഴ്ചകള്‍ ഒപ്പിയെടുക്കുന്നത്  ഫോട്ടോഗ്രാഫറുടെ ക്യാമറ മാത്രമല്ല മനസും കൂടിയാണെന്ന് മനോഹരമായ ഓരോ ഫോട്ടോയും നമ്മെ ഓര്‍മപ്പെടുത്തുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്നു. അത്തരത്തിലുള്ള ചില ക്ലിക്കുകള്‍ മുന്നിലെത്തിക്കുന്നത് നാം കാണാത്ത ചില വിസ്മയ നിമിഷങ്ങളെയാണ്.

2017-ല്‍ മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ, അവര്‍ തന്നെ തിരഞ്ഞെടുത്ത പല കാഴ്ചകള്‍.

pai

ജീവന്റെ ഓരോ തുള്ളിയും... മഴക്കാലം കഴിഞ്ഞാല്‍ തുടങ്ങും കുടിവെള്ള ക്ഷാമം. പ്രകൃതിയുടെ ജലസംഭരണികളായ കുന്നുകളില്‍ ശേഖരിക്കപ്പെട്ട വെള്ളം തുരങ്കങ്ങള്‍ (സുരങ്ക) കൊത്തിയെടുത്ത്  അടിവാരങ്ങളിലെ മനുഷ്യര്‍ക്ക് കുടിവെള്ളമാക്കുകയാണ് ഇവിടെ.  കുന്നിനുള്ളില്‍ നൂറു മീറ്റര്‍ അകലെ മെഴുകുതിരിയുടെ ബലത്തില്‍ കാസര്‍കോട് കുണ്ടം കുഴിയിലെ കുഞ്ഞമ്പു തന്റെ പിക്കാസുപയോഗിച്ച് തുറക്കുകയാണ് ഓരോ നീരുറവയും.  ഫോട്ടോ: എന്‍.രാമനാഥ് പൈ. 

 

binoj

സ്വര്‍ണ്ണച്ചാട്ടം...വിജയവാഡയില്‍ നടന്ന നാഷണല്‍ ജൂനിയര്‍ അത്‌ലറ്റിക്‌സിലെ ലോങ്ജമ്പില്‍ പ്രഭാവതി സ്വര്‍ണം നേടുന്നു. ഫോട്ടോ:  പി.പി. ബിനോജ്.

 

ajith

കാലടിപ്പാടുകള്‍... വികസനത്തിന്റെ പേരിലും യന്ത്രവല്‍ക്കരണത്തിന്റെ അതിപ്രസരത്തിലും മലയാളി മണ്ണിനെ മറന്നപ്പോള്‍ ശേഷിച്ച പച്ചപ്പുകളും കണ്‍മറഞ്ഞ് തുടങ്ങി. പുതുതലമുറയ്ക്ക് കൗതുകമുണര്‍ത്തി മണ്ണിനെയും മനുഷ്യനെയും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന തമിഴ് കാര്‍ഷിക മേഖലയുടെ തെങ്കാശിയില്‍ നിന്നുള്ള നേര്‍ചിത്രം.  ഫോട്ടോ: അജിത് പനച്ചിക്കല്‍.

 

philip

ഓഖി ചുഴലിക്കാറ്റില്‍ കടല്‍ പ്രക്ഷുബ്ദമായതിനെ തുടര്‍ന്ന് ഹാര്‍ബറില്‍ ബോട്ട് അടുപ്പിക്കാന്‍ കഷ്ടപ്പെടുന്ന തൊഴിലാളികള്‍. ഫോട്ടോ: ജെ.ഫിലിപ്പ്. 

 

unni

തൊട്ടു തൊട്ടില്ല... സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ശ്രീകൃഷ്ണവേഷം കെട്ടിയ കുട്ടികള്‍ക്കൊപ്പം കുശലം പങ്കിടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണന്‍.

 

sree

കണ്ണേ മടങ്ങാതെ... നഗരം കാണാനിറങ്ങിയ കൂട്ടുകാരായ കുരങ്ങന്മാരില്‍ ഒരാള്‍ തിരുവനന്തപുരം പേട്ട കാഞ്ഞിരംവിളാകം ക്ഷേത്രത്തിന് സമീപം റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ  വാഹനാപകടത്തില്‍ പെട്ട് ചത്തു. ചത്ത കുരങ്ങനരികില്‍ സങ്കടത്തോടെ നോക്കിയിരിക്കുകയാണ് കൂട്ടുകാരന്‍. വാഹനം ഓടിക്കുന്നവരുടെ ഒരല്പം ശ്രദ്ധ മതിയായിരുന്നു ഈ കൂട്ടുകാര്‍ക്ക് കൂട്ടുകാരായി തന്നെ ഇരിക്കാന്‍. ഫോട്ടോ: എസ്. ശ്രീകേഷ്. 

 

ridhin

മഴത്തണുപ്പേറ്റ്... മൂന്നു ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ ഓരം പറ്റിക്കിടന്ന ചെറുജീവികള്‍ മഴയുടെ കടുപ്പം മാറിയപ്പോള്‍ പുറത്തിറങ്ങിത്തുടങ്ങിയപ്പോള്‍. മഴത്തുള്ളിത്തണുപ്പില്‍ ഇരയെ കാത്തിരിക്കുന്ന ചിലന്തി. ഫോട്ടോ: റിദിന്‍ ദാമു. 

 

gireesh

മിഴിച്ചുവപ്പിന്റെ നേര്... കഥകളിനടന്റെ ചുവന്ന കണ്ണില്‍ വിരിയുന്ന ഭാവങ്ങള്‍ ആസ്വാദകര്‍ക്ക് കൗതുകമാണ്. നനച്ച ചുണ്ടപ്പൂവ് കൈയിലിട്ട് ഞരടി കണ്‍പോളകള്‍ക്കിടയില്‍വച്ച് കണ്ണ് വട്ടത്തില്‍ ചലിപ്പിക്കുമ്പോള്‍ വെള്ളനിറം മാറും. രാവേറെ നീളുന്ന 'കളി'ക്കായി  മുഖത്തണിഞ്ഞ ഏതുവര്‍ണത്തിനും ചേരുന്ന രീതിയില്‍ കണ്ണ് ചുവപ്പണിയും. ഇത് വേഷത്തിന് അഴകും മിഴിവുമേകും. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ 'കളി' കഴിഞ്ഞ് വേഷമഴിക്കുന്ന കലാകാരന്‍ കണ്ണിലെ ചുണ്ടപ്പൂവ് എടുത്തുമാറ്റുന്നു. ഫോട്ടോ: സി.ആര്‍.ഗിരീഷ്‌കുമാര്‍.

 

pai

കിണറെടുക്കാതെ കടലമ്മ... ശക്തമായ കടലാക്രമണത്തില്‍ വീട് തകര്‍ന്ന ഉപ്പള മുസോടി അദീക കടപ്പുറത്തെ മൊയ്തീന്‍ കുഞ്ഞിയുടെ കിണര്‍ കടല്‍ ബാക്കി വെച്ച നിലയില്‍. മഴക്കാലത്ത് ഉപ്പു രസമില്ലാത്ത ശുദ്ധമായ വെള്ളം കിട്ടുന്ന കിണറായിരുന്നു ഇത്.  ഫോട്ടോ:  എന്‍.രാമനാഥ് പൈ. 

 

sabu

അഭിമാന മുഹൂര്‍ത്തം... ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ കൊളംബിയയ്‌ക്കെതിരെ ഇന്ത്യയുടെ ജേക്ക്‌സണ്‍ സിങ് ഗോള്‍ നേടുന്നു. ഫുട് ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ ഗോളായിരുന്നു അത്. ഫോട്ടോ: സാബു സ്‌കറിയ. 

 

ridhin

ആരോ വലിച്ചെറിഞ്ഞ റഫ്രിജറേറ്ററിന്റെ കവചവും ഓളത്തിന്റെ താരാട്ടുമേറ്റ് മുഴപ്പിലങ്ങാട് തീരത്ത് വിരുന്നെത്തിയ പറക്കമുറ്റാത്ത കടലാളക്കുഞ്ഞുങ്ങള്‍. ലക്ഷദ്വീപിലാണ് ഈ പക്ഷികള്‍ പൊതുവെ കൂടൊരുക്കാറുള്ളത്. ഫോട്ടോ: റിദിന്‍ ദാമു. 

 

maneesh

ബോണ്‍ നതാലെയുടെ പ്രദര്‍ശന നഗരിയിലെ മദര്‍ തെരേസയുടെ ചിത്രത്തിനുമുന്നില്‍ ഫോട്ടോയെടുക്കാനായി മുട്ടുകുത്തിനില്‍ക്കാന്‍ മാര്‍ ഔഗിന്‍ എപ്പിസ്‌കോപ്പയോട് ആവശ്യപ്പെടുന്ന ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അങ്ങിനെ ചെയ്യുന്ന മാര്‍ ഔഗിനാണ് രണ്ടാമത്തെ ചിത്രത്തില്‍.  ഫോട്ടോ: മനീഷ് ചേമഞ്ചേരി.

 

siva

ഓരോ ദിനവും ആരംഭിക്കുന്നതും അവസാനിക്കുന്നതും സുന്ദരമായാണ്. ഡല്‍ഹി ഇന്ത്യാഗേറ്റില്‍ നിന്ന് ഒരസ്തമയദൃശ്യം.   ഫോട്ടോ: ജി.ശിവപ്രസാദ്. 

 

sree

ഇടതുപക്ഷ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: എസ്. ശ്രീകേഷ്.

 

gireesh

പെറ്റമ്മയെപ്പോലെ കാടിനേയും  കാക്കണമെന്ന്  എന്നാണ്  നാം തിരിച്ചറിയുക. വനമൊന്നും  വലിയകാര്യമല്ല  എന്നു  പ്രഖ്യാപിക്കുന്ന ഭരണാധികാരികള്‍ നാട് വാഴുന്ന കാലത്ത്  ഇവരെ ആരു സംരക്ഷിക്കും. പാല്‍മധുരം നുണയുന്ന  മാന്‍കിടാവ്. മസിനഗുഡിയില്‍ നിന്നുള്ള  കാനന കാഴ്ച. ഫോട്ടോ: സി.ആര്‍.ഗിരീഷ്‌കുമാര്‍.

 

praveesh

ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച് ഒരു വര്‍ഷം കൂടി മറയുന്നു. പുതുവര്‍ഷത്തിലേക്ക് എല്ലാവരും പുത്തന്‍ പ്രതീക്ഷകളുമായി ഉറ്റു നോക്കുകയാണ്. ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍. 

 

ajith

ഓച്ചിറ പടനിലത്തെ മണ്ണില്‍ വായ്ത്താരി ചൊല്ലി കരപറഞ്ഞ് അവര്‍ പരസ്പരം അങ്കംകുറിച്ചു പടവെട്ടുമ്പോള്‍ അത് ചരിത്രത്തിന്റെ പുനരാവിഷ്‌കാരമായിരുന്നു. മാസങ്ങളോളം വ്രതംനോറ്റ്  എത്തിയ വയോധികര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെയുള്ളവര്‍ എട്ടുകണ്ടത്തിലേറ്റ് മുട്ടിയപ്പോള്‍  തടിച്ച് കൂടിയ ജനാവലിക്കും അങ്കച്ചുവടുകള്‍ കണ്ട സംതൃപ്തി.  ഓച്ചിറക്കളിയുടെ ഭാഗമായി എട്ടുകണ്ടത്തില്‍ ഏറ്റുമുട്ടുന്ന പടയാളികള്‍.  ഫോട്ടോ : അജിത് പനച്ചിക്കല്‍.

 

allpy

വീണ...ജോര്‍ജ്- ആലപ്പുഴ പത്തനംതിട്ട ജില്ലകളുടെ അതിരിട്ട് ഒഴുകിയിരുന്ന വരട്ടാറിന്റെ പുനരുജ്ജീവനത്തിന് തുടക്കം കുറിച്ച് 2017 മെയ് മാസം 30 ന് നടന്ന പുഴ നടത്തത്തിനിടയില്‍ തെന്നി വീഴുന്ന  വീണാജോര്‍ജ് എം.എല്‍.എ. മന്ത്രി ടി.എം. തോമസ് ഐസക്, ഹരിത കേരളം മിഷന്‍ വൈസ് പ്രസിഡന്റ് ടി.എന്‍.സീമ, രാജു എബ്രഹാം എം.എല്‍.എ. തുടങ്ങിയവര്‍ സമീപം.  ഫോട്ടോ: സി.ബിജു.