കൊറോണ വൈറസ് ഭീഷണിയെ തുടർന്ന് ലോക് ഡൗണായതോടെ പാലക്കാട് നഗരത്തിൽ വന്ന വ്യത്യാസങ്ങൾ പലതാണ്. പകൽ സമയം വളരെ കുറച്ച് മാത്രം വാഹനങ്ങളോടുന്നതിനാൽത്തന്നെ നഗരത്തിൽ ഒരിടത്തും ഒട്ടും തന്നെ വാഹന കുരുക്കുകളില്ലാത്ത അവസ്ഥയായി.
എന്നും ജനങ്ങൾ ഒത്തു കൂടുമായിരുന്ന പൊതു സ്ഥലങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളില്ല, സമരങ്ങളില്ല. ആശുപത്രികളിലാവട്ടെ രോഗികളുടെ നീണ്ട വരികളില്ല. നിത്യോപയോഗ സാധനങ്ങൾ കിട്ടുന്ന കടകൾ വിരലിലെണ്ണാവുന്നത് മാത്രം തുറന്ന് വച്ചിരിക്കുന്നു, അതും വൈകിട്ട് 5 മണി വരെ. നഗരത്തിലെത്തുന്നവർക്കെല്ലാം മുഖാവരണം. റോഡരികിലെ മാലിന്യക്കൂമ്പാരങ്ങളും വളരെ കുറഞ്ഞിരിക്കുന്നു. ബീവറേജസ് ഔട്ട്ലറ്റിന് മുമ്പിൽ സ്ഥിരം കാണുമായിരുന്ന നീണ്ട നിരയും കാണാനില്ല. ഭക്ഷണം കിട്ടാതെ അലഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കൾക്ക് മാത്രം എങ്ങും കുറവില്ല.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങൾ സഹകരിക്കുന്നത് ഏറെ ആശ്വാസകരം. അതേ സമയം വീടുകളിലൊതുങ്ങാതെ പകലും രാത്രിയുമില്ലാതെ ജാഗ്രതയോടെയും, കരുതലോടെയും സ്വന്തം ജോലികളിൽ ഏർപ്പെടുന്നവർ മാത്രമാണ് നഗരത്തിൽ പല അവശ്യങ്ങൾക്കായി യാത്രകൾ ചെയ്യുന്നത്. കൊറോണ വൈറസ് വ്യാപിച്ചു തുടങ്ങിയപ്പോൾ മുതൽ സമൂഹ വ്യാപനം തടയാനും രോഗം പടർന്നു പിടിക്കാതിരിക്കാൻ ഊണും ഉറക്കവും കളഞ്ഞ്, ജീവൻ പോലും പണയം വച്ച് സമൂഹനന്മക്കായി ജോലി ചെയ്യുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരും, ആംബുലൻസ് ഡ്രൈവർമാരും തൊഴിൽ മേഖലയുടെ പ്രാധാന്യം കൊണ്ട് ഇത്ര ഏറെ സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നത് ഒരു പക്ഷേ ഇത് ആദ്യം.
ലോക് ഡൗണായ ശേഷം ജനങ്ങളെ നിയന്ത്രിക്കാൻ പാടുപെടുന്ന പോലീസ് വിഭാഗവും, അഗ്നി രക്ഷാ സേനാംഗങ്ങളും, അത്യാവശ്യം ഭക്ഷണമെത്തിച്ച് കൊടുക്കുന്ന ഓൺലൈൻ ഭക്ഷണവിതരണക്കാരും നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ കളക്ട്രേറ്റിന് സമീപം നിർത്തിയിട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസ്സുകളിലെ ജീവനക്കാരും, നഗരങ്ങളിൽ കഴിഞ്ഞിരുന്നവരെ താമസിപ്പിക്കുന്ന ക്യാമ്പുകളിലെ ജീവനക്കാരും മാത്രമാണ് യാത്രികരിൽ അധികവും. ചരക്ക് ലോറി ജീവനക്കാർക്കും തിരക്കില്ലാത്ത വഴിയനുഭവം ജീവിതത്തിൽ ആദ്യം. പാലക്കാട് നഗരത്തിലെ ചില രാത്രി കാഴ്ചകൾ.
എഴുത്തും ചിത്രങ്ങളും: പി.പി. രതീഷ്.
നഗരത്തിൽ കഴിഞ്ഞിരുന്നവരെ പാർപ്പിക്കുന്ന പാലക്കാട് മോയൻ മോഡൽ ഹയർ സെക്കൻററി സ്കൂളിൽ കഴിയുന്ന നഗരസഭാ ജീവനക്കാർ.
കൊറോണ വൈറസ് ഭീഷണിയിൽ ലോക് ഡൗണായതോടെ പാലക്കാട് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ദുരന്തനിവാരണ വിഭാഗത്തിലെ ക്ലാർക്ക് ദീപ ഗംഗാധരൻ ജോലി കഴിഞ്ഞ ശേഷം രാത്രി വൈകി 3 കിലോമീറ്ററപ്പുറം കൽമണ്ഡപത്തെ വീട്ടിലേക്ക് സൈക്കിളിൽ പോകുന്നു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദിവസവും രാത്രി വൈകിയാണ് ദീപയുടെ സൈക്കിൾ യാത്ര. രാത്രി റോഡ് വിജനമാണെങ്കിലും റോഡിൽ മറ്റു ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വന്നിട്ടില്ല.