കാഴ്ചകള്‍... ക്യാമറക്ലിക്കുകള്‍.. 2016-ലെ മികച്ച ചിത്രങ്ങള്‍

നിറങ്ങള്‍, ഭാവങ്ങള്‍, കാഴ്ചകള്‍... ഓരോ ചിത്രവും ഓരോ രേഖപ്പെടുത്തലാണ്. ഒരു നിമിഷത്തില്‍ മിന്നിമറയുന്ന, പിന്നെയൊരിക്കല്‍ ആവര്‍ത്തിക്കപ്പെടാത്ത ഭാവങ്ങളുടെ പകര്‍ത്തെഴുത്താണ് ഓരോ ക്യാമറ ക്ലിക്കും സമ്മാനിക്കുന്നത്. 

മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാരുടെ 2016-ലെ തിരഞ്ഞെടുത്ത ചിത്രങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ചില ചിത്രങ്ങള്‍ അവയുടെ ഭംഗികൊണ്ടാണ് തിരഞ്ഞെടുക്കപ്പെട്ടതെങ്കില്‍ മറ്റു ചിലത് അവയ്ക്ക് പിന്നിലെ വികാരവും സംഭവതുടര്‍ച്ചയുമാണ് തിരഞ്ഞെടുക്കാന്‍ കാരണമായത്.

ഫോട്ടോഗ്രാഫര്‍മാര്‍ മികച്ച കലാകാരന്മാര്‍ കൂടിയാണെന്ന് ഈ ചിത്രങ്ങള്‍ വീണ്ടും നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രകൃതി, ജീവിതം, ജീവജാലം,അനുഭവം... ഓരോ ചിത്രവും ഓരോ അനുഭവമാണ് കാഴ്ചക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നത്..

കായികോത്സവം

ടേക് ഓഫ്....ആകാശമാണ് അതിര്...സംസ്ഥാന സ്‌കൂള്‍ കായികോത്സവം പോള്‍വോള്‍ട്ട് മത്സരത്തില്‍ റെക്കോര്‍ഡ് ജേതാവിന്റെ പ്രകടനത്തിനൊപ്പം തന്നെ ആകാശത്ത് പറന്നുയര്‍ന്ന വിമാനവും. കോഴിക്കോട് സര്‍വകലാശാല മൈതാനത്തില്‍ നിന്നുള്ള കാഴ്ച. ഫോട്ടോ: ലതീഷ് പൂവത്തൂര്‍. 

 

ചേര്‍ത്തല

ഒരുമയുടെ കൂട്ട്...  ആലപ്പുഴ ചേര്‍ത്തലയില്‍ ഉഴുവ ഗവ.യു.പി.സ്‌കൂളില്‍ ഒരു പദ്ധതിയുടെ ഉത്ഘാടനചടങ്ങിനിടെ ചെറിയ കലാപരിപാടികള്‍ ഉണ്ടായിരുന്നു. അതു കാണാനായി ആകാംക്ഷയോടെ ബെഞ്ചിന് മുകളില്‍ കയറി നല്‍ക്കുന്ന കുട്ടികളാണ് ചിത്രത്തില്‍. കുഞ്ഞുനാളിലെ കൂട്ടുകാരാണ് കലര്‍പ്പില്ലാത്ത ചങ്ങാതിമാര്‍. പലപ്പോഴും ജീവിതത്തിലുടനീളം കൂട്ടാകുന്ന സഹയാത്രികര്‍.  ഔപചാരികതയുടെ  ഏച്ചുകെട്ടില്ലാതെ ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ എല്ലാ പരിമിതികളും പ്രകടിപ്പിച്ച്, പരസ്പരം കൈപിടിച്ച് നില്‍ക്കുന്ന ഈ ചങ്ങാതിമാര്‍, നമ്മെ ചിലരെയെങ്കിലും നമ്മുടെ ആ നല്ലകാലത്തെ ഓര്‍മ്മിപ്പിക്കും.  ഫോട്ടോ: സി.ബിജു.

 

മൂന്നാര്‍

കുട്ടിക്കുറുമ്പന്മാര്‍...സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മൂന്നാര്‍. മഞ്ഞും തണുപ്പും തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ മലമടക്കുകളും കൊണ്ട് മൂന്നാര്‍ സുന്ദരിയാണ്. മൂന്നാറില്‍ നിന്ന് വട്ടവടക്കുള്ള റോഡരികിലെ മാട്ടുപ്പെട്ടി ജലാശയവും പ്രകൃതി ഭംഗി നിറഞ്ഞതാണ്. ഇടക്കൊക്കെ വിരുന്നെത്തുന്ന പോലെ പുല്ല് മേയാന്‍ ഇറങ്ങുന്ന സഹ്യന്റെ മക്കള്‍ സഞ്ചാരികള്‍ക്ക് കാഴ്ചവിരുന്നൊരുക്കാറുണ്ട്. എങ്കിലും കുട്ടികളുമായെത്തുന്ന കാഴ്ച അപൂര്‍വ്വവും...ഫോട്ടോ: പി.പി.രതീഷ്.

 

പൊന്നാനി

ഈ ഉദയം പ്രകൃതിയിലേയ്ക്ക്....ഒരു മാറ്റം അനിവാര്യമത്രെ. എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ ജീവിക്കാനുള്ള ഇടവും അവകാശവും ഉണ്ട്. അതറിഞ്ഞുള്ള വികസനം പ്രകൃതിയെ കൂടുതല്‍ സുന്ദരിയാക്കുന്നു. വിനോദ സഞ്ചാരികള്‍ക്കായി നടപ്പാതയടക്കമുള്ള സൗകര്യങ്ങളൊരുക്കി കാത്തിരിക്കുന്ന പൊന്നാനി ബീയ്യം കായലില്‍നിന്നുള്ള പുലര്‍ക്കാല ദൃശ്യം.  ഫോട്ടോ: അജിത് ശങ്കരന്‍.

 

ആയിക്കര

ആയിക്കര മാപ്പിളബേ തുറമുഖം ആഴം കൂട്ടുന്നതിന്റെ ഭാഗമായി കരയ്ക്ക് കൂട്ടിയിട്ട ഉപ്പു കലര്‍ന്ന മണല്‍ കാരണം എഴുപതോളം മരങ്ങളാണ് ഇവിടെ ഉണങ്ങിപ്പോയത്. തീരത്തെത്തുന്ന കൊറ്റികള്‍ക്കും മറ്റു പറവകള്‍ക്കും ചേക്കേറാനുള്ള ഇടമാണ് ഇതോടെ ഇല്ലാതായത്. തുറമുഖത്തു നിന്ന് കോരിയിട്ട മണല്‍ മാസങ്ങളായി നീക്കാതെ കിടക്കുകയാണ്. ഫോട്ടോ: റിദിന്‍ ദാമു.

 

ചാരത്തലക്കിളികള്‍.

പക്ഷിക്കണ്ണ്... ഇന്ത്യയെ പക്ഷിനിരീക്ഷണം പഠിപ്പിച്ച സാലിം അലിയുടെ ജന്മദിനമായ നവംബര്‍ 12 ദേശീയ പക്ഷിനിരീക്ഷണ ദിനമായി ആഘോഷിക്കുന്നു.  ചാരത്തലക്കിളിപ്പക്ഷികളും സൂര്യനും ചേര്‍ന്ന് മരക്കൊമ്പില്‍ തീര്‍ത്ത 'പക്ഷിക്കണ്ണ്.' കണ്ണൂര്‍ ജില്ലയിലെ പ്രധാന പക്ഷിനിരീക്ഷണ കേന്ദ്രമായ നെല്ലിക്കുണ്ടിലെ കാഴ്ച. തണുപ്പുകാലത്ത് നമ്മുടെ നാട്ടിലെത്തുന്ന പക്ഷികളാണ് ചാരത്തലക്കിളികള്‍. 
ഫോട്ടോ: സി.സുനില്‍കുമാര്‍.

 

ശിരുവാണി

മാനം മുട്ടുന്ന അംബരചുംബികളും നക്ഷത്ര സൗകര്യമുള്ള പാര്‍പ്പിട സമുച്ചയങ്ങളും ഒരുക്കുന്ന ശീതളിമയിലേക്ക് വിനോദസഞ്ചാരം ഒതുങ്ങുകയാണ്. സ്വാഭാവിക ആവാസ വ്യവസ്ഥയെ തകിടംമറിക്കാതെ, വരും തലമുറയ്ക്കു കൂടി വേണ്ടിയുള്ളതാണ് പ്രകൃതി എന്ന ഉത്തരവാദിത്ത ബോധത്തില്‍ ഊന്നി വികസനത്തിന് സുസ്ഥിര വിനോദ സഞ്ചാരം എന്നത് വരും വര്‍ഷങ്ങളിലെ നമ്മുടെ വികസന സ്വപ്നങ്ങളില്‍ നിറയട്ടെ. ദൈവത്തിന്റെ സ്വന്തം നാടിന് പ്രകൃതി നല്‍കിയ മലകളും, മേഘങ്ങളും, പച്ചപ്പിലേക്ക് അനുഗ്രഹവര്‍ഷം ചൊരിയുന്ന സൂര്യനും ചേര്‍ന്ന് ഒരുക്കിയ വര്‍ണപ്രപഞ്ചത്തിന്റെ സൗന്ദര്യം നുകരാനെത്തിയതാണ് ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടില്‍ എത്തിയ മലയാളികള്‍. വിനോദ സഞ്ചാര ഭൂപടത്തില്‍ ഇനിയും വേണ്ടവിധം രേഖപ്പെടുത്താതെ പോയ പാലക്കാട് ജില്ലയിലെ ശിരുവാണി ഡാമിന് സമീപത്തെ കേരളമേടില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: പി.പി.ബിനോജ്.

 

പാമ്പുകള്‍

പാമ്പുകള്‍ക്കും മണ്ണിലിടമില്ലാ..... കൊല്ലം രജിസ്‌ട്രേഷന്‍ ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സമരം നടക്കുമ്പോള്‍ കോമ്പൗണ്ടിനുള്ളിലെ മരത്തില്‍ കയറിക്കൂടിയ പാമ്പ്. പലവട്ടം താഴെയിറങ്ങാന്‍ ശ്രമിച്ചെങ്കിലും സമരക്കാരെയും പോലീസിനെയും ഒക്കെ കണ്ട് മുകളില്‍ തന്നെ ഇരിപ്പുറപ്പിക്കുകയായിരുന്നു..  ഫോട്ടോ:  അജിത് പനച്ചിക്കല്‍.

 

വേഴാമ്പല്‍ക്കാഴ്ച

പ്രകൃതിയുടെ ചിറകടികള്‍...ഒരു നൂറ്റാണ്ടിനിടയില്‍ വനങ്ങളുടെ വിസ്തൃതി 40 ശതമാനം കുറഞ്ഞിട്ടുണ്ട്. ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിന്റെ അടിസ്ഥാനമായ പ്രകൃതിയെ സംരക്ഷിക്കുകയാകട്ടെ നമ്മുടെ പ്രതിജ്ഞ. ഷോളയാര്‍ വനത്തില്‍ നിന്നുള്ള വേഴാമ്പല്‍ക്കാഴ്ച. ഫോട്ടോ: ജി.ശിവപ്രസാദ്.

 

ഡല്‍ഹി

ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ സ്റ്റീപ്പിള്‍ ചേസ് മത്സരത്തില്‍ നിന്ന്. റിയോ ഒളിമ്പിക്‌സിലേക്കുള്ള കായികതാരങ്ങളെ തിരഞ്ഞടുപ്പും  ഈ കായികമത്സരത്തില്‍ നിന്നുണ്ട്. അതു കൊണ്ട് തന്നെ മികച്ച കായികതാരങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്. ഡല്‍ഹിയിലെ ജവര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന്.   ഫോട്ടോ: സാബു സ്‌കറിയ.

 

കുളിരണിഞ്ഞ കൊമ്പന്‍

കുളിരണിഞ്ഞ കൊമ്പന്‍ ....കോട്ടയം  ഇത്തിത്താനം മഹാദേവ ക്ഷേത്രത്തില്‍  ഗജമേളക്ക് കുളിച്ചൊരുങ്ങുന്ന  കൊമ്പന്‍.  ഫോട്ടോ: ഇ .വി. രാഗേഷ്.

 

കൊച്ച് തുരുത്തിലെ വിശാല ലോകം

കൊച്ച് തുരുത്തിലെ വിശാല ലോകം...വിജീഷിന്റെ പങ്കായം പിടിച്ച  കൈകളിലൂടെ പല രാജ്യങ്ങള്‍ ഈ കൊച്ച് തുരുത്തില്‍ ഒരു കുടുംബമായി മാറുന്നു.   ഗ്രാമീണതയുടെ പച്ചപ്പും നനുത്ത കായല്‍ക്കാറ്റും സഞ്ചാരികളുടെ മനം നിറക്കുമ്പോള്‍  വിനോദസഞ്ചാരത്തിലൂടെയുള്ള സുസ്ഥിര വികസനം ഊട്ടിയുറപ്പിക്കപ്പെടുന്നതിനോടൊപ്പം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ കീര്‍ത്തിയും കടല്‍ കടക്കുന്നു. ചുരുങ്ങിയ നാള്‍ കൊണ്ട് മണ്‍റോതുരുത്തിനെ ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാക്കിയ നാട്ടുകാരന്‍ വിജീഷിനൊപ്പം കാഴ്ചകള്‍ കാണാനിറങ്ങിയ ഇംഗ്‌ളണ്ട് സ്വദേശികളായ ഇസബെല്ല, അന്നബെല്‍, നതാന്‍ എന്നിവര്‍.  ഫോട്ടോ : അജിത് പനച്ചിക്കല്‍.

 

വരള്‍ച്ചയുടെ ഇരകള്‍


വരള്‍ച്ചയുടെ ഇരകള്‍...പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ ഇരകളാണ് ബാണാസുര സാഗര്‍ അണക്കെട്ടിലെ വരണ്ട അടിത്തട്ടില്‍ തൊണ്ടപൊട്ടി ചത്തൊടുങ്ങുന്ന ഈ തവളക്കൂട്ടം. പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്ന കാട്ടുമണവാട്ടി (bicolored frog) എന്ന വര്‍ഗ്ഗത്തില്‍പ്പെടുന്നവയാണിവ. കൂട്ടത്തോടെ സഞ്ചരിക്കുന്ന ഈ തവളകളെ 2006-ലാണ് ബാണാസുര സാഗറില്‍ ആദ്യം കാണുന്നത്. കടുത്ത ചൂട് താങ്ങാനാവാതെ നൂറുകണക്കിന് തവളകളാണ് ദിനംപ്രതി ചത്തുപോയത്. ആയിരക്കണക്കിനെണ്ണം തണലും തണുപ്പും തേടി കല്ലിനിടയിലും പൊത്തുകളിലും അഭയം തേടുന്ന കാഴ്ച ദയനീയമാണ്.  ഫോട്ടോ: പി.ജയേഷ്.

 

കാസര്‍കോട്

മടക്കം.... ഇനി മുട്ടയിടാന്‍....കാവുഗോളി കടപ്പുറത്ത് വിരിഞ്ഞ കടലാമക്കുഞ്ഞുങ്ങളിലൊന്നാണിത്. അമ്മ പൂഴിയില്‍ കുഴികുത്തി  മുട്ടയിട്ട് മൂടിപ്പോകും. ശത്രുക്കള്‍ കാണാതെ മുട്ട വിരിയിക്കുന്നത്  ഇപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും മേല്‍ നോട്ടത്തിലും നിര്‍ദ്ദേശത്തിലുമാണ്. കരയില്‍ പിറന്നു വീഴുന്ന കുഞ്ഞു കടലാമകള്‍  കടല്‍ കണ്ടാല്‍ പിന്നെ ആരുടെയും നിര്‍ദ്ദേശമില്ലാതെ കടലമ്മയുടെ മടിത്തട്ടിലേക്ക് യാത്രയാവും. വര്‍ഷങ്ങളേറെ കഴിഞ്ഞാലും എതു ഭൂഖണ്ഡത്തില്‍ പോയാലൂം മുട്ടയിടാറാകുമ്പോള്‍  ഈ കടപ്പുറത്ത് തന്നെ ഇത് മടങ്ങിയെത്തും.... മുട്ടയിടാന്‍... കാസര്‍കോട് നിന്നുള്ള കാഴ്ച. ഫോട്ടോ: എന്‍.രാമനാഥ് പൈ.

 

മണ്ണപ്പം ചുട്ട്

മണ്ണപ്പം ചുട്ട്... മണ്ണിനെ പ്രണയിക്കുന്ന മനുഷ്യര്‍, അതാണ് ഇടുക്കിയിലെ ജനങ്ങള്‍. കൃഷിയില്ലാത്ത ലോകത്തെ കുറിച്ച് അവര്‍ക്ക് ചിന്തിക്കാനാവില്ല. പരമ്പരാഗത കൃഷിരീതികളുo ജൈവകൃഷിയും അപൂര്‍വം ചിലര്‍ ഇപ്പോഴും പിന്‍തുടരുന്നു. പുത്തന്‍ പ്രതീക്ഷകളോടെ പാട്ടത്തിനെടുത്ത രണ്ടേക്കറോളം സ്ഥലത്ത് കപ്പ കൃഷിക്ക് വേണ്ടി മണ്ണ് ഒരുക്കുമ്പോള്‍ എത്തിയ വേനല്‍മഴയില്‍  കുതിര്‍ന്ന കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങി പോകുന്ന ചിത്രം. തൊടുപുഴയിലെ കുമാരമംഗലത്ത് നിന്ന്.  ഫോട്ടോ: പി.പി.രതീഷ്.

 

പാലക്കാട്

പ്രകൃതിയുടെ ഭംഗി അനിര്‍വചനീയമാണ്. പാലക്കാട് ചിറ്റിലഞ്ചേരിയില്‍ നിന്നുള്ള ദൃശ്യം.  ഫോട്ടോ: ഇ.എസ്.അഖില്‍.

 

ക്രൂരത

കാണൂ...ഈ  ക്രൂരത...നില്‍ക്കാന്‍  കഴിയാത്ത  കന്നുകാലിയെ  വയറിനു  അടിയിലൂടെ  കയര്‍  വരിഞ്ഞു  കെട്ടി  വാഹനത്തില്‍  തൂക്കി  ഇട്ട്  കൊണ്ട് പോകുന്നു.  ഫോട്ടോ: സാജന്‍ വി.നമ്പ്യാര്‍. 

 

തിരുവനന്തപുരം

തിരുവനന്തപുരം പത്മതീര്‍ഥക്കുളത്തില്‍ നീന്തിത്തുടിക്കുന്ന പക്ഷികള്‍. ഫോട്ടോ: എസ്.ശ്രീകേഷ്.

 

രാഹുല്‍ ഗാന്ധി.

പ്രതിഷേധ വഴിയിലൊരു ബാന്ധവം... പ്രതിപക്ഷപാര്‍ട്ടികള്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ നോട്ടു നിരോധ വിഷയത്തില്‍ കരിദിനം ആചരിക്കവേ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കൈയില്‍ കറുത്ത റിബണ്‍ കെട്ടിക്കൊടുക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 
ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍.

 

കണ്ണു നിറച്ച കാഴ്ച.

കണ്ണു നിറച്ച കാഴ്ച....റെയില്‍വേ വൈദ്യുതീകരണത്തിനും സ്റ്റേഷനരികിലെ വാഹന പാര്‍ക്കിംഗ് വികസന പ്രവര്‍ത്തനത്തിനുമായി  വെട്ടിമുറിച്ച തണല്‍മരക്കൊമ്പുകള്‍ക്കിടയിലെ കാഴ്ചയാണിത്. രാത്രിയും പകലുമെന്നില്ലാതെ പ്രകൃതിയുടെ(പക്ഷികളുടെ) കലപില ശബ്ദം ഒരു വശത്ത്. രാത്രിയില്‍ പാര്‍ക്ക് ചെയ്തിട്ട വാഹനങ്ങളില്‍ കാഷ്ഠം  നിറഞ്ഞ കാഴ്ച മറുവശത്തും. വൈദ്യുതീകരണത്തിന് ലൈനിടാന്‍ പക്ഷിക്കൂടു നിറഞ്ഞ തണല്‍ മരത്തിന്റെ  കൊമ്പുകള്‍ വെട്ടിമാറ്റിയവരോ ഉത്തരവിട്ടവരോ  ഓര്‍ത്തില്ല. പ്രകൃതി മനുഷ്യന് മാത്രമുള്ളതല്ല എന്ന്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ കാഴ്ച.  ഫോട്ടോ: എന്‍.രാമനാഥ് പൈ. 

 

പുതു മഞ്ഞിന്‍ പുലരി

പുതു മഞ്ഞിന്‍ പുലരി....പ്രതീക്ഷയുടെ പുല്‍ നാമ്പില്‍ മഞ്ഞിന്‍പുതപ്പുനീക്കി പുതിയ പുലരി പിറക്കുന്നു.  നന്‍മയും സമാധാനവും നിറഞ്ഞ പുതു വര്‍ഷത്തിലേക്ക്... ഫോട്ടോ: മനീഷ് ചേമഞ്ചേരി.

 

 

വാവു ബലി

''കര്‍ക്കടക വാവു ബലിയുടെ ചിത്രങ്ങളെടുക്കാന്‍ ചാവക്കാട് കടപ്പുറത്ത് അതിരാവിലെയെത്തി.  പ്രിയ്യപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ച എള്ളും പൂവും കടലിലൊഴുക്കുന്നവരുടെ ചിത്രങ്ങളെടുക്കുന്നതിനിടെയാണ് ഒരു സ്ത്രീയെ ശ്രദ്ധിക്കുന്നത്.  ആര്‍ത്തലച്ചുവരുന്ന തിരമാലകളില്‍ ഓര്‍മ്മകളുടെ തിലോദകമര്‍പ്പിച്ച് മുങ്ങുവാന്‍ ശ്രമിക്കുന്ന വയസ്സായ സ്ത്രീ.  അവരുടെ മുഖത്ത് അപ്പോള്‍ വിരിഞ്ഞ ഭാവങ്ങള്‍ അനിര്‍വ്വചനീയമായിരുന്നു.''   ഫോട്ടോ: മനീഷ് ചേമഞ്ചേരി.  

 

 ചെല്ലാനം

അക്ഷരമുറ്റത്തെ ആദ്യ ദിനം കുട്ടികള്‍ക്ക് വിസ്മയക്കാഴ്ചകളുടേതാണ്. ചെല്ലാനം പുത്തന്‍തോട് ജി.എച്ച്.എസില്‍ ബുധനാഴ്ച നടന്ന സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ നിന്നൊരു ദൃശ്യം. ഫോട്ടോ: ബി.മുരളീകൃഷ്ണന്‍. 

 

കൊല്ലം

ഓര്‍മയ്ക്കായി ...നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധി ഏറെ ബാധിച്ചത്  ഇതര സംസ്ഥാന തൊഴിലാളികളെയാണ്. തൊഴിലവസരങ്ങള്‍ കുറഞ്ഞതോടെ പലരും കേരളത്തിലെ 'പ്രവാസ 'ജീവിതം  അവസാനിപ്പിച്ച്  മടക്കയാത്രക്കുള്ള ഒരുക്കത്തിലാണ്. കൊല്ലം റെയില്‍വെസ്റ്റേഷനില്‍ ഗുവാഹത്തി ട്രെയിന്‍  കയറാന്‍ എത്തിയതാണ് ഈ കൊല്‍ക്കത്തക്കാരന്‍ .
മനസ്സില്‍ സൂക്ഷിക്കുന്ന കേരളത്തിലെ പച്ചപിടിച്ച ഓര്‍മയ്ക്കായി കൈയില്‍  കരുതിയതാണ്  ഈ  കുരുമുളക്  വള്ളികള്‍ ....നാട്ടില്‍  നട്ടു നനയ്ക്കാന്‍. ഫോട്ടോ: സി.ആര്‍. ഗിരീഷ് കുമാര്‍.

 

വര്‍ദ

കാറ്റില്‍ പറന്നുപോകുന്നത് തങ്ങളുടെ ജീവിതമാണെന്നവര്‍ക്കറിയാമായിരുന്നു, അതുകൊണ്ടുതന്നെ വെള്ളവും വലയും എന്തുവിലകൊടുത്തും സംരക്ഷിക്കാന്‍ ഒരുങ്ങിയിറങ്ങി. വര്‍ദ കൊടുംകാറ്റിന് കനംവച്ചുതുടങ്ങുമ്പോള്‍ കടലോരത്തു തളച്ചിട്ട തോണികള്‍ കരയിലേക്ക് വലിച്ചുകയറ്റുന്ന മത്സ്യതൊഴിലാളികള്‍. മറീനാബീച്ചില്‍ നിന്നുള്ള കാഴ്ച. ഫോട്ടോ വി.രമേഷ്.

 

കൂന്തന്‍കുളം

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലുള്ള കൂന്തന്‍കുളം ഗ്രാമത്തിലെ ദൃശ്യം. ഇവിടെ തണ്ണീര്‍ത്തടങ്ങളില്‍ എല്ലാ വര്‍ഷവും തണുപ്പുകാലത്ത് പക്ഷികള്‍ കൂട്ടമായെത്തും. കൂടുകെട്ടി മുട്ടയിടും. പറക്കമുറ്റുന്ന അടുത്ത തലമുറയുമായാണ് മടക്കം. ആരും പക്ഷികളെ ശല്യം ചെയ്യില്ല. ആരെങ്കിലും ഉപദ്രവിച്ചാല്‍ അവരുടെ തല മുണ്ഡനം ചെയ്യും. പക്ഷിപ്രേമം മൂലം ഇവിടെ ദീപാവലി ആഘോഷിക്കില്ല. പറവകള്‍ ഭാഗ്യം കൊണ്ടുവരുന്നുവെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. കൂട്ടമായെത്തിയ രാജഹംസങ്ങളാണ് ചിത്രത്തില്‍. ഫോട്ടോ: ജി.ശിവപ്രസാദ്.

 

വിഷ വര്‍ണ്ണങ്ങള്‍

വിഷ വര്‍ണ്ണങ്ങള്‍...കൊല്ലം പന്മന ചിറ്റൂരിലെ മണ്ണിനും മതിലിനും വയലിനും  പുല്ലിനും ഈ നിറമാണിപ്പോള്‍. കെ.എം.എം.എല്‍ കമ്പനി പുറത്തേക്കൊഴുക്കുന്ന ആസിഡും  രാസമാലിന്യങ്ങളും കലര്‍ന്ന വെള്ളത്തില്‍ ഒരാഴ്ച  മുങ്ങി നിന്ന കശുമാവിന്റെ  ഇലകളുടെ  നിറം മാറ്റം. വെള്ളം കുടിക്കാനാവാതെ നാട്ടുകാര്‍ കിണറുകള്‍  മൂടുന്നു. ചര്‍മ്മരോഗങ്ങള്‍ പടരുന്നു. വ്യവസായം വേണ്ടെന്നോ കമ്പനി പൂട്ടണമെന്നോ ഇവര്‍ ആവശ്യപ്പെടുന്നില്ല. ദുരിതമയമായ  ജീവിതാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നൊരപേക്ഷ മാത്രം.  ഫോട്ടോ: സി.ആര്‍.ഗിരീഷ് കുമാര്‍.

 

തൃശൂര്‍

തൃശൂര്‍ പോലീസ് അക്കാദമിയില്‍ ഡോഗ് സ്‌ക്വാഡ് പാസിങ് ഔട്ട് പരേഡില്‍ പോലീസുകാരനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്ന ഡോഗ് സ്‌ക്വാഡ് അംഗം. ഫോട്ടോ: ജെ.ഫിലിപ്പ്. 

 

വര്‍ദാ

അരണ്ടവെളിച്ചത്തില്‍ കാറ്റ് ഇരച്ചെത്തുകയായിരുന്നു. മരങ്ങള്‍ കടപുഴക്കി, കടകള്‍ പറത്തിയെറിഞ്ഞ് കാറ്റ് കാഴ്ചക്കാരന്റെ കണ്ണില്‍ ഭീതിനിറച്ചു. ജീവന്‍ മുറകെപിടിച്ചാണ് ചെന്നൈ നിവാസികള്‍ വര്‍ദയെന്ന പ്രകൃതിക്ഷോഭത്തെ നേരിട്ടത്. ഫോട്ടോ വി.രമേഷ്.

 

പത്തനംതിട്ട

പത്തനംതിട്ട മുനിസിപ്പാലിറ്റി അറവുശാലയില്‍ കശാപ്പു ചെയ്യാന്‍ കൊണ്ടുവന്ന പശു പ്രസവിച്ചപ്പോള്‍.  ഫോട്ടോ: കെ.അബൂബക്കര്‍.

 

ഷൊര്‍ണൂര്‍

കനത്ത ചൂടില്‍ റെയില്‍ പാളങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ കൈക്കുഞ്ഞുങ്ങളെ ഉറക്കാന്‍  തണലായി ആകെയുള്ളത്  സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന തീവണ്ടിയുടെ ഒരു ബോഗി മാത്രം. ബോഗിക്കിടയിലെ തണലില്‍ തൊട്ടില്‍ കെട്ടി ഉറക്കുന്ന അമ്മ. ഭീതിയോടെ ആണെങ്കിലും കുഞ്ഞിന്റെ ഉറക്കത്തിനു മുന്‍പില്‍ സ്‌നേഹമുള്ള  അമ്മയ്ക്ക് വേറെ വഴിയുണ്ടായിരുന്നുമില്ല. പാളങ്ങള്‍ ചതിക്കില്ല എന്ന വിശ്വാസത്തോടെ  കുഞ്ഞ് ഉണരുന്നതുവരെ ഈ വണ്ടിക്ക് ചുവപ്പ് വെളിച്ചം മാത്രം തെളിയാവൂ  പച്ച സിഗ്‌നല്‍ കിട്ടരുതേ എന്ന് പ്രാര്‍ത്ഥനയോടെ ആ അമ്മ. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍.