നല്ല മണവും ഗുണവുമുള്ള സാമ്പാര്‍ പൊടി വീട്ടില്‍ തന്നെയുണ്ടെങ്കില്‍ അടിപൊളി സാമ്പാര്‍ തയ്യാറാക്കാം. അല്‍പ്പം പരിശ്രമിച്ചാല്‍ നല്ല സാമ്പാര്‍ പൊടി വീട്ടില്‍ തന്നെ തയ്യാറാക്കാം. വ്യത്തിയുള്ള ഉണങ്ങിയ പാത്രത്തില്‍ അടച്ച് വെച്ചാല്‍ ഒരുപാട് കാലം ഇത് സൂക്ഷിച്ച് വെയ്ക്കാം
 
ആവശ്യമായ ചേരുവകള്‍ എണ്ണയൊഴിക്കാതെ മൂപ്പിച്ചെടുക്കുകയാണ് വേണ്ടത്. ആദ്യം വറ്റല്‍മുളക് തന്നെ മൂപ്പിക്കാം. 15 വറ്റല്‍മുളക് എടുക്കാം. മുളക് കരിഞ്ഞു പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നന്നായി മൂത്തു കഴിഞ്ഞാല്‍ ഇത് ഒരു പരന്ന പാത്രത്തിലേക്ക് മാറ്റാം. പെട്ടെന്ന് തണുക്കാന്‍ വേണ്ടിയാണ് പരന്ന പാത്രത്തിലേക്ക് മാറ്റുന്നത്. 

ഇനി കാല്‍കപ്പ് മല്ലി ഇതുപോലെ മൂപ്പിച്ചെടുക്കുക. തീ കുറച്ച് വച്ച് മൂപ്പിച്ചാല്‍ ചേരുവകള്‍ കരിഞ്ഞു പോകില്ല. കാല്‍ കപ്പ് കടലപ്പരിപ്പ്, രണ്ട് സ്പൂണ്‍ ഉഴുന്ന്, അര ടീസ്പൂണ്‍ ഉലുവ, ഒരു ടീസ്പൂണ്‍ ചെറിയ ജീരകം, രണ്ട് തണ്ട് കറിവേപ്പില എന്നിവ ഓരോന്നായി മൂപ്പിച്ചെടുക്കുക. 

ചേരുവകളെല്ലാം കൂടി ഒരുമിച്ചിട്ട് മൂപ്പിക്കുന്നത് ചിലത് കരിഞ്ഞു പോകാനും മറ്റുചിലത് നന്നായി മൂക്കാതിരിക്കാനും കാരണമാകും. എല്ലാ ചേരുവകളും മൂപ്പിച്ചു കഴിഞ്ഞാല്‍ ഇവ ഒരു പരന്ന പാത്രത്തില്‍ നിരത്തിയിട്ട് നന്നായി തണുപ്പിച്ചെടുക്കുക. ഇനി വേണം ഇത് പൊടിക്കാന്‍. 

ഇവ പൊടിക്കാനെടുക്കുമ്പോള്‍ അതിലേക്ക് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും ഒരു ടീസ്പൂണ്‍ കായപ്പൊടിയും കൂടി ചേര്‍ത്ത് പൊടിക്കുക. അല്ലെങ്കില്‍ ഇവ സാമ്പാര്‍ ഉണ്ടാക്കുമ്പോള്‍ പ്രത്യേകം ചേര്‍ത്താലും മതി. ഇത്രയുമായാല്‍ സാമ്പാര്‍പൊടി തയ്യാര്‍. 

ചിലയിടങ്ങളില്‍ ഈ ചേരുവകള്‍ക്കൊപ്പം ഒരു സ്പൂണ്‍ കടുകും ഒരു ടേബിള്‍സ്പൂണ്‍ കുരുമുളകും കൂടി മറ്റു ചേരുവകള്‍ പോലെ മൂപ്പിച്ച് അവയ്ക്കൊപ്പം പൊടിച്ചു ചേര്‍ക്കാറുണ്ട്. ഇവ കൂടിയുണ്ടെങ്കില്‍ സാമ്പാറിന് രുചിയും മണവും കൂടും. ഇവ ചേര്‍ത്തില്ലെങ്കിലും കുഴപ്പമില്ല. അപ്പൊ മനസിലായില്ലേ, സാമ്പാര്‍ പൊടിയില്‍ കടുകും ചേര്‍ക്കാറുണ്ട്. 

Content Highlights: Sambar powder recipe