അടുക്കളയിലെ ജോലി ഭാരം ഒഴിവാക്കാന്‍ അടുക്കള നുറുങ്ങുകള്‍ സഹായിക്കാറുണ്ട്. ഭക്ഷണത്തിന് രുചികൂട്ടാനും മാര്‍ദവം ലഭിക്കാനുമെല്ലാം ഈ നുറുങ്ങുകള്‍ പരീക്ഷിക്കാവുന്നതാണ്.

  • പാല്‍ കാച്ചുമ്പോള്‍ പിരിഞ്ഞുപോയാല്‍ വെള്ളം ഊറ്റിക്കളഞ്ഞശേഷം ഒരു മുട്ടയും ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. ഇത് ആവി കയറ്റിയാല്‍ രുചിയുള്ള പുഡ്ഡിങ് തയ്യാര്‍.
  • ചെറിയ അളവില്‍ ഏലക്ക പൊടിക്കുമ്പോള്‍ കുറച്ച് പഞ്ചസാരയും ചേര്‍ത്ത് പൊടിക്കുക. ഇത് മധുരപലഹാരങ്ങളില്‍ ചേര്‍ക്കാം.
  • ലഡു ബാക്കി വന്നാല്‍ ഫ്രിഡ്ജില്‍ വെച്ച് ആവശ്യാനുസരണം മൈക്രോവേവ് ഒവ്‌നില്‍ വെച്ച് 10-20 സെക്കന്റ് ചൂടാക്കിയാല്‍ പുതിയതുപോലെ തോന്നിക്കും.
  • പച്ചരി കൊണ്ട് പാല്‍പ്പായസം ഉണ്ടാക്കുമ്പോള്‍ അരി നല്ലവണ്ണം വെന്തശേഷം മാത്രമേ പഞ്ചസാര ചേര്‍ക്കാവൂ. അല്ലെങ്കില്‍ അരി കല്ലിച്ച് പോകും.
  • അടപ്രഥമനും പായസവും കുറുകിപ്പോയാല്‍ അല്പം പശുവിന്‍പാല്‍ ഇളം ചൂടോടെ ചേര്‍ത്താല്‍ മതി.
  • പുഡ്ഡിങ് അലങ്കരിക്കുവാന്‍ പഴങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാവ് പുരട്ടിയശേഷം വെച്ചാല്‍ അത് താഴ്ന്നുപോവുകയില്ല.
  • പഞ്ചസാരപ്പാനി ഉണ്ടാക്കുമ്പോള്‍ അല്പം ചെറുനാരങ്ങനീര് ചേര്‍ത്താല്‍ പാനി കട്ടകെട്ടുകയില്ല.
  • കാരറ്റ് ഹല്‍വ ഉണ്ടാക്കുമ്പോള്‍ നന്നായി പഴുത്ത ഒരു തക്കാളി ചേര്‍ത്തു നോക്കൂ. വ്യത്യസ്തമായ രുചി കിട്ടും. നിറവും കൂടും
  • ഇന്‍സ്റ്റന്റ് പൗഡര്‍ കൊണ്ട് ഗുലാബ് ജാമുന്‍ ഉണ്ടാക്കുമ്പോള്‍ വെള്ളത്തിനുപകരം പാല്‍ ചേര്‍ത്താല്‍ നല്ല മാര്‍ദവം കിട്ടും.

Content Highlights: kitchen tips