പലഹാരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ വെള്ളം കൂടി പോവുക മയം ഇല്ലാതിരിക്കുക തുടങ്ങി നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുണ്ട്‌. ചില നുറുങ്ങു വിദ്യകള്‍ ഉപയോഗിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവുന്നതാണ്.

 • പൂരിക്ക് ഗോതമ്പ് മാവ് കുഴയ്ക്കുമ്പോള്‍ അല്പം റവ കൂടി ചേര്‍ത്താല്‍ പൂരിക്ക് നല്ല നിറവും കരുകരുപ്പും രുചിയും കൂടും.
 • പുട്ട് നല്ല മൃദുവായിരിക്കാന്‍ പച്ചരിയുടെ മൂന്നിലൊരു ഭാഗം പുഴുങ്ങലരി ചേര്‍ത്ത് പൊടിക്കുക.
 • ഇഡ്ഡലിക്കും ദോശയ്ക്കും ഉള്ള മാവില്‍ അല്പം കരിക്കിന്‍ വെള്ളം ചേര്‍ത്താല്‍ മാവ് വേഗം പുളിച്ച് കിട്ടും. ഇഡ്ഡലിയും ദോശയും മൃദുവാകുകയും ചെയ്യും.
 • പൂരി ഉണ്ടാക്കുമ്പോള്‍ അധികം എണ്ണ കുടിക്കാതിരിക്കാന്‍ ഗോതമ്പ്മാവ്, മൈദാമാവ് സമം ചേര്‍ക്കുക.
 • വെള്ളയപ്പത്തിനുള്ള മാവ് അരയ്ക്കുമ്പോള്‍ ഒരു ടീസ്പൂണ്‍ തൈര് ചേര്‍ത്താല്‍ സ്വാദ് കൂടും.
 • ദോശയ്ക്കും ഇഡ്ഡലിക്കും ഉഴുന്നും അരിയും അരയ്ക്കുന്നതോടൊപ്പം ഒരു കപ്പ് ചോറ് കൂട്ടിയരച്ചാല്‍ മൃദുവായിരിക്കും.
 • ഇഡ്ഡലിമാവിലോ ഉഴുന്നുവടമാവിലോ വെള്ളം അധികമായാല്‍ കുറച്ച് ചൗവരി പൊടിച്ച് ചേര്‍ത്താല്‍ മതി. മാവ് കുറുകിക്കിട്ടും.
 • ഇഡ്ഡലിമാവ് തയ്യാറാക്കുമ്പോള്‍ അല്പം കറിവേപ്പില ചേര്‍ത്തരച്ചാല്‍ ഇഡ്ഡലിക്ക് മയവും രുചിയും കൂടും.
 • ദോശമാവ് കുറവാണെങ്കില്‍ അതില്‍ അല്പം ഓട്സ് അരച്ച് ചേര്‍ത്താല്‍ മതി. രുചികരമായ ദോശ റെഡി.
 • ഇഡ്ഡലിക്ക് ഉഴുന്ന് അരയ്ക്കുമ്പോള്‍, നാല് ഐസ് ക്യൂബ് കൂടെ ചേര്‍ത്ത് അരയ്ക്കുക. നന്നായി അരഞ്ഞുകിട്ടും.
 • ദോശയ്ക്കും ഇഡ്ഡലിക്കും മാവ് അരയ്ക്കുമ്പോള്‍, ഉപ്പിടാതെ അരച്ചാല്‍ മാവ് അധികം പുളിക്കില്ല. ദോശ ചുടുമ്പോള്‍ മാത്രം ഉപ്പ് ചേര്‍ത്താല്‍ മതി.
 • ദോശയ്ക്കുള്ള അരിയും ഉഴുന്നും കുതിര്‍ക്കുമ്പോള്‍ ഉഴുന്നിനൊപ്പം കാല്‍ ടീസ്പൂണ്‍ ഉലുവ കൂടി കുതിര്‍ത്തരച്ച് ചുട്ടാല്‍ ദോശ നന്നായി മൊരിഞ്ഞുവരും.
 • പച്ചരി ചെറുതായി ചൂടാക്കി കുതിര്‍ത്തരച്ചാല്‍ ഇഡ്ഡലി മൃദുവാകും.
 • ഇഡ്ഡലി തയ്യാറാക്കി അടുപ്പില്‍ നിന്നു വാങ്ങി വെച്ചശേഷം അതില്‍ കുറച്ചു പച്ചവെള്ളം കുടഞ്ഞാല്‍ വേഗത്തില്‍ ഇളക്കി മാറ്റാം.
 • മാവില്‍ കുറച്ച് പാല്‍ ചേര്‍ത്ത് കുഴച്ചാല്‍ പൂരി നന്നായി പൊങ്ങിവരും.
 • ചൂടുവെള്ളത്തില്‍ 2 ടീസ്പൂണ്‍ റിഫൈന്‍ഡ് ഓയില്‍ ചേര്‍ത്ത് മാവ് കുറച്ച് അയവില്‍ കുഴയ്ക്കുക. അരമണിക്കൂര്‍ വെച്ചശേഷം ചപ്പാത്തി പരത്തി ചുടുക. പപ്പടംപോലെ പൊങ്ങിവരും. 

Content Highlights: Kitchen tips, cooking tips, food news, food updates, food