ചേന കറിവയ്ക്കാനോ! ചേന ചൊറിയില്ലേ? ചൊറിയും... വയ്‌ക്കേണ്ട പോലെ വച്ചില്ലെങ്കില്‍ ചൊറിയും. അതിപ്പൊ എങ്ങനെയാ വയ്ക്കണ്ടേ? പറയാം, അതു മാത്രമല്ല അത്തരത്തില്‍ നിത്യജീവിതത്തില്‍ പ്രയോജനപ്പെടുന്ന അല്ലറചില്ലറ കുറുക്കുവഴികളും കൂടി പറയാം. 

ചേന കറിവയ്ക്കുമ്പോള്‍ ചൊറിയാതെയിരിക്കാന്‍ ചേനകഷണങ്ങള്‍ പുളിവെള്ളത്തില്‍ കഴുകിയ ശേഷം കറി വച്ചാല്‍ മതി. സവാള വഴറ്റുമ്പോള്‍ അല്‍പം ഉപ്പ് ഇട്ടുകൊടുത്താല്‍ സവാള പെട്ടെന്ന് വാടിക്കിട്ടും. 

കോഴിയിറച്ചിയില്‍ ചെറുനാരങ്ങാ നീര് പുരട്ടി കുറച്ചുനേരം വച്ച ശേഷം റോസ്റ്റ് ചെയ്താല്‍ ഇറച്ചിക്ക് നല്ല നിറം ലഭിക്കും. പാല്‍ ഉറയൊഴിക്കുമ്പോള്‍ തൈരില്ലെങ്കില്‍ നാലഞ്ച് പച്ചമുളകിന്റെ ഞെട്ട് അതിലേക്ക് ഇട്ടുവച്ചാല്‍ മതിയാകും. 

കറിയില്‍ കുടംപുളി ചേര്‍ക്കുമ്പോള്‍ ചെറുതായി അരിഞ്ഞിട്ടാല്‍ കൂടുതല്‍ ഫലം കിട്ടും. വെളിച്ചെണ്ണയും ഉപ്പും കൂടി തിരുമ്മി വച്ചാല്‍ കുടംപുളി കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും. 

നാരങ്ങ അല്‍പം ഉണങ്ങിയതാണെങ്കില്‍ പത്തു മിനിറ്റ് ഇളം ചൂടുവെള്ളത്തിലിട്ട് വയ്ക്കുക. വീണ്ടും ഫ്രഷ് ആയി കിട്ടും എന്നു മാത്രമല്ല കൂടുതല്‍ നീരും ലഭിക്കും. വെളിച്ചെണ്ണ അധികമുണ്ടെങ്കില്‍ അത് കേടാകാതിരിക്കാന്‍ അതിലേക്ക് കുരുമുളകോ ഉപ്പുകല്ലോ ഇട്ടുവച്ചാല്‍ മതിയാകും. 

ചപ്പാത്തിക്ക് കുഴയ്ക്കുന്ന മാവ് ബാക്കി വന്നാല്‍ അതിന്റെ പുറത്ത് അല്‍പം എണ്ണ പുരട്ടിയ ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഈന്തപ്പഴം ഫ്രിഡ്ജില്‍ വച്ചാല്‍ ഏറെനാള്‍ കേടുകൂടാതെയിരിക്കും. 

ഫ്രിഡ്ജിനുള്ളിലെ ദുര്‍ഗന്ധം മാറിക്കിട്ടാന്‍ പുതിനയില വച്ചാല്‍ മതി. കണ്ണാടിപ്പാത്രങ്ങള്‍ കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി കൂടി ചേര്‍ത്താല്‍ പാത്രങ്ങള്‍ക്ക് കൂടുതല്‍ തിളക്കം ലഭിക്കും. 

Content Highlights: Kitchen hacks, cooking tips, easy cooking, kitchen tips, cooking hacks, cooking, kitchen tricks, food, tasty, how to