പാചകം ചെയ്യുമ്പോള്‍ അല്‍പം പരാതി പൊങ്ങുന്നത് വറുപ്പ് വിഭവങ്ങള്‍ വരുമ്പോഴാണ്. കൂടെ തന്നെ നിന്നില്ലെങ്കില്‍ പാത്രത്തിന്റെ അടിയില്‍ പിടിച്ചും പൊടിഞ്ഞും കരിഞ്ഞുമൊക്കെ പണി തരും ഈ 'വറുത്തെടുക്കുന്ന വിഭവങ്ങള്‍'. ഈ പണിയില്‍ നിന്നും രക്ഷപ്പെടാനും മാര്‍ഗങ്ങളുണ്ട്. 

മീന്‍ വറുക്കുന്നതിലേക്കു തന്നെ കടക്കാം ആദ്യം. ചെറിയ തീയില്‍ വേണം മീന്‍ വറുക്കാന്‍, ഇങ്ങനെ ചെയ്താല്‍ തന്നെ മീന്‍ പാത്രത്തിന്റെ അടിയില്‍ കരിഞ്ഞു പിടിക്കുന്നതും വറുത്തു കോരുമ്പോള്‍ പൊടിഞ്ഞു പോകുന്നതും വലിയ തോതില്‍ തടയാനാകും.  

മീന്‍ വറുക്കുമ്പോള്‍ പാത്രത്തിന്റെ അടിയില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ ഒരു നുള്ള് മൈദ കൂടി എണ്ണയിലേക്ക് ഇട്ട ശേഷം മീന്‍ വറുക്കാന്‍ ഇട്ടാല്‍ മതി. ഇങ്ങനെ ചെയ്താല്‍ മീന്‍ ഒട്ടിപ്പിടിക്കാതിരിക്കുക മാത്രമല്ല കരിയാതെയും കിട്ടും. 

natholi pollichathu

മീന്‍ വറുക്കാനായി അരപ്പു തേക്കുമ്പോള്‍ അതിലേക്ക് കുറച്ച് നാരങ്ങാനീരും കൂടി ചേര്‍ത്ത് മീനില്‍ പുരട്ടി അര മണിക്കൂര്‍ നേരം വച്ച ശേഷം വറുക്കുക. ഇങ്ങനെ ചെയ്താലും മീന്‍ പൊടിഞ്ഞു പോകാതെ നന്നായി മൊരിഞ്ഞ് കിട്ടും. 

പാനില്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം അതിനു മുകളിലായി കറിവേപ്പില തണ്ടോടുകൂടിയോ ഇലമാത്രമായോ വിതറിയ ശേഷം അതിനും മുകളിലായി വറുക്കാനുള്ള മീന്‍ നിരത്തി വറുത്താല്‍ മീന്‍ കരിയാതെ ലഭിക്കും. 

ഇങ്ങനെ മീന്‍ വറുക്കുമ്പോള്‍ ചെറിയ തീയില്‍ പാചകം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മീന്‍ ഉപയോഗിച്ചുള്ള കട്‌ലറ്റ് ഉണ്ടാക്കുമ്പോള്‍ നെയ്മീനിനൊപ്പം അല്‍പം അയലമീന്‍ പൊടിച്ചതുകൂടി ചേര്‍ത്താല്‍ കട്‌ലറ്റിന്റെ മണവും രുചിയും കൂടും. 

karimeen

ഇനി മറ്റു ചില പൊടിക്കൈകളിലേക്കും കൂടി കടക്കാം. കട്‌ലറ്റ് ഉണ്ടാക്കുമ്പോള്‍ എണ്ണയില്‍ ഇടുന്നതിന് മുന്നോടിയായി മുക്കേണ്ട റൊട്ടിപ്പൊടി തീര്‍ന്നുപോയാല്‍ പകരം കോണ്‍ഫ്‌ലക്‌സ് പൊടിച്ചതിലോ അല്ലെങ്കില്‍ വെര്‍മിസെലി പൊടിച്ചതിലോ മുക്കിയാല്‍ മതിയാകും. 

പച്ചക്കറികളായ കയ്പ്പക്ക, കോവയ്ക്ക, വഴുതങ്ങ ഇങ്ങനെ ചില പച്ചക്കറികള്‍ വറുത്ത ശേഷം ഭക്ഷണത്തില്‍ ചേര്‍ക്കുന്നതാണ് രുചികരം. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ഇവ വറുക്കാന്‍ ഉപയോഗിക്കുന്ന എണ്ണ കൂടിയ അളവില്‍ വലിച്ചെടുക്കാറുണ്ട്. 

ഇങ്ങനെ ഇവ വലിച്ചെടുത്ത അധിക എണ്ണ ഇല്ലാതാക്കുവാന്‍ വറുത്ത പച്ചക്കറികള്‍ക്ക് മുകളില്‍ അല്‍പം കടലമാവ് വിതറിയാല്‍ മതിയാകും. ഇനി, കട്‌ലറ്റ് ഉണ്ടാക്കുമ്പോള്‍ ഉരുളക്കിഴങ്ങ് പുഴുങ്ങിയത് തികയാതെ വരികയാണെങ്കില്‍ ബാക്കിയായി കുറച്ച് ചോറ് കൂടി അരച്ചുചേര്‍ത്താല്‍ മതിയാകും. 

mathi