ജോലി ചെയ്യുന്ന വീട്ടമ്മാര്‍ക്ക് അടുക്കള ജോലി എളുപ്പമാക്കുക എന്നത് വലിയൊരു പ്രതിസന്ധിയാണ്. ചില അടുക്കള നുറുങ്ങുകളിലൂടെ ഈ പ്രശ്‌നങ്ങള്‍ വളരെ പെട്ടെന്ന് പരിഹരിക്കാനാവുന്നതാണ്
- കടല പെട്ടെന്ന് വേവണമെങ്കില്‍ ഒരു നുള്ള് അപ്പക്കാരം ചേര്‍ത്ത് വേവിക്കുക. മയത്തില്‍ വെന്തുകിട്ടും.
- ഒരു ചെറിയ കഷണം ഇഞ്ചി ചതച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് ചായ ഉണ്ടാക്കാം. ചായയ്ക്ക് പുതിയ രുചി കിട്ടും.
- വെള്ളത്തില്‍ ചായപ്പൊടിയിട്ട് പാത്രം മൂടിവെക്കുക. പത്ത് മിനുട്ടിനുശേഷം ചായ തിളപ്പിച്ചാല്‍ ചായയ്ക്ക് നിറവും രുചിയും കൂടും.
- ആവശ്യത്തിന് ബിരിയാണി അരി ഇല്ലെങ്കിലും ഒരു മാര്‍ഗമുണ്ട്. പച്ചരി, കുറച്ച് റിഫൈന്‍ഡ് ഓയിലും ഉപ്പും ചേര്‍ത്ത് വഴറ്റുക. അതിനുശേഷം ബിരിയാണി അരിയുടെ കൂടെ ചേര്‍ത്ത് ബിരിയാണി ഉണ്ടാക്കാം.
- ടൊമാറ്റോ സൂപ്പ് ഉണ്ടാക്കുമ്പോള്‍ കോണ്‍ഫ്‌ലോര്‍ ഇല്ലെങ്കില്‍ കഞ്ഞിവെള്ളം ഉപയോഗിക്കാം. രുചിക്ക് യാതൊരു മാറ്റവുമുണ്ടാകില്ല.
- പാകം ചെയ്ത കറികളില്‍ എണ്ണയുടെ മണം നില്ക്കണമെങ്കില്‍ എണ്ണ അധികം ചൂടാക്കരുത്.
- അവിയലും തോരനും ഉണ്ടാക്കുമ്പോള്‍ അവസാനം ഇത്തിരി പച്ചവെളിച്ചെണ്ണ ഒഴിച്ചാല്‍ മണവും രുചിയും കൂടും.
- പാല്‍ കാച്ചാന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ അല്പം വെള്ളം ചൂടാക്കിയശേഷം പാല്‍ ഒഴിച്ചു തിളപ്പിക്കുക. പാല്‍ പിരിയുകയില്ല. എന്നുമാത്രമല്ല, പാത്രത്തിന്റെ വശങ്ങളില്‍ പറ്റിപ്പിടിക്കുകയുമില്ല.
- വാങ്ങിയ ഉടന്‍ തന്നെ ചുവന്നുള്ളി ഇളംവെയിലില്‍ ഉണക്കി സൂക്ഷിച്ചാല്‍ മുള പൊട്ടില്ല.
- പരിപ്പില്‍ പ്രാണികള്‍ കയറാതിരിക്കാന്‍, പരിപ്പുപാത്രത്തില്‍ ഒരു കിലോ പരിപ്പിന് 20 എന്ന കണക്കില്‍ ഗ്രാമ്പു ഇട്ടുവയ്ക്കുക.
- സോസുകള്‍ തയ്യാറാക്കുമ്പോള്‍ കുറച്ച് പനീര്‍ മിക്സിയില്‍ അടിച്ചത് ചേര്‍ക്കുക. സോസിന് നല്ല കൊഴുപ്പ് കിട്ടും.
- കറികള്‍ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ അണ്ടിപ്പരിപ്പ് കൂടി ചേര്‍ത്തരച്ചാല്‍ കൊഴുപ്പും സ്വാദും കൂടും.
- ബിരിയാണിക്കുള്ള മസാല തയ്യാറാക്കുമ്പോള്‍ എരിവ് അധികമായാല്‍ അല്‍പം തേങ്ങാപ്പാല്‍ ചേര്‍ത്താല്‍ മതി.
- ചോറ് തയ്യാറാക്കുമ്പോള്‍ കട്ട പിടിക്കാതിരിക്കാന്‍ വേണ്ടി വെള്ളത്തില്‍ ചെറുനാരങ്ങാനീരോ പനിനീരോ ചേര്‍ക്കുക.
- മസാലയ്ക്ക് സവാള വഴറ്റുമ്പോള്‍ ഇറച്ചി വറുത്ത എണ്ണയില്‍തന്നെ വഴററിയാല്‍ മസാലയ്ക്ക് സ്വാദ് കൂടും.
Content highlights: chickpeas, kitchen tips cooking tips easy cooking cooking food news food updates