മധുരം ഇഷ്ടമില്ലാത്ത ആളുകൾ വളരെ കുറവായിരിക്കും. എന്നാൽ മധുരം അധികമായാൽ അത് പല തരം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും നമുക്കറിയാം. പക്ഷേ, 'ഫ്രീ' ആയി ഇഷ്ടമുള്ളത്രയും മിഠായി കിട്ടുമെങ്കിലോ? മിഠായി കിട്ടുമെന്ന് മാത്രമല്ല, അത് രുചിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നതിന് മാസശമ്പളവും തന്നാലോ? തമാശയല്ല കാര്യം തന്നെയാണ് സംഭവം.
'കാൻഡി ഫൺഹൗസ്' എന്ന കനേഡിയൻ കമ്പനി മധുരം രുചിച്ചു നോക്കാനുള്ള ജോലിക്ക് ആളെ തിരയുകയാണ്. 'കാൻഡിയോളജിസ്റ്റ്' എന്ന തസ്തികയിലേക്കാണ് അവർക്ക് ആളെ ആവശ്യം. കമ്പനിയുടെ മിഠായികളും ചോക്ലേറ്റുകളും രുചിച്ച് മധുര നിലവാരം ഉറപ്പാക്കുകയാണ് വേണ്ടത്.
മണിക്കൂറിന് നാൽപത്തിയേഴ് ഡോളറാണ് ശമ്പളം. എട്ട് മണിക്കൂറാണ് ജോലി സമയം. കമ്പനിയുടെ മൂവായിരത്തോളം മധുര ഉത്‌പന്നങ്ങളുടെ മധുരമാണ് പരിശോധിക്കേണ്ടത്.
കമ്പനി നൽകിയ രസകരമായ പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത്രയും സുഖകരമായതും ആസ്വാദ്യകരമായതുമായൊരു ജോലി വേറെയുണ്ടാവില്ല എന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ വിചാരിക്കുന്നത് പോലെ അല്ല എപ്പോഴും മധുരം കഴിച്ചാൽ ആരോഗ്യം അപകടത്തിലാവുമെന്നും വാദിക്കുന്നവരുമുണ്ട്.
Content Highlights:This Canadian company wants to hire ‘ candyologists’ to taste-test candies