തൈര് എങ്ങനെ ഉപയോഗിക്കണം എന്ന് ചിന്തിക്കുമ്പോൾ ‘തൈര്സാദം’ അല്ലെങ്കിൽ, ബിരിയാണിയുടെ കൂടെ കൂട്ടാനുള്ള അടിപൊളി ‘സാലഡ്’ എന്നൊക്കെയാണ് പൊതുവെ നമ്മുടെ ചിന്ത... എന്നാൽ തൈര് ഒന്നാന്തരം ഒരു സൗന്ദര്യ സംരക്ഷണ കൂട്ടാണെന്നത് മിക്കവർക്കും അറിയാത്ത കാര്യമാണ്.

പ്രോട്ടീൻ, കാത്സ്യം, ലാക്ടിക് ആസിഡ്, സിങ്ക്, വിറ്റാമിനുകൾ ബി-2, ബി-12, ബി-5 എന്നിവ അടങ്ങിയിരിക്കുന്ന തൈര് ഫെയ്സ് മാസ്കുകളും ഹെയർ പായ്ക്കുകളും ഉണ്ടാക്കാൻ ഫലപ്രദമായ ഒന്നാണ്. തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തെ ഉള്ളിൽനിന്ന് പോഷിപ്പിക്കുന്നതിലൂടെ തിളങ്ങാൻ സഹായിക്കുന്നു. പ്രോട്ടീൻ, കാത്സ്യം, വിറ്റാമിൻ-ഡി എന്നിവ നിറഞ്ഞ തൈര്, മുഖത്തെ പാടുകൾ നീക്കംചെയ്ത്‌ സ്വാഭാവിക നിറം മെച്ചപ്പെടുത്തുന്നു. ഇതിന്റെ വിരുദ്ധ ബാഹ്യാവിഷ്കാര ഗുണങ്ങൾ മുഖക്കുരു കുറയ്ക്കാനും സഹായിക്കുന്നു. ഈ സൂപ്പർ ഫുഡിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ വരണ്ട ചർമത്തെ സുഖപ്പെടുത്തുന്നു. അതുകൊണ്ട് വിലകൂടിയ ബ്യൂട്ടി ക്രീമുകൾ വച്ചുനോക്കുമ്പോൾ എന്തുകൊണ്ടും മടിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് തൈര്.

കണ്ണിനടിയിലെ കരുവാളിപ്പ് മാറ്റാൻ

ഉറക്കം കുറയുന്നതുകൊണ്ടോ, ഉറക്കം അധികമാകുന്നതുകൊണ്ടോ, മറ്റു പല കാരണങ്ങൾകൊണ്ടോ കണ്ണിന്റെ അടിയിൽ ഇരുണ്ട നിറം ഉണ്ടാകാൻ സാധ്യതയുണ്ട്. തൈരിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ, പ്രത്യേകിച്ച് സിങ്ക്, ലാക്ടിക് ആസിഡ് എന്നിവ കണ്ണുകളുടെ അടിയിലെ കരുവാളിപ്പ് വലിയ അളവിൽ നീക്കംചെയ്യാൻ സഹായിക്കുന്നു. അടുക്കളയിൽ നിന്ന്‌ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ പരിഹാരമാണിത്. എന്നാൽ, തീർച്ചയായും നമുക്ക് വിശ്വസിച്ച്‌ ചെയ്യാൻകഴിയുന്ന നൈസർഗിക സൗന്ദര്യവർധക വസ്തു. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ വരാതിരിക്കാനുള്ള സ്ഥിരമായ പരിഹാരം നമ്മൾ ആരോഗ്യത്തിൽ ശ്രദ്ധിക്കുകയും ശരീരത്തിന് ആവശ്യമായ വിശ്രമം നൽകുകയും, ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുക എന്നതാണ്.

ഉപയോഗം: രണ്ട് കോട്ടൺ ബോളുകൾ (പഞ്ഞി) എടുത്ത് ഒരു ടീസ്പൂൺ തൈരിൽ മുക്കുക. കോട്ടൺ ബോളുകൾ തൈരിൽ കുതിർത്തുകഴിഞ്ഞാൽ അവയെ കണ്ണുകൾക്ക് താഴെയാക്കി 10 മുതൽ 15 മിനിറ്റ് വരെ വയ്ക്കുക. 15 നിമിഷത്തിനുശേഷം സാധാരണ പൈപ്പ് വെള്ളത്തിൽ നന്നായി കഴുകുക. ഇങ്ങനെ ഒരാഴ്ച മുടങ്ങാതെ ചെയ്യുകയാണെങ്കിൽ കരുവാളിപ്പ് കുറയുന്നതായി കാണാം.

താരൻ മാറ്റാൻ

മുടിയിൽ താരൻ വരാനുള്ള പ്രധാന കാരണം ഫംഗസിന്റെ സാന്നിധ്യമാണ്. തൈര് പ്രകൃതിദത്ത ‘ആന്റി-ഫംഗൽ’ ഏജന്റായതിനാൽ ഫംഗസിന്റെ വളർച്ച തടയുന്നു, അങ്ങനെ താരൻ ഇല്ലാത്ത ആരോഗ്യമുള്ള മുടിയും തലയോട്ടിയും നൽകുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന ‘ആൻറി-ഇൻഫ്ലമേറ്ററി’ ഏജന്റുകളും താരൻ മൂലമുണ്ടാകുന്ന ചൊറിച്ചിലിൽ നിന്ന് മോചനം നൽകുന്നു. തൈരിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലും പ്രോട്ടീനിലും രക്തചംക്രമണം ഉത്തേജിപ്പിക്കുന്നു.

ഉപയോഗം: തലമുടിയിൽ വെള്ളം തളിച്ച് നനവുള്ളതാക്കുക. തലയോട്ടിയിലും തലമുടിയിലും തൈര് നന്നായി തേച്ചുപിടിപ്പിക്കുക. ഏകദേശം 30 മിനിറ്റോ ഒരു മണിക്കൂറോ അങ്ങനെ തന്നെ വയ്ക്കുക. കഴുകിക്കളയുന്നതിനായി സാധാരണ വെള്ളം ഉപയോഗിക്കുക. താരൻ ഒഴിവാക്കാൻ സഹായിക്കുന്നതിനൊപ്പം, തൈരിലെ പ്രോട്ടീനും മറ്റും മുടിയെ ശക്തിപ്പെടുത്തും.

അകാല വാർധക്യത്തെ തടയാൻ

‘ലാക്ടിക് ആസിഡ്’ സ്വാഭാവികമായി ഉണ്ടാകുന്ന ‘ആൽഫ-ഹൈഡ്രോക്സി ആസിഡ് (AHA)’ തൈരിൽ കാണപ്പെടുന്ന നിരവധി സൗന്ദര്യഘടകങ്ങളിൽ ഒന്നാണ്. ചർമത്തിലെ നിർജീവ കോശങ്ങൾ നീക്കംചെയ്ത്, കെമിക്കൽ എക്സ്ഫോളിയേഷനിലൂടെ ചർമകോശത്തെ പുതുക്കാൻ ഇത്‌ സഹായിക്കുന്നു. കൂടാതെ ചർമത്തെ ഉറപ്പിക്കുന്നതിന് സഹായിക്കുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ തൈര് ചർമത്തിന് ഉത്തമ ഘടകമാകുന്നു.

ഉപയോഗം: രണ്ട്-മൂന്ന് ടേബിൾസ്പൂൺ തൈരെടുത്ത് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ ചേർത്ത് നന്നായി ഇളക്കിയെടുക്കുക... ഫെയ്സ് മാസ്ക് റെഡി. മുഖത്തും കഴുത്തിലും മിശ്രിതം തേച്ചുപിടിപ്പിക്കുക. 30 മിനിറ്റ് അങ്ങനെ ചെയ്തശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

മുഖക്കുരു കുറയ്ക്കുന്നതിന്

മുഖക്കുരു എന്നത് വളരെ സാധാരണമായ ചർമപ്രശ്നങ്ങളിൽ ഒന്നാണ്. വേനൽക്കാലത്ത്‌ പൊടി, ചൂട്, എണ്ണ, അഴുക്ക് എന്നിവ ചർമത്തിൽ പറ്റിനിൽക്കുന്നതിനാൽ മുഖക്കുരു പഴുത്ത്‌ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, വേനൽക്കാലത്ത് ചർമത്തെ ശുദ്ധമാക്കുന്നതും ജലാംശം നിലനിർത്തുന്നതും വളരെ പ്രധാനമാണ്.

തൈരിൽ അടങ്ങിയിട്ടുള്ള ലാക്ടിക് ആസിഡ് ചർമത്തിലെ പഴയ കോശങ്ങളെ തുടച്ചുമാറ്റുകയും, തൈരിലെ ‘പ്രോബിയോട്ടിക് ബാക്ടീരിയ’കൾ ചർമത്തിന്റെ നിറം ഉത്തേജിപ്പിക്കുകയും ചെയ്യും. തൈര് ചർമത്തിലെ ജലാംശം നിലനിർത്തുന്നു. മുഖത്തെ കുരുക്കളെയും കുരുകാരണം ഉണ്ടാകുന്ന പാടുകളെയും നീക്കംചെയ്യുന്നു.

ഉപയോഗം: ഒരു ടേബിൾ സ്പൂൺ തൈര്, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. മുഖക്കുരുവുള്ള സ്ഥലത്ത്‌ ഇത് പ്രയോഗിക്കുക. ഇത് 15-20 മിനിറ്റ് കഴിഞ്ഞതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

സൂര്യതാപം കൊണ്ടുള്ള കരുവാളിപ്പ് നീക്കംചെയ്യാൻ

വൃത്തിയുള്ളതും തെളിഞ്ഞതുമായ ചർമം എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ, കറുത്ത പാടുകളും മറ്റും വരുന്നത് ആ സ്വപ്നത്തിന് ഒരു ശാശ്വത ഭീഷണിയാണ്. നമ്മുടെ യഥാർഥ സ്കിൻടോൺ തിരികെ നേടുന്നതിനും പാടുകൾ മാറ്റുന്നതിനുമുള്ള ഏറ്റവുംനല്ല മാർഗം തൈര് ഉപയോഗിച്ച് വീട്ടിൽത്തന്നെ ഉണ്ടാക്കുന്ന ‘ഫെയ്സ് പായ്ക്ക്’ പരീക്ഷിക്കുക എന്നതാണ്, ഇത് എല്ലാ അടുക്കളയിലും എളുപ്പത്തിൽ ലഭ്യമാണ്. സിങ്ക്, ലാക്ടിക് ആസിഡ് എന്നിവയാൽ സമ്പുഷ്ടമായ തൈര് പ്രകൃതിദത്ത ക്ലെൻസറായും എക്സ്ഫോളിയേറ്റിങ് ഏജന്റായും പ്രവർത്തിക്കുന്നു.

ഉപയോഗം: ഒരു ടേബിൾ സ്പൂൺ തൈര്, ഒരു ടീസ്പൂൺ കടലമാവ്, രണ്ടുതുള്ളി നാരങ്ങാനീര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടുക, ഉണങ്ങിയാൽ തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. എല്ലാ ദിവസവും ഇത് ചെയ്യുകയാണെങ്കിൽ, നല്ല വ്യത്യാസം ഉണ്ടാകും.

ഇന്നത്തെ ഫുഡ് ആർട്ട്: ഫ്രൂട്ട് സ്നാക്ക്.

ഉപയോഗിച്ചിരിക്കുന്നത്: ആപ്പിൾ, കിവി, സ്ട്രോബെറി, ഡ്രൈഡ് ഗ്രേപ്സ്, ബ്ലാക്ബെറി

Content Highlights: Yogurt for Beauty, World Milk Day 2020, Food