ബര്‍ഫി
1. ഉരച്ചെടുത്ത കാരറ്റ്, മത്തന്‍, ഇളവന്‍ ഓരോ കപ്പ് വീതം
2. മിക്‌സിയില്‍ ഒരു മിനുട്ട് അരച്ച തേങ്ങ ഒരു കപ്പ്
3. വെള്ളം ചേര്‍ക്കാത്ത പാല്‍ ഒരു ലിറ്റര്‍
4. ഏലം പൊടിച്ചത് 10 എണ്ണം
5. നെയ്യ് ഒന്നേമുക്കാല്‍ കപ്പ്
6. പഞ്ചസാര നാലര കപ്പ്
പാല്‍ നാലിലൊന്നു ആയി വറ്റുന്നതുവരെ ഇളക്കി പാകപ്പെടുത്തുക. പഞ്ചസാര ചേര്‍ത്തിളക്കുക. മറ്റൊരു പാത്രത്തില്‍ പകുതി നെയ്യ് ചൂടാക്കി, ഇളവന്‍ പിഴിഞ്ഞ് വെള്ളം മാറ്റിയ ശേഷം വഴറ്റുക. പകുതി പാകപ്പെടുമ്പോള്‍ കാരറ്റ്, മത്തന്‍ എന്നിവ ചേര്‍ക്കുക. കായ്കറികള്‍ വെന്തശേഷം തേങ്ങ ചേര്‍ത്തിളക്കുക. ഇവ നന്നായി വഴറ്റിയശേഷം, പാല്‍ പഞ്ചസാരമിശ്രിതം ചേര്‍ത്തിളക്കുക. ബാക്കിയുള്ള നെയ്യ് കുറേശ്ശെയായി ചേര്‍ക്കുക. മിശ്രിതം പാകപ്പെട്ടു കഴിഞ്ഞാല്‍ പാത്രത്തില്‍നിന്നും വേര്‍തിരിഞ്ഞുവരുമ്പോള്‍ ഏലപ്പൊടി ചേര്‍ത്തിളക്കി, നെയ്യ് പുരട്ടിയ പ്ലേറ്റില്‍ പകരേണ്ടതാണ്. അതിനുശേഷം ഒരു കരണ്ടി ഉപയോഗിച്ച് അമര്‍ത്തി വിടവുകളില്ലാതെ നിരപ്പാക്കുക. തണുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിക്കേണ്ടതാണ്.
ലെമണ്‍ സൂഫ്ലെ
1. നാരങ്ങ രണ്ട്
2. മുട്ട വെള്ള മഞ്ഞ വേര്‍തിരിച്ചത് മൂന്ന്
3. പഞ്ചസാര അര കപ്പ്
4. ജലാറ്റിന്‍ രണ്ട് ടീസ്പൂണ്‍
5. കണ്ടന്‍സ്ഡ് മില്‍ക്ക് അര ടിന്‍
6. ചെറിപഴങ്ങള്‍ മൂന്ന്-നാല് എണ്ണം
രണ്ട് നാരങ്ങ പിഴിഞ്ഞ് നീരെടുക്കുക. ഒരു നാരങ്ങയുടെ തൊലി ഉരച്ച് പൊടിയാക്കുക. നാരങ്ങനീര്, നാരങ്ങാപ്പൊടി, മുട്ടയുടെ മഞ്ഞക്കരു, പഞ്ചസാര എന്നിവ ഒരു പാത്രത്തിലെടുത്ത് ചൂടുവെള്ളം നിറച്ച പരന്ന പാത്രത്തിലിറക്കി ക്രീം ആയി കൊഴുത്ത് പതഞ്ഞുവരുന്നതുവരെ ഇളക്കുക. അരകപ്പ് ചൂടുവെള്ളത്തില്‍ നാരങ്ങാ മിശ്രിതവും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് പകുതിയായി കുറുകുന്നതുവരെ തുടരെ ഇളക്കി പാകപ്പെടുത്തുക. മുട്ടയുടെ വെള്ള പതപ്പിച്ച ചേരുവയില്‍ ചേര്‍ക്കുക. ചെറി പഴങ്ങള്‍ മുകളില്‍ നിരത്തുക. ഈ രീതിയില്‍ തയ്യാറാക്കിയ കൂട്ട് ഫ്രിഡ്ജില്‍, ഉറയ്ക്കാന്‍ വച്ച്, ഉപയോഗിക്കുക.
റെയ്ത്ത
1. ചെറുതായി ഉരച്ച കാരറ്റ് അര കപ്പ്
2. ചെറുതായി നുറുക്കിയ സവാള രണ്ട് ടീസ്പൂണ്‍
3. പച്ചമുളക് ഒന്ന്
4. കട്ടത്തൈര് അര കപ്പ്
5. നാരങ്ങനീര് അര ടീസ്പൂണ്‍
6. ജീരകം വറുത്ത് പൊടിച്ചത് കാല്‍ ടീസ്പൂണ്‍
7. ഉപ്പ് ആവശ്യത്തിന്
8. മല്ലിഇല അര ടീസ്പൂണ്‍
റെയ്ത്ത തയ്യാറാക്കുന്നതിന് ചേരുവകള്‍ ചേര്‍ത്തിളക്കി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കുക.
പഴങ്ങള്‍ ചേര്‍ത്ത ശ്രീകണ്ഠ്
1. പുളിയില്ലാത്ത കട്ടത്തൈര് എട്ട് കപ്പ്
2. പഞ്ചസാര പൊടിച്ചത് ഒന്നര കപ്പ്
3. ഏലം പൊടിച്ചത് അര ടീസ്പൂണ്‍
4. ഓറഞ്ച്, മുന്തിരി, പഴം മിശ്രിതം ചെറുതായി നുറുക്കിയത് ഒരു കപ്പ്
മസ്‌ലിന്‍ തുണിയില്‍ കട്ടത്തൈര് നാല് മണിക്കൂര്‍ നേരം കെട്ടി തൂക്കിയിട്ട് വെള്ളം പൂര്‍ണമായി മാറ്റുക. തൈരുകട്ട ഒരു പ്ലേറ്റില്‍ പകര്‍ന്ന് ഉതിര്‍ത്തെടുക്കുക. പഞ്ചസാരപ്പൊടി, ഏലപ്പൊടി, പഴക്കൂട്ട് എന്നിവ ചേര്‍ത്തിളക്കുക. ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച് ഉപയോഗിക്കുക. തൈര് പുളിരുചി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
പനീര്‍ കോഫ്ത്താ കറി
പനീര്‍ തയ്യാറാക്കാന്‍
എ 1. പാല്‍ മൂന്ന് ലിറ്റര്‍
2. നാരങ്ങനീര് ഒന്നര ടീസ്പൂണ്‍
3. വെള്ളം രണ്ട് കപ്പ്
കോഫ്ത്താ തയ്യാറാക്കാന്‍
ബി 1. റൊട്ടിപ്പൊടി നാല് ടീസ്പൂണ്‍
2. പട്ട, ജാതിക്ക, ഗ്രാമ്പൂ പൊടിച്ചത് ഒരു ടീസ്പൂണ്‍
3. സാഗോ പൊടിച്ചത് മൂന്ന്-നാല് ടേബിള്‍ സ്പൂണ്‍
4. ഉപ്പ് ആവശ്യത്തിന്
5. സോഡാപൊടി കാല്‍ ടീസ്പൂണ്‍
അകമെ നിറയ്ക്കുവാന്‍ ഉള്ള കൂട്ട്:
സി 1. തൊലി കളഞ്ഞ് ചെറുതായി നുറുക്കിയ ബദാം അല്ലെങ്കില്‍ അണ്ടിപ്പരിപ്പ് 10 എണ്ണം
2. ജീരകം പൊടിച്ചത് അര ടീസ്പൂണ്‍
3. പട്ട, ജാതിക്ക, ഗ്രാംപൂ മിശ്രിതം പൊടിച്ചത്
അര ടീസ്പൂണ്‍
4. പനീര്‍ പൊടിച്ചത്
5. കൃത്രിമനിറം (മഞ്ഞ) കാല്‍ ടീസ്പൂണ്‍
6. ഏലം പൊടിച്ചത് രണ്ട് എണ്ണം
7. നെയ്യ് ആവശ്യത്തിന്
ചാറ് തയ്യാറാക്കാനുള്ള ചേരുവ
1. ചെറുതായി നുറുക്കിയ സവാള ഒന്നര കപ്പ്
2. തൈര് ഒന്നര കപ്പ്
3. പട്ട, ജാതിക്കാ, ഗ്രാമ്പൂ, ഏലം മിശ്രിതം ഒന്നര ടീസ്പൂണ്‍
4. ഉപ്പ് ആവശ്യത്തിന്
5. ഇഞ്ചി ചതച്ചത് മൂന്ന് ടീസ്പൂണ്‍
6. വെളുത്തുള്ളി നുറുക്കിയത് ആറ് അല്ലികള്‍
7. ചെറുതായി നുറുക്കിയ തക്കാളി കാല്‍ കിലോ
8. മല്ലിഇല ഒരു ടീസ്പൂണ്‍
9. ജീരകം പൊടിച്ചത് ഒന്നര ടീസ്പൂണ്‍
10. മുളകുപൊടി ഒന്നര ടീസ്പൂണ്‍
11. നെയ്യ് ഒരു ടേ.സ്പൂണ്‍
പനീര്‍ തയ്യാറാക്കുന്ന വിധം: പാല്‍ തിളപ്പിച്ച്, ചൂട് പാലില്‍ നാരങ്ങനീര് ചേര്‍ത്ത്, പാല്‍ പിരിയുന്നതുവരെ ഇളക്കുക. വീണ്ടും തണുത്ത വെള്ളം ചേര്‍ത്തിളക്കി കുറെ നേരം വെയ്ക്കുക. മസ്‌ലിന്‍ തുണിയിലൂടെ അരിച്ചെടുത്ത് ജലാംശം പിഴിഞ്ഞുമാറ്റുക. ഭാരമുള്ള ഒരു പ്ലേറ്റ് വെച്ച് അമര്‍ത്തി അതേപടി വയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് എടുത്തുമാറ്റുക. പൂര്‍ണമായി ജലം വാര്‍ന്നുകഴിഞ്ഞ പനീര്‍ പൊടിച്ചെടുക്കുക. ഇതില്‍ 'സി'യില്‍ പറയുന്ന ചേരുവകള്‍ ചേര്‍ത്ത് കുഴയ്ക്കുക. നെയ്യ് ആവശ്യത്തിന് ചേര്‍ത്ത് ഉരുളകളാക്കുക.
'ബി'യില്‍ കാണിച്ച ചേരുവകള്‍ അല്പം വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. നെല്ലിക്കാ അളവില്‍ എടുത്ത് പരത്തി അകമെ പനീര്‍ ഉരുളകള്‍ വെച്ച് ഉരുളകളാക്കുക. നെയ്യില്‍ വറുത്തെടുക്കുക.
ചാറ് തയ്യാറാക്കുവാന്‍ ആദ്യമേ സവാള ഇളം ബ്രൗണ്‍ നിറം വരുന്നതുവരെ വറുക്കുക. ഇഞ്ചി-വെളുത്തുള്ളി കൂട്ട് അരച്ചത് ചേര്‍ക്കുക. തക്കാളിയും മറ്റു മസാലകളും ചേര്‍ത്ത് വഴറ്റുക. തൈര് ചേര്‍ത്തിളക്കി പകുതി അളവു വരെ വറ്റിക്കുക. വറുത്ത കോഫ്ത്ത ചേര്‍ത്ത് ക്രമീകരിച്ച ചൂടില്‍ അഞ്ച് മിനുട്ട് പാകപ്പെടുത്തുക. മല്ലിഇല ചേര്‍ത്ത് വാങ്ങിവെക്കുക.
ക്രീം സ്പിനാച്ച്(ചീര)
1. വെണ്ണ മൂന്ന് ടേ. സ്പൂണ്‍
2. സ്പിനാച്ച് അല്ലെങ്കില്‍ ഏതെങ്കിലും ചീര രണ്ട് കപ്പ്
3. മൈദ ഒരു ടേബിള്‍ സ്പൂണ്‍
4. ക്രീം അര കപ്പ്
5. ഉപ്പ് ആവശ്യത്തിന്
6. കുരുമുളകുപൊടി, ജാതിക്ക
പൊടിച്ചതും പഞ്ചസാരയും രുചിക്കനുസരിച്ച്
7. വറുത്ത ബദാം/അണ്ടിപ്പരിപ്പ്
(ചെറുതായി നുറക്കിയത്) ഏഴ്-എട്ട് എണ്ണം
വെണ്ണ ഉരുക്കി ചീര ചേര്‍ത്തിളക്കി പാകപ്പെടുത്തുക. ചീരയില്‍ ക്രീം ചേര്‍ത്ത് അഞ്ച് മിനുട്ട് ക്രമീകരിച്ച ചൂടില്‍ പാചകം തുടരുക. ബാക്കി വരുന്നവ കൂടി ചേര്‍ത്തിളക്കി വാങ്ങിവെക്കുക. വറുത്ത ബദാം-അണ്ടിപ്പരിപ്പ് നിരത്തി അലങ്കരിക്കുക.
ചിക്കന്‍-കായ്കറി ചേര്‍ത്ത ചീസ്‌പൈ
1. കാരറ്റ്, ബീന്‍സ്, പീസ്, ക്വാളിഫഌവര്‍ സമ അളവില്‍ ചെറുതായി നുറുക്കി ഉപ്പ് ചേര്‍ത്ത് വേവിച്ചത് രണ്ടര കപ്പ്
2. ചെറുതായി നുറുക്കി ഉപ്പ് ചേര്‍ത്ത് വേവിച്ച ചിക്കന്‍ രണ്ടര കപ്പ്
2. ചീസ് ഉരച്ചത് ഒരു കപ്പ്
4. ചീസ് സാസ് മൂന്ന് കപ്പ്
5. ഉരുളക്കിഴങ്ങ് വേവിച്ചുടച്ച് ക്രീം ചേര്‍ത്തിളക്കിയത് അഞ്ച് കപ്പ്
6. പാഴ്‌സലി/മല്ലിഇല/പുതിന ഇല
ചെറുതായി നുറുക്കിയത് ഒരു ടേ. സ്പൂണ്‍
ചീസ് സാസ് തയ്യാറാക്കുന്നതിന്
1. വെണ്ണ ഒരു ടേ.സ്പൂണ്‍
2. മൈദ ഒരു ടേ. സ്പൂണ്‍
3. പാല് ഒന്നര കപ്പ്
4.ചീസ് (ചെറുതായി നുറുക്കിയത്) ഒരു കപ്പ്
5. പൊടിച്ച കടുക് കാല്‍ ടീസ്പൂണ്‍
6. ചെറുതായി നുറുക്കിയ വെളുത്തുള്ളി രണ്ട്-മൂന്ന്
ചീസ് സാസ് തയ്യാറാക്കുന്ന വിധം:
വെണ്ണ ചൂടാക്കി വെളുത്തുള്ളി ചേര്‍ത്തിളക്കുക. വാങ്ങിവെച്ച മാവ് ചേര്‍ത്തിളക്കുക. കട്ട ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക. ക്രമീകരിച്ച ചൂടില്‍ രണ്ട് മിനുട്ട് പാകപ്പെടുത്തുക. തണുപ്പിച്ച ശേഷം പാല് കുറെശ്ശെ ചേര്‍ത്ത് ഇളക്കി കട്ടിയില്ലാതെ കുഴമ്പു രൂപത്തിലാക്കുക. വീണ്ടും തിളപ്പിച്ച് കട്ടിയാവുമ്പോള്‍ ചീസും കടുക്‌പൊടിയും ചേര്‍ത്തിളക്കുക.
ക്രീം ചേര്‍ത്ത ഉരുളക്കിഴങ്ങ് തയ്യാറാക്കുന്ന വിധം:
വേവിച്ചുടച്ച ഉരുളക്കിഴങ്ങില്‍ (മൂന്ന് കപ്പ്) ചൂടു പാല് (രണ്ട് കപ്പ്) ചേര്‍ത്തിളക്കി കട്ടയില്ലാതെ കുഴമ്പു രൂപത്തിലാക്കുക. വീണ്ടും തിളപ്പിച്ച് കട്ടിയാവുമ്പോള്‍ ചീസും കടുകുപൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കുക.
ചീസ് പൈ തയ്യാറാക്കുന്ന വിധം :
വേവിച്ച കായ്കറികളും ചിക്കനും ചീസ് സാസ് ചേര്‍ത്തിളക്കുക. പരന്ന ബേക്കിങ് പ്ലേറ്റില്‍ നെയ് പുരട്ടി, അതില്‍ ഉരുളക്കിഴങ്ങ് മിശ്രിതം ഒഴിക്കുക. പ്ലേറ്റിന്റെ അരികുവശത്ത് ചുറ്റും ഉരുളക്കിഴങ്ങ് മിശ്രിതം കട്ടിയായി അല്പം ഉയരത്തില്‍ തിട്ടപോലെ വെക്കണം. ബാക്കിയുള്ളവ അകമേ പരത്തുക. ഇതിന് മുകളിലായി കായ്കറി-ചിക്കന്‍-ചീസ് മിശ്രിതം പരത്തുക. മുകളിലായി ഉരച്ച ചീസ് വിതറുക. ചുറ്റുമുള്ള തിട്ട-അല്പം ഉയര്‍ന്നുതന്നെ (ഒരു ഇഞ്ച്) ഇരിക്കാന്‍ ശ്രദ്ധിക്കുക.
25-30 മിനുട്ട്, 200 ഡിഗ്രി ഓവനില്‍ പാകപ്പെടുത്തുക. വിഭവത്തിന്റെ മുകള്‍വശം ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ചെറുതായി നുറുക്കിയ പാഴ്‌സലി ഇലകള്‍-മല്ലി ഇല-പുതിന ഇല വിതറുക. ഓവനില്‍ നിന്നും വാങ്ങി ഉപയോഗിക്കുക.
Content Highlights: recipes with milk