ക്ഷീരോല്‍പ്പാദന മേഖലയില്‍ എ 2 പാലിന്റെ ഉല്‍പ്പാദനം, ഗുണമേന്‍മ, വിപണനം എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും ചൂടുപിടിച്ചു കൊണ്ടിരിക്കുകയാണ്. എ 1 പാലിന്റെ ദോഷവശങ്ങളെക്കുറിച്ചും എ 2 പാലിന്റെ ഗുണമേന്‍മ സംബന്ധിച്ചതുമായ പഠനങ്ങള്‍ നടന്നുവരുന്നു. സമീകൃതാഹാരമായ പാലില്‍ 87.5% ജലാംശവും 12.5% ഖരപദാര്‍ത്ഥങ്ങളുമാണ്. ഖര പദാര്‍ത്ഥങ്ങളില്‍ മാംസ്യം, കൊഴുപ്പ്, ലാക്ടോസ്, ജീവകങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പാലില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കസീന്‍ എന്ന മാംസ്യത്തിന്റെ ജനിതക ഘടനയിലുള്ള വ്യത്യാസത്താലാണ് എ 1 എന്നും എ 2 എന്നും തരംതിരിച്ചിരിക്കുന്നത്. 

മനുഷ്യന്‍, എരുമ ,ആട്, ചെമ്മരിയാട് തുടങ്ങിയവ എ 2 പാല്‍ ഉല്‍പ്പാദിപ്പിക്കുന്നവയാണ്. കൂടാതെ, ഏഷ്യ, ആഫ്രിക്ക, തെക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ കന്നുകാലി ജനുസുകളും എ 2 പാല്‍ നല്‍കുന്നു. ഇന്ത്യയിലെ കര്‍ണാലില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ബ്യൂറോ ഓഫ് ആനിമല്‍ ജനറ്റിക് റിസോഴ്സസ് (NBAGR) എ 2 പാലുല്‍പ്പാദിപ്പിക്കുന്ന 200 നാടന്‍ ജനുസ്സുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ സഹിവാള്‍, റെഡ് സിന്‍ഡി, ഗിര്‍, താര്‍പ്പാര്‍ക്കര്‍ എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ വിദേശ ജനുസ്സുകളായ ജഴ്സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ തുടങ്ങിയവ പ്രധാനമായും എ 1 പാലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. നിലവില്‍ കേരളത്തില്‍ 96% സങ്കരയിനത്തില്‍പ്പെട്ട കന്നുകാലികളാണ്. അതുകൊണ്ട് എ 1 ഘടകത്തിന്റെ സാന്നിദ്ധ്യം കൂടുതലാണ്. 

നാടന്‍ ഇനത്തില്‍പ്പെട്ട കന്നുകാലികളില്‍ എ 2 ജീനുകള്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. അവയ്ക്ക് കാലാവസ്ഥയോട് ഇണങ്ങിച്ചരാനുള്ള കഴിവും രോഗപ്രതിരോധശേഷിയും കൂടുതലുമാണ്. എങ്കിലും പാലുല്‍പ്പാദനം കുറവാണ്. അതുകൊണ്ടു തന്നെ ഗിര്‍ ,സഹിവാള്‍ തുടങ്ങിയ ഇന്ത്യന്‍ ജനുസ്സുകളെ ബ്രീഡിംഗിന് ഉപയോഗിക്കാം. എ2  പാലിന് വിപണിയില്‍ സാധാരണ പാലിനേക്കാള്‍ രണ്ട് ഇരട്ടിയിലധികം വില ഈടാക്കുന്നതിനാല്‍ പാല്‍ വിപണിയില്‍ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്. 

കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ഇത് പരിശോധിച്ചറിയണമെങ്കില്‍ ജനിതക പരിശോധന നടത്താനുള്ള ഉപാധികള്‍ ഇവിടെ ഏര്‍പ്പെടുത്തണം. എ 1 പാലിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും, എ2 പാലിന്റെ ഗുണമേന്‍മയെക്കുറിച്ചും ഇനിയും ശാസ്ത്രീയമായ പഠനങ്ങള്‍ ആവശ്യമാണ്. ക്ഷീര കര്‍ഷകരും ഉപഭോക്താക്കളും ഇക്കാര്യം മനസിലാക്കേണ്ടതാണ്. 

(തുമ്പൂര്‍മുഴി കന്നുകാലി പ്രജനന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)   

Content Highlights: a1 milk and a2 milk difference