ഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് പട്ടിണിനിറഞ്ഞ ഒരു ആഫ്രിക്കന്‍ നാട്ടിലെ സ്ത്രീകള്‍ കൈവശമുള്ള കുറഞ്ഞ ധാന്യമാവിനോടുകൂടെ കളിമണ്ണുകൂട്ടി കുഴച്ചെടുത്ത് പത്തിരിപോലെ പരത്തി വെയിലില്‍ ഉണക്കി കുട്ടികള്‍ക്കും മറ്റും ഭക്ഷണമായി നല്‍കുന്നത് സാമൂഹിക മാധ്യമങ്ങള്‍ മുഖേനെ പ്രചരിച്ചു. പട്ടിണിയും വിഭവങ്ങളുടെ ദൗര്‍ലഭ്യവുമാണ് അവരെക്കൊണ്ട് അങ്ങനെ ചെയ്യിക്കുന്നത്. നിലനില്‍പ്പിനായുള്ള അന്നത്തിന്റെ അപര്യാപ്തതയാണ് ആ വീഡിയോ നമുക്കുമുന്നില്‍ അവതരിപ്പിച്ചത്.

ഭക്ഷണത്തിന്റെ പ്രാധാന്യം മറ്റാരെക്കാളും കൂടുതല്‍ അറിയുന്നവരാണ് ഭാരതീയര്‍. അന്നമയം ശരീരം എന്നാണ് പുരാണത്തിലെ ഋഷിമാരുടെ നിയമം. 

'അന്നമയ പ്രാണമയ മനോമയ വിജ്ഞാനമയ ആനന്ദമയശ്ച ഇതി.'

എന്നാണ് അവര്‍ പറയുന്നത്. അന്നമയ അന്നത്താല്‍ നിറയപ്പെട്ടത്. പ്രാണമയ പ്രാണനെ കൊണ്ട് നിറയപ്പെട്ടത്. മനോമയ മനസ്സിനാല്‍ നിറയപ്പെട്ടത്, വിജ്ഞാനമയ വിജ്ഞാനത്താല്‍ നിറയപ്പെട്ടത്. ആനന്ദമയ ആനന്ദത്താല്‍ നിറയപ്പെട്ടത്. എന്നിങ്ങനെയാണ് പഞ്ചകോശങ്ങള്‍.

'അന്നരസേനൈവ ഭൂത്വാ
 അന്നരസേനൈവ വൃദ്ധിം
 പ്രാപ്യാ അന്നമയരൂപ 
പ്രഥിവ്യാംയത് വിലീയതെ,
 തത് അന്നമയ കോശഃ' 

എന്നാണ് ജീവശരീരത്തെക്കുറിച്ചു പറയുന്നത്. അതായത് അന്നരസത്തില്‍ നിന്ന് ഉണ്ടാകുകയും അന്നംകൊണ്ടു തന്നെ വളര്‍ച്ചയെ പ്രാപിക്കുകയും അന്നമയമായ ഭൂമിയില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്നത് ഇതൊന്നാണോ അതിനെയാണ് അന്നമയ കോശം എന്ന് പറയുന്നത്.

അന്നത്തിന്റെ അല്ലെങ്കില്‍ ഭക്ഷണത്തിന്റെ പ്രാധാന്യം ജീവിവര്‍ഗത്തിന്റെ ഉത്ഭവത്തിലും പരിണാമത്തിലും നിലനില്‍പ്പിനും എത്രത്തോളമുണ്ടെന്ന് കാണിക്കാനാണ് ഋഷിവര്യന്മാര്‍ മുകളില്‍പ്പറഞ്ഞതില്‍ ആദ്യം തന്നെ അന്നത്തെക്കുറിച്ചു പറയുന്നത്. ഭക്ഷണത്തിന്റെ പ്രാധാന്യവും അത് തുല്യരീതിയില്‍ വിതരണം ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനും പട്ടിണിയെ ഇല്ലായ്മ ചെയ്യുന്നതിന് ലോകത്തിന്റെ ഗൗരവശ്രദ്ധക്ഷണിക്കാനുമാണ് ലോകഭക്ഷ്യദിനം  ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്കു കീഴിലെ ഭക്ഷ്യ-കാര്‍ഷിക സംഘടന നിലവില്‍ വന്ന ദിനമാണ് ഒക്ടോബര്‍ 16 (1945). ജനസംഖ്യ ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് ഭക്ഷണം ഉത്പാദിപ്പിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നില്ല. ഭക്ഷ്യോത്പാദനത്തിലുള്ള കുറവ് നികത്തി. ഉത്പാദിപ്പിക്കുന്നവ ശരിയായ രീതിയില്‍ വിതരണം ചെയ്യപ്പെടുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.

ഭക്ഷണം ദഹിപ്പിക്കാനുള്ള യന്ത്രങ്ങളാക്കരുത് ശരീരം

ആധുനിക ജങ്ക് ഫുഡ് സംസ്‌കാരം മനുഷ്യശരീരത്തെ ഭക്ഷണം ദഹിപ്പിക്കാനുള്ള യന്ത്രങ്ങളാക്കിമാറ്റിക്കൊണ്ടിരിക്കുകയാണ്. ലോരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്താകെ 190 കോടിക്കും 195 കോടിക്കും ഇടയിലുള്ള ആള്‍ക്കാര്‍ അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവരാണ്. ഇതില്‍ 70 കോടിക്കടുത്ത് ആള്‍ക്കാര്‍ പൊണ്ണത്തടിയന്മാരാണ്. അമിതവണ്ണം കൊണ്ടുള്ള രോഗങ്ങളില്‍ ലോകത്ത് ഓരോ വര്‍ഷവും 34 ലക്ഷം ആളുകള്‍ മരിക്കുന്നു. കാലാവസ്ഥയ്ക്കും രാജ്യത്തിനും സംസ്‌കാരത്തിനും അനുസരിച്ച ഭക്ഷണശീലത്തില്‍ നിന്ന് നാം മാറിപ്പോയി. വായുടെ രുചിയും സ്റ്റാറ്റസും മാത്രമാണ്‌ ഇന്ന് ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത്. പല വിരുന്നുകളിലും ഭക്ഷണത്തിന്റെ എണ്ണമാണ് വിരുന്നിന്റെ മേന്മ നിശ്ചയിക്കുന്നതെന്നുവരുന്നു. പഴയൊരു ചൊല്ലില്‍ അമിതമായ അളവില്‍ ഭക്ഷണം അകത്താക്കുന്നവരെ കണക്കിന് കളിയാക്കുന്നു:

''ഏകഭുക്തം മഹായോഗി
ദ്വിഭുക്തം മഹാഭോഗി
ത്രിഭുക്തം മഹാരോഗി
ചതുര്‍ഭുക്തം മഹാദ്രോഹി''

എന്നാണതില്‍ പറയുന്നത്  ദിവസം ഒരു തവണ മാത്രം ഭക്ഷണം കഴിക്കുന്നവര്‍ മഹായോഗികളാണെന്നും രണ്ടുതവണ ഭക്ഷിക്കുന്നവര്‍ മഹാ സുഖിമാന്മാരാണെന്നും മൂന്നുതവണ ഭക്ഷണം കഴിക്കുന്നവര്‍ മഹാരോഗികളായിമാറുമെന്നും നാലുതവണ ആഹരിക്കുന്നവന്‍ തനിക്കും താനടങ്ങുന്ന സമൂഹത്തിനും മഹാദ്രോഹം ചെയ്യുന്നവനുമാണ് എന്നാണ് അതില്‍ വിവക്ഷിക്കുന്നത്. അതിനാല്‍ എല്ലാവരും ഭക്ഷണകാര്യത്തിലെങ്കിലും യോഗികളായിരിക്കുക.

പാഴാക്കരുത് ഭക്ഷണം

ലോക ഭക്ഷ്യ കാര്‍ഷികസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊരുഭാഗം പാഴായിപ്പോകുന്നു എന്നാണ്. അതില്‍ സംസ്‌കരിച്ചതും സംസ്‌കരിക്കാത്തതും വേവിച്ചതും വേവിക്കാത്തതുമായ ഭക്ഷണംപെടും. വലിയ സത്കാരങ്ങളിലെ വിഭവങ്ങളുടെ തരവും എണ്ണവും വലിയ അളവിലാണ്. അവ കൂടിയ അളവില്‍ പ്ലേറ്റില്‍ പകര്‍ന്ന്  ആഹരിക്കാതെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുന്നു. ഇന്ത്യയില്‍ മാത്രം ഒരു ദിവസം 600 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് വേവിച്ചു കഴിഞ്ഞത് മാത്രം വലിച്ചെറിയുന്നത്. പണ്ട് അമേരിക്ക ഗോതമ്പിന്റെ വില പിടിച്ചുനിര്‍ത്താന്‍ ടണ്‍ കണക്കിന് ഗോതമ്പാണ് ശാന്തസമുദ്രത്തില്‍ മുക്കിക്കളഞ്ഞ്. അതുപോലെ കരുതല്‍ ശേഖരത്തിന്റെ കണക്കില്‍ ഇന്ത്യയിലടക്കം എഫ്.സി.ഐ. ഗോഡൗണില്‍ കെട്ടിക്കിടന്ന് നസിക്കുന്നത് ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങളാണ്. അങ്ങനെ നശിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ മൂന്നാലോകരാജ്യങ്ങളിലെ പട്ടിണിക്കാരുടെ കണ്ണീരൊപ്പാന്‍ ഉപയുക്തമാക്കണമെന്ന് ശബ്ദം ഉയരണം.

പട്ടിണികിടക്കുന്നത് കര്‍ഷകര്‍

ഭക്ഷണത്തിന്റെ അപര്യാപ്തതമൂലം ലോകത്ത് പട്ടിണികിടക്കുന്ന് ലോകത്തിന്റെ പട്ടിണിമാറ്റാന്‍ ചേറിലിറങ്ങിപണിയെടുക്കുന്ന കര്‍ഷകന്‍ തന്നെയാണെന്നതാണ് ഒരു വിരോധാഭാസം. ലോകത്തെ വികസ്വരരാജ്യങ്ങളിലാണ് പട്ടിണികിടക്കുന്നവരില്‍ 70 ശതമാനവും അതില്‍ത്തന്നെ മുക്കാല്‍ഭാഗവും കര്‍ഷകരാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 50 വര്‍ഷത്തോളം ചേറില്‍ തന്റെ വേര്‍പ്പ് തന്റെ ചെലവാക്കി ടണ്‍ കണക്കിന് നെല്ലുത്പാദിപ്പിച്ച തന്റെ അച്ഛന് അവസാനകാലത്ത് വയര്‍ നിറച്ചും ചോറ് കൊടുക്കാന്‍ കഴിയാത്തസങ്കടത്താല്‍ തകഴിയുടെ രണ്ടിടങ്ങഴിയിലെ നായകന്‍ കോരന്‍ വിലപിക്കുന്നതിന് സമാനമാണ് മൂന്നാം ലോക രാജ്യങ്ങളിലെ കര്‍ഷകരുടെ അവസ്ഥ എന്ന് ചുരുക്കം.

പോഷകാഹാരക്കുറവല്ല ഭക്ഷണക്കുറവ്
പോഷകാഹാരക്കുറവാണ് വികസ്വരരാജ്യങ്ങളിലെ കുട്ടികളുടെ പ്രധാന പ്രശ്നമായി പരാമര്‍ശിക്കാറ് എന്നാല്‍ അതല്ല തീരെ ഭക്ഷണം കഴിക്കാനില്ലാത്തതാണ് പലയിടത്തും പ്രശ്നം. ലോകത്താകെ 82 കോടിയോളം ജനങ്ങള പട്ടിണിയിലാണ്. അതില്‍ത്തന്നെ 60 അതമാനവും സ്ത്രീകളാണ്. മാത്രമല്ല ലോകത്ത് മരിക്കുന്ന കുഞ്ഞുങ്ങളില്‍ 50 ശതമാനത്തിനടുത്ത് മരിക്കുന്നത് മതിയായ ആഹാരത്തിന്റെ അപര്യാപ്തതകൊണ്ടാണ്. ഒരു വശത്ത് കോടിക്കണക്കിന് ടണ്‍ ഭക്ഷണം പാഴാകുമ്പോള്‍ മറുവശത്ത് കോടിക്കണക്കിന് മനുഷ്യര്‍ ഭക്ണം കിട്ടാതെ മരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും നമുക്ക് പട്ടിണി മരണത്തില്‍ നിന്നും രക്ഷിക്കണം. അതിന് ലോകത്തെ എല്ലാരാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാലേ സാധ്യമാകൂ. അതിനുള്ള പ്രതിജ്ഞ നാമോരോരുത്തരും ലോകഭക്ഷ്യദിനത്തിന്റെ അവസരത്തില്‍ പുതുക്കണം.