വിശന്നതിന്റെ പേരിൽ മരണപ്പെട്ടവനാണ് മധു... അരി തേടിയവന്‌ വായ്ക്കരിയിട്ടത് ഇന്നും ആരും മറന്നുകാണില്ല. ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചുവെന്ന തെറ്റിന് അവന് നൽകേണ്ടിവന്നത് ജീവനായിരുന്നു. ഒക്ടോബർ 16-ന്‌ ലോക ഭക്ഷ്യദിനം ആചരിക്കുമ്പോൾ നാം ഓർമിക്കേണ്ടത് മധുവിനെപ്പോലെയുള്ളവരെയാണ്. വിശപ്പ് മാത്രമായിരുന്നു അവന്റെ തെറ്റ്. ആഹാരത്തിന്റെ പേരിൽ ആർഭാടമെഴുതുന്ന മലയാളിയുടെ പുറംപൂച്ചുകളിൽ മങ്ങിപ്പോകുന്ന പാവപ്പെട്ടവന്റെ ചിത്രമാണത്.

ഒരു നേരത്തെ ഭക്ഷണത്തിനായി വഴിയരികിൽ കൈനീട്ടിയിരിക്കുന്നവർ നിത്യ കാഴ്ചയാണ്... ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവർ, ഉറങ്ങാൻ വീടിന്റെ സുരക്ഷിതത്വം ഇല്ലാത്തവർ, ശരിയായ ആരോഗ്യപരിപാലനത്തിന് അവസരം കിട്ടാത്തവർ... ഇങ്ങനെ ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുന്ന മനുഷ്യർ ലോകത്ത് ഇന്നും നിരവധിയാണ്. പോഷകാംശമില്ലാത്ത ഭക്ഷണം ലോകത്തെ സമ്പദ് വ്യവസ്ഥയെ തകർക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യസമിതി വിലയിരുത്തിയിട്ടുണ്ട്. ഭക്ഷണം പാഴാക്കുന്നതിനെതിരേയും ഭക്ഷ്യ വിഷത്തിനെതിരേയുമുള്ള മുന്നറിയിപ്പാണ് ലോക ഭക്ഷ്യദിനം.

മനുഷ്യന് വെള്ളവും വായുവും പോലെതന്നെ പ്രാഥമികാവശ്യങ്ങളിലൊന്നാണ് ഭക്ഷണവും. ലോകമെമ്പാടും പിഞ്ചുകുട്ടികളും വയോധികരുമുൾപ്പെടെ ലക്ഷക്കണക്കിനു പേരാണ് ഒരു നേരത്തിനു പോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നത്. ഒരുമണി ചോറുപോലും വിലപ്പെട്ടതാണെന്ന് നമ്മളിൽ എത്രപേർ ഓർക്കാറുണ്ട്...?

തുടക്കം

1945-ൽ സ്ഥാപിതമായ ലോക ഭക്ഷ്യ-കാർഷിക സംഘടനയാണ് ദിനാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. സംഘടന രൂപവത്‌കൃതമായ ഒക്ടോബർ 16-നാണ് ഭക്ഷ്യദിനമായി ആചരിക്കുന്നത്. ദാരിദ്ര്യം, പട്ടിണി എന്നിവയ്ക്കെതിരേയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ 1979-ലാണ് ദിനാചരണം തുടങ്ങിയത്. ലോകത്തിന്റെ ദാരിദ്ര്യം മനുഷ്യസമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിക്കുക, സാങ്കേതിക വിദ്യകളുടെ കൈമാറ്റത്തിന് രാഷ്ട്രങ്ങൾക്ക് പ്രേരണയാവുക, ആഹാരത്തിലും കൃഷിയിലും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കുക, പട്ടിണി, പോഷകക്കുറവ്, ദാരിദ്ര്യം എന്നിവയുടെ നിർമാർജനത്തിന് ദേശീയവും അന്തർദേശീയവുമായ സഹകരണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളാണ്.

ആഹാരമെന്ന ആഡംബരം

ഭക്ഷണം കിട്ടാത്തവനു മാത്രമേ അതിന്റെ യഥാർത്ഥ മൂല്യമറിയൂ. നഗരാഘോഷങ്ങളുടെ നിറവിൽ നിൽക്കുമ്പോൾ നമ്മളിൽ പലർക്കും ഭക്ഷണമെന്നത് ആഡംബര വസ്തുവാണ്. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്ക് എന്തിനും ഏതിനും ഭക്ഷണമുണ്ടാക്കേണ്ടി വന്നാൽ ലക്ഷങ്ങൾ ചെലവഴിക്കാൻ ആരും മടിക്കാറില്ല. ആവശ്യത്തിനു വേണ്ടിയാണോ ഇത്രയും പണം ചെലവഴിച്ചതെന്ന് ആർക്കും വലിയ നിശ്ചയമുണ്ടാകില്ല. അതു കൊണ്ടുതന്നെയാണ് ഇത്തരം ചടങ്ങുകൾക്കു ശേഷം ടൺകണക്കിന് ഭക്ഷണം ബാക്കിവരുന്നത്. ഭക്ഷണം ബാക്കിവന്നാൽ എന്തുചെയ്യണം എന്നത് ആരും ചിന്തിച്ചിട്ടുണ്ടാവില്ല. ഒടുവിൽ ബാക്കിവന്ന ഭക്ഷണവുമായി ഓട്ടമാണ്... സന്നദ്ധ സംഘടനകളിലേക്കോ വയോജന പരിപാലന സ്ഥലങ്ങളിലേക്കോ അനാഥാലയങ്ങളിലേക്കോ ഉള്ള വിളിയാണ്. ‘ചടങ്ങുകൾക്കു ശേഷമുള്ള ഭക്ഷണം വിശക്കുന്നവന് നൽകാം’ എന്നത് വളരെ വൈകിയുള്ള തീരുമാനമായിരിക്കും. പലപ്പോഴും വൈകിയെത്തുന്ന ഇത്തരം ഭക്ഷണം പാവപ്പെട്ടവന്റെ പാത്രങ്ങളിലെത്തുമ്പോൾ കേടായിക്കഴിഞ്ഞിട്ടുണ്ടാകും. ചിലർ ഇതിനൊന്നും മെനക്കെടാതെ റോഡരികിലോ പൊതുസ്ഥലത്തോ ആരും അറിയാതെ വലിച്ചെറിഞ്ഞുകഴിഞ്ഞിരിക്കും... ചിലർ സ്വന്തം ചെലവിൽ കുഴി വെട്ടി മൂടും... പക്ഷേ, ഏറ്റവും ദുഃഖകരമായ സത്യം അപ്പോഴും വിശന്നിരിക്കുന്ന ഒരുവൻ ഭക്ഷണത്തിനായി യാചിക്കുന്നുണ്ടാവും എന്നതാണ്.

കുട്ടികളുടെ ത്യാഗാർച്ചന

‘ഒരു നേരത്തെ ഭക്ഷണം വിശന്നവന് നൽകുക’ എന്നതിൽ കവിഞ്ഞ നന്മ മറ്റൊന്നില്ല. അത് തിരിച്ചറിയുന്ന ചിലർ നഗരത്തിലുണ്ട് എന്നത് പ്രത്യാശയേകുന്നു. അക്കൂട്ടരിലൊരു സംഘമാണ് പാലാരിവട്ടം ‘ലോജിക് സ്കൂൾ ഓഫ് മാനേജ്‌മെന്റി’ലെ വിദ്യാർഥികൾ. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഇവിടെ നിന്ന് സ്ഥിരമായി തെരുവോരത്തും കാക്കനാട്, തേവര എന്നിവിടങ്ങളിലെ വയോജന കേന്ദ്രങ്ങളിലും ഭക്ഷണം എത്തിച്ചുകൊടുക്കുന്നുണ്ട്.

food day
പാലാരിവട്ടം ലോജിക് സ്‌കൂള്‍ ാേഫ് മാനേജ്‌മെന്റിലെ കുട്ടികള്‍
ഭക്ഷണം വിതരണം ചെയ്യുന്നു

അതിനായി കുട്ടികളുടെ നേതൃത്വത്തിൽ ‘ത്യാഗാർച്ചന’ എന്നൊരു പദ്ധതിയും നടപ്പാക്കിവരുന്നു. കുട്ടികൾ തങ്ങളുടെ ഉച്ചഭക്ഷണമാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. ഓരോ ക്ലാസിന്റെയും നേതൃത്വത്തിലാണ് ഇത്‌ നടപ്പാക്കിവരുന്നത്. കുട്ടികൾ തങ്ങൾക്കായി കൊണ്ടുവരുന്ന ഭക്ഷണം നേരിട്ടു കൊണ്ടുപോയി കൊടുക്കുകയാണ് ചെയ്യുന്നത്. ഭക്ഷണം വിതരണം ചെയ്യുന്ന ദിവസം കുട്ടികൾ അവരോടൊപ്പം ചെലവഴിക്കുകയും ചെയ്യുന്നുണ്ടെന്ന് അക്കാദമി ഹെഡ് ജാൻസി സെബാസ്റ്റ്യൻ പറഞ്ഞു. കുട്ടികളിൽ, പണം പിരിച്ചെടുത്ത് ഭക്ഷണം എത്തിച്ചുകൊടുക്കുന്ന സംവിധാനവും നടത്തിവരുന്നു.

നന്മ വിളമ്പുന്നവർ

എരൂർ സ്വദേശിയായ രാജി സതീഷും പനമ്പിള്ളി നഗർ സ്വദേശി വത്സ റോയിയും നാലു വർഷമായി ഭക്ഷണമെത്തിച്ചുകൊടുക്കുന്നത് നൂറിലേറെ പേർക്കാണ്. ഒരു നിർബന്ധിത പ്രവർത്തനമല്ല അവർക്കത്... അതൊരു മനസ്സാണ്. ‘വിശന്നവന് അന്നമെത്തിച്ചുകൊടുക്കുക’ എന്നത് ധർമമായി കരുതുന്നവരാണ് ഇരുവരും. നാലു വർഷം മുൻപ് ആറ്‌ പൊതിച്ചോറുമായി തുടങ്ങിയതാണ് ഈ ചോറുനൽകൽ പരിപാടി. ഒരു വീട്ടിൽനിന്ന് രണ്ടു പൊതിച്ചോർ എന്ന നിലയിൽ 150 പൊതികൾ അവർ വിതരണം ചെയ്യുന്നുണ്ട്. ഓരോ വീട്ടിൽനിന്നും ഭക്ഷണപ്പൊതികൾ ശേഖരിച്ച്‌ അവർ നേരിട്ടു വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. വീട്ടമ്മയായ വത്സയും റിട്ട. എ.ഡി.എം. ആയ രാജിയും ഇത്‌ ഒരു കർത്തവ്യമായി കരുതുന്നു. നാലു വർഷമായിട്ടും തങ്ങൾ രണ്ടുപേരല്ലാതെ ഭക്ഷണം വിതരണം ചെയ്യാനായി ആരും മുന്നോട്ടു വന്നിട്ടില്ലെന്ന് അവർ പറയുന്നു. ഭക്ഷണം നൽകാനായി നിരവധി പേരാണ് മുന്നോട്ടുവരുന്നത്. ടൂവീലറിൽ വീട്ടിലെത്തി ഭക്ഷണം ശേഖരിക്കുകയാണ് ചെയ്യുന്നത്.

food
രാജിയും വത്സയും

 

ബാക്കി വന്ന ഭക്ഷണം വേണ്ടേ വേണ്ട

ചടങ്ങുകളിലും വിശേഷ ദിവസങ്ങളിലും ബാക്കിവരുന്ന ഭക്ഷണം നൽകാൻ സന്നദ്ധരായി നിരവധി പേർ സമീപിച്ചിട്ടുള്ളതായും രാജി പറയുന്നു. എന്നാൽ, തങ്ങൾ അത്തരത്തിൽ ഭക്ഷണം ശേഖരിക്കാറില്ലെന്ന് അവർ പറയുന്നു. പലപ്പോഴും ബാക്കിവരുന്ന ഭക്ഷണം അതിരാവിലെ പാചകം ചെയ്തതായിരിക്കും. വൈകുമ്പോൾ അതു കേടാകും. അതു മാത്രവുമല്ല, പ്രായമായവരും വയ്യാത്തവരുമായി നിരവധി ആളുകൾക്കാണ് ഭക്ഷണം കൊടുക്കുന്നത്. അവർക്ക് നല്ലതുതന്നെ കൊടുക്കണമെന്ന നിർബന്ധവുമുണ്ട്. പലരും സ്ഥിരമായി മരുന്നു കഴിക്കുന്നവരാണ്. ഭക്ഷണമായി വരുന്നവരോട് ഒന്നേ പറയാനുള്ളൂ, ‘എന്തിനാണ് വൈകിക്കുന്നത്... അവർക്ക് കൊടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ നേരത്തെ തന്നെ എടുത്തുവച്ചാൽ മതിയല്ലോ. അല്ലാതെ വൈകി, ബാക്കിവന്ന ഭക്ഷണം നിരാലംബരായവർക്ക് കൊടുക്കാൻ ഒരുങ്ങുമ്പോൾ അവർക്കത് പ്രയോജനം ചെയ്യുമോ എന്നും അന്വേഷിക്കണം’.

പൊതിച്ചോർ തരുന്നവർ പരിചയക്കാരോ കൂട്ടുകാരോ മാത്രമല്ല. അറിഞ്ഞു കേട്ട്‌ വരുന്നവരാണ് അധികവും. അതുകൊണ്ടുതന്നെ ഭക്ഷണം കൊടുക്കാൻ ഇതുവരെ മുട്ടുണ്ടായിട്ടില്ല. വർഷങ്ങളായി ഭക്ഷണം തരുന്നവരുണ്ട്. ദിവസത്തിൽ അഞ്ചുപൊതികൾ നൽകുന്നവരുണ്ട്. അതുകൊണ്ടുതന്നെ, ബാക്കിയായ ഭക്ഷണം കൊടുക്കേണ്ടി വന്നിട്ടില്ല. ഇനിയും ഇതു തുടരണമെന്നാണ് ആഗ്രഹം. ഇതിൽ കൂടുതൽ എണ്ണം തങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയില്ലെന്നും അവർ പറയുന്നു. കൂടുതൽ ആളുകൾ ഭക്ഷണം വിതരണം ചെയ്യാനും മുന്നോട്ടു വരണമെന്ന്‌ അവർ ആശിക്കുന്നു.

കുറച്ച് ഭക്ഷണമുണ്ട് എത്തിക്കട്ടേ?

തെരുവോരം മുരുകൻ നടത്തിവരുന്ന കാക്കനാട്ടുള്ള സന്നദ്ധ സംഘടനയായ ‘തെരുവോര’ത്തിലേക്ക് ഇത്തരത്തിൽ ദിവസവും നിരവധി അന്വേഷണങ്ങളാണെത്തുന്നത്. പതിവുകാര്യങ്ങളാണ് ഇതെന്ന്‌ മുരുകൻ പറയുന്നു. ചടങ്ങുകളിലും വിശേഷ ദിവസങ്ങളിലും ഉണ്ടാക്കിയ ഭക്ഷണമാണ്... ബാക്കിവന്നതുമൂലമാണ് ആളുകൾ വിളിക്കുന്നത്. ടൺകണക്കിന് ഭക്ഷണമാണ് ഇത്തരത്തിൽ നഗരത്തിൽ ഓരോ ദിവസവും ബാക്കിയാകുന്നതെന്ന് മുരുകൻ പറയുന്നു. പറ്റുമെങ്കിൽ പോയി എടുത്തു വന്ന് അന്തേവാസികൾക്ക് എത്തിച്ചുകൊടുക്കും. ചിലപ്പോൾ കേടായിപ്പോകും. കാരണം, വളരെ നേരത്തെ ഉണ്ടാക്കിയ ഭക്ഷണമല്ലേ, രാത്രിയാകുമ്പോൾ കേടാകും. വൈകി നടക്കുന്ന ചടങ്ങുകളിലെ ഭക്ഷണമെടുക്കാൻ പോകാറില്ല. കാരണം, രോഗികളായവരും പ്രായമായവരുമാണ് തെരുവോരത്തിലുള്ളതിൽ അധികം. അവർക്ക് വൈകി ഭക്ഷണം നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് ഭക്ഷണം

പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് ഭക്ഷണം നൽകാൻ സംവിധാനമൊരുക്കണമെന്നും മുരുകൻ പറയുന്നു. അവിെടയെത്തുന്നവർ നിരവധിയാണ്. ദീർഘദൂര ലോറികളിൽ ജോലിയെടുക്കുന്നവർക്കും പാവങ്ങൾക്കും ഇത് ഉപകാരമാകും. ഇതൊരു നിർദേശമാണ്. അതിന്റെ നടപടികളെക്കുറിച്ച് അധികൃതർ തീരുമാനമെടുക്കണം. കാരണം, അത്രയധികം ഭക്ഷണമാണ് ഓരോ ദിവസവും പാഴായിപ്പോകുന്നത്. അത് ശേഖരിക്കുന്നതിനായി കൃത്യമായ ഒരു സംവിധാനം നിലവിൽ വരണം -മുരുകൻ പറയുന്നു.

ഇത്തരത്തിൽ ഭക്ഷണം പാഴായിപ്പോകുമ്പോൾ നാം ചിന്തിക്കേണ്ടിയിരുക്കുന്നു, ഭക്ഷണം അമൂല്യമാണ്... അത് അർഹതപ്പെട്ടവന് ലഭിക്കണം... വിശപ്പൊരു കുറ്റമല്ല... പക്ഷേ, ഭക്ഷണം പാഴാക്കിക്കളയുന്നത് വലിയ തെറ്റാണ്.