ധുരത്തിന്റേയും ആതിഥ്യമര്യാദയുടേയുമെല്ലാം  നടാണ് കോഴിക്കോടെങ്കിലും  ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കൈനീട്ടുന്നവരുണ്ട്  ഇന്നും നഗരത്തിന്റെ ഓരോ ഭാഗത്തും. വിശപ്പ് രഹിത നഗരം പോലുളള പദ്ധതികള്‍ ജില്ലാ ഭരണകൂടം അടക്കം പലപ്പോഴും നടപ്പിലാക്കാന്‍ ശ്രമിച്ചുവെങ്കിലും ഇതൊന്നും നഗരത്തിന്റെ വിശപ്പിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല.

പാളയത്തായാലും റെയില്‍വേ സ്റ്റേഷനായും മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് പരിസരമായാലുമെല്ലാം വിശന്ന് കൈനീട്ടുന്നവരെ മറികടക്കാതെ നഗരത്തിന്റെ കാഴ്ചയിലേക്ക് പോവാന്‍ കഴിയില്ല എന്നതാണ് യഥാര്‍ഥ്യം.  ഇത്തരക്കാര്‍ക്ക് അത്താണിയായി ഒരു സന്നദ്ധ സംഘടനയുണ്ട് കോഴിക്കോട്. അത്താഴക്കൂട്ടം. കല്യാണ വീടുകളില്‍ നിന്നും സല്‍ക്കാര പാര്‍ട്ടികളില്‍ നിന്നുമെല്ലാം ഭക്ഷണം സ്വീകരിച്ച് നഗരത്തിന്റെ വിശപ്പകറ്റാന്‍ ഓടി നടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍. 

അത്താഴക്കൂട്ടം കോഴിക്കോടിന്റെ വിശപ്പകറ്റാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷത്തോളമായെങ്കിലും  ഇടയ്ക്ക് ഇതിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. പക്ഷെ ഐ.ടി പ്രൊഫഷണല്‍ അടക്കമുള്ളവരുടെ പിന്തുണയോടെ രണ്ട് വര്‍ഷത്തിനിപ്പുറം ഇവര്‍ തിരിച്ച് വന്നിരിക്കുകയാണ്. ഭക്ഷണം കളയാനുള്ളതല്ല വിളിപ്പുറത്ത് ഞങ്ങളുണ്ട് എന്ന സന്ദേശം നല്‍കിക്കൊണ്ട്. നിലവില്‍ റസാഖ് കിനാശ്ശേരിയെന്ന സാമൂഹിക പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ 28 വളണ്ടിയര്‍മാരാണ്  അത്താഴക്കൂട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. പലരും ഐ.ടി പ്രൊഫഷണലുകളും മെഡിക്കല്‍ പ്രൊഫഷണലുകളുമെല്ലാമാണ്.

വലിയ പാര്‍ട്ടി നടത്തി ആവശ്യത്തിനും അനാവശ്യത്തിനും ഭക്ഷണമുണ്ടാക്കി അവസാനം കുഴിയെടുത്ത് മൂടക. കഴിഞ്ഞ കുറച്ചുകാലമായി മലയാളിയുടെ ശീലത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു ഈ ആഡംബര ഭക്ഷണ രീതി. കല്ല്യാണമായാലും പിറന്നാള്‍ ആയാലും നവതിയായാലും മലയാളിയുടെ ഈ ആഡംബര ഭക്ഷണ ശീലവും ഭക്ഷണം നശിപ്പിച്ചുകൊണ്ടുളള ആഘോഷങ്ങള്‍ അനിയന്ത്രിതമായി തുടരുകയാണ്. ഇത്തരക്കാരോട് ഭക്ഷണം നശിപ്പിക്കല്ലേ വിശക്കുന്നവര്‍ നമുക്കിടയില്‍ ഭക്ഷണത്തിനായി കാത്തിരിപ്പുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ് അത്താഴക്കൂട്ടം.
 
ബാക്കിവരുന്ന ഭക്ഷണങ്ങള്‍  വൈകുന്നേരം ഏഴ് മണിക്ക് മുന്നെയെങ്കിലും  അത്താഴക്കൂട്ടത്തെ ഏല്‍പിച്ചാല്‍ അവര്‍ തിരിച്ചെടുക്കും. അങ്ങനെ ഭക്ഷണമില്ലാതെ  കൈനീട്ടുന്നവര്‍ക്ക് അത്താഴക്കൂട്ടം അത്താണിയാവും. തെരുവിലെ ഭക്ഷണ വിതരണത്തിന് പുറമെ മെഡിക്കല്‍ കോളേജ്, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വളണ്ടിയര്‍മാര്‍ ഭക്ഷണ വിതരണം നടത്തുന്നുണ്ട്.  ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിച്ച ശേഷം പാക്കറ്റുകളിലാക്കി ഇവര്‍ സ്വന്തം വാഹനത്തില്‍ ആവശ്യക്കാരില്‍ എത്തിക്കും. 

ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും മറ്റും കിടക്കുന്ന നിരവധി പേരുണ്ട് നഗരത്തില്‍. എന്നാല്‍ ഇതേ നഗരപരിധിക്കുള്ളില്‍ തന്നെ ദിവസവും കുഴിച്ച് മൂടുന്ന അല്ലെങ്കില്‍ മാലിന്യ പ്ലാന്റില്‍ തള്ളുന്ന ഭക്ഷണത്തിന്റെ അളവ് നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറമാണ്. ഈയൊരു സാഹചര്യത്തിലാണ് തങ്ങള്‍ ഇങ്ങനെയൊരു സേവന പദ്ധതിയുമായി മുന്നോട്ട് വന്നതെന്ന് അത്താഴക്കൂട്ടത്തിലെ റസഖ് കിനാശ്ശേരി പറയുന്നു. അത്താഴക്കൂട്ടത്തിന്റെ സേവനം കേട്ടറിഞ്ഞ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുമ്പോള്‍ ഇവര്‍ക്കായിമാത്രം ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നവരുമുണ്ട്. 

വിശക്കുന്നവന് നല്ല ഭക്ഷണം ലഭിക്കുമ്പോള്‍ അവരുടെ മുഖത്തുണ്ടാകുന്ന സംതൃപ്തിയേക്കാള്‍ വലിയ പുണ്യം മറ്റൊന്നിനുമില്ലെന്ന് സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. സഹജീവികളുടെ കണ്ണീരൊപ്പുക ജീവിതത്തില്‍ വലിയൊരു സല്‍കര്‍മം ചെയ്തതിന്റെ തൃപ്തിയോടെ തിരിച്ച് പോവുക അത്രമാത്രമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. അതിന് ഏറെ പിന്തുണ ലഭിക്കുന്നുവെന്നത് സന്തോഷകരമായ കാര്യമാണെന്ന് വളണ്ടിയര്‍മാര്‍ ഒന്നടങ്കം പറയുന്നു. ഭക്ഷണം ബാക്കിയായാല്‍ 9961701300, 8111833360, 846231623 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ അത്താഴക്കൂട്ടം ഭക്ഷണമെടുത്ത് തിരിച്ച് പോവും.