ഒക്ടോബർ 16, ലോക ഭക്ഷ്യദിനം. വൈവിധ്യമാർന്ന
ഭക്ഷണങ്ങൾ കൊണ്ടുള്ള ആഘോഷം മാത്രമല്ല,
വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഭക്ഷ്യദിനം.
വിശപ്പ് എന്ന മൂന്നരക്ഷ വികാരത്തോടുള്ള സമരം.
ലോകം വികസനത്തിന്റെ കുതിപ്പിൽ ഒരു വശത്ത്
പാഞ്ഞുപോകുമ്പോൾ മറുവശത്തെ വിശപ്പിന്റെ
വിളികൾക്ക് ആരും കാതോർക്കുന്നില്ല. പ്രത്യക്ഷത്തിൽ
ലോക ജനതയുടെ വിശപ്പകറ്റാനുള്ള മാർഗമാണെങ്കിലും
പരോക്ഷത്തിൽ ഈ വികാരത്തിന് കടിഞ്ഞാണിടാൻ
സാധിക്കുന്നില്ല എന്നതാണ് വാസ്തവം.

1945ൽ രൂപീകൃതമായ ഐക്യരാഷ്ടരസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയുടെ നേതൃത്വത്തിൽ 1979 മുതലാണ് ഒക്ടോബർ 16 ലോക ഭക്ഷ്യദിനമായി ആചരിക്കുന്നത്. ലോകത്തെ ലക്ഷോപലക്ഷം ജനങ്ങളുടെ വിശപ്പിന്റെയും ദാരിദ്രത്തിന്റയും പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാനും പരിഹാരമാർഗം കണ്ടെത്താനുമുള്ള ബോധവൽക്കരണം കൂടിയാണ് ഈ ദിനം. ലോകത്തെ 150 രാജ്യങ്ങളിലായാണ് ഭക്ഷ്യദിനാഘോഷം നടത്തുന്നത്. 2018ലെ ഭക്ഷ്യ കാർഷിക സംഘടന പ്രകാരം, ചെറിയ കാലയളവിനു ശേഷം വീണ്ടും ലോകത്ത് പട്ടിണിനിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. 820 ദശലക്ഷം ആളുകളാണ് ദീർഘകാലമായി അൽപാഹാരമായി കഴിയുന്നത്. ലോകത്തെ ഭക്ഷ്യോൽപാദനം വർധിപ്പിക്കാനും 2030 ഓടെ സീറോ ഹഗർ എന്ന സ്ഥിതിയിലേക്ക് കൊണ്ടു വരുന്നതിനും എല്ലാ രാജ്യങ്ങളും ഭൂഖണ്ഡങ്ങളും തൊഴിൽ മേഖലകളുടെയും പങ്കാളിത്തം അനിവാര്യമാണെന്ന് ഈ വർഷത്തെ മുദ്രവാക്യമായ our actions are our future എന്നത് നാം ഓരോരുത്തരേയും ഓർമ്മപ്പെടുത്തുന്നുണ്ട്.

ലോകത്ത് 70 ശതമാനം പട്ടിണി അനുഭവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. ഇതിൽ വലിയൊരു ശതമാനവും കൃഷി ജീവിതമാർഗമാക്കിയവരാണ്. നഗരങ്ങളിൽ സാമൂഹ്യപരിരക്ഷാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനോടൊപ്പം തന്നെ സ്വകാര്യമേഖലകളിൽ നിന്ന് കാർഷികമേഖലയിലേക്ക് കൂടുതൽ നിക്ഷേപം നടത്താനും സർക്കാർ അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. ചെറുകിട കർഷകർക്ക് ഉത്പാദനക്ഷമതയും വരുമാനവും വർദ്ധിപ്പിക്കുന്നതിന് പുതിയ സുസ്ഥിര കാർഷിക രീതികൾ സ്വീകരിക്കേണ്ടതുണ്ട്. എയ്ഡ്‌സ്, മലേറിയ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ചു മരിക്കുന്നതിലും വേദനാജനകമാണ് വിശപ്പുമൂലമുള്ള മരണം. ലോകജനതയ്ക്ക് ആവശ്യമായ സുരക്ഷിതമായ പോഷകാഹാരം നൽകുകയും അത് എല്ലാവരിലും എത്തിക്കാനുള്ള സാഹചര്യവുമുണ്ടെങ്കിൽ മാത്രമേ ലോകത്ത് ഭക്ഷ്യസുരക്ഷ പ്രവർത്തികമാവുകയുള്ളൂ. ലോകത്തെ ഒരു വിഭാഗം അമിതാഹാരം മൂലം ആരോഗ്യപ്രശ്‌നങ്ങൾക്ക് പിന്നിൽ പായുമ്പോൾ മറ്റൊരു വിഭാഗം പട്ടിണിയും ദാരിദ്രവും മൂലം വീർപ്പുമുട്ടുകയാണെന്നു കൂടി നാം തിരിച്ചറിയേണ്ടതുണ്ട്.