എളുപ്പത്തിൽ പാചകം ചെയ്യാവുന്ന വിഭവങ്ങൾ തേടി ഇന്റർനെറ്റിലൂടെ നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ‘റെസിപ്പി ബുക്ക്’ എന്ന ആപ്പ് പിറക്കുന്നത്.

നിഖിൽ ധർമൻ, അരുൺ രവി, അനൂപ് ബാലകൃഷ്ണൻ എന്നിങ്ങനെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് 2012 ലാണ് റെസിപ്പി ബുക്കിന് രൂപം നൽകുന്നത്.

ബാച്ചിലർ ജീവിതത്തിനിടയ്ക്കുള്ള പാചകാന്വേഷണ പരീക്ഷണങ്ങളാണ് റെസിപ്പി ബുക്കിലേക്ക് നയിച്ചതെന്ന് ഇവർ പറയുന്നു. ഇന്ന് ഏഴ് ലക്ഷം വിഭവങ്ങളുടെ പാചകക്കുറിപ്പുകളാൽ സമൃദ്ധമാണ് റെസിപ്പി ബുക്ക്‌.

ഗൂഗിൾ എഡിറ്റേഴ്‌സ് ചോയ്‌സ് അംഗീകാരം തുടങ്ങി സംസ്ഥാന സർക്കറിന്റെ മികച്ച സ്റ്റാർട്ടപ്പിനുള്ള പുരസ്കാരം വരെ റെസിപ്പി ബുക്ക് നാല്‌ വർഷത്തിനകം നേടിക്കഴിഞ്ഞു. 

ഗൂഗിൾ പ്ലേയിൽ എഡിറ്റേഴ്‌സ് ചോയ്‌സായി റെസിപ്പി ബുക്ക് തിരഞ്ഞെടുക്കപ്പെട്ടത് അടുത്തിടെയാണ്. ഇന്ത്യയിൽ നിന്നാദ്യമായാണ് ഒരു ആപ്പ് ഈ അംഗീകാരം നേടുന്നതെന്ന് റെസിപ്പി ടീം അവകാശപ്പെടുന്നു.

ഗൂഗിൾ വാർഷിക മേളയിൽ ആപ്ലിക്കേഷൻ അവതരിപ്പിക്കാനും ഇവർക്ക് അവസരം ലഭിച്ചു. പാചകക്കുറിപ്പുകളുടെ വൈവിധ്യമാണ് ഈ ആപ്ലിക്കേഷനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളിലൊന്ന്.

ഓരോ വ്യക്തിയുടെയും അഭിരുചി തിരിച്ചറിഞ്ഞ് പാചകക്കുറിപ്പുകൾ ലഭ്യമാക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. 

ലഭ്യമായ ചേരുവകളുടെ ഫോട്ടോ അപ്‌ലോഡ്‌ ചെയ്താൽ അതുപയോഗിച്ച് തയ്യാറാക്കാവുന്ന വ്യത്യസ്തമായ വിഭവങ്ങളുടെ ലിസ്റ്റ് റെസിപ്പി ബുക്ക് നൽകും.

ഓരോ വ്യക്തിയുടെയും താത്‌പര്യം വിലയിരുത്തിയാണ് രുചിക്കുറിപ്പുകൾ അവതരിപ്പിക്കുന്നതെന്ന് റെസിപ്പി ബുക്ക് സംഘം പറയുന്നു.

ഓരോ വിഭവത്തിലും അടങ്ങിയിരുക്കുന്ന കലോറി തുടങ്ങിയ ആരോഗ്യപരമായ വിവരങ്ങളും ഇതിനൊപ്പമുണ്ടാകും.

ഇതിനകം 19 ലക്ഷം ഡൗൺലോഡുകൾ റെസിപ്പി ബുക്കിന് ലഭിച്ചിട്ടുണ്ട്. 28 രാജ്യങ്ങളിലായി പടർന്നു കിടക്കുകയാണ് ഉപഭോക്താക്കളുടെ ശൃംഖല. 

‘അഗ്രിമ ഇൻഫോടെക്‌’ എന്ന പേരിൽ ഇവർ കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻഫോപാർക്കിലെ നാസ്‌കോമിന്റെ സ്റ്റാർട്ടപ്പ് വെയർഹൗസും സ്റ്റാർട്ടപ്പ് വില്ലേജും കേന്ദ്രീകരിച്ചാണ് പ്രവർത്തനം.