രാമശ്ശേരി ഇഡ്ഢലിയെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. എന്നാല്‍, നാവില്‍ അലിഞ്ഞു ചേരുംവിധം മൃദുലമായ ഈ ഇഡ്ഢലികള്‍ രുചിച്ചറിഞ്ഞവര്‍ വടക്കന്‍ മലബാറില്‍ വിരളമായിരിക്കും.
 
കേരളത്തിന്റെ രുചിപ്പെരുമ യൂറോപ്യന്‍ നാടുകളിലേക്കുവരെ പകര്‍ന്ന രാമശ്ശേരി ഇഡ്ഢലി മാതൃഭൂമി ഫുഡ്ഫെസ്റ്റിവലില്‍ ശ്രദ്ധാകേന്ദ്രമാകും. പാലക്കാട് രാമശ്ശേരിയില്‍ ഇഡ്ഢലിയുണ്ടാക്കുന്ന സരസ്വതി ടീ സ്റ്റാളിലെ വിജയകുമാറും ഭാര്യ സ്മിതയും സ്മിതയുടെ സഹോദരി പ്രിയയും നൂറ്റാണ്ടുകളുടെ രുചി മേളയിലേക്ക് പകരും. 

200 വര്‍ഷങ്ങള്‍ക്ക് മുമ്പ്, സ്മിത, പ്രിയ സഹോദരങ്ങളുടെ പൂര്‍വികര്‍ സ്ഥാപിച്ചതാണ് സരസ്വതി ടീ സ്റ്റാള്‍. രാമശ്ശേരി ഇഡ്ഢലിയും തൊട്ടുകൂട്ടാനുള്ള സ്‌പെഷ്യല്‍ ചമ്മന്തിയും ചട്നിയുമൊക്കെ കേരളത്തിലെ പല ഹോട്ടലുകളിലേക്കും ബേക്കറികളിലേക്കുമൊക്കെ ദിനേന കയറ്റിയയക്കപ്പെടുന്നു. ഇഡ്ഢലി പ്രേമികളായ എന്‍.ആര്‍.ഐ.കളിലൂടെ ഗള്‍ഫിലും അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഇവയെത്തുന്നു. 

മാവ് കൂട്ടിയെടുക്കുന്നതിലെ ചില വ്യത്യാസങ്ങളാണ് രാമശ്ശേരി ഇഡ്ഢലിയെ വ്യത്യസ്തമാക്കുന്നത്. മണ്‍കലത്തില്‍ ഘടിപ്പിക്കുന്ന നാല് റിങ്ങുകളില്‍ നിരത്തിവെക്കുന്ന കോട്ടണ്‍വലയില്‍ മാവൊഴിച്ചാണ് ഇഡ്ഢലി ആവി കയറ്റിയെടുക്കുന്നത്. കൂടുതല്‍ മൃദുലമായി, വലിയ വട്ടത്തില്‍ ചുട്ടെടുക്കുന്ന ഇഡ്ഢലികള്‍, രണ്ട് നാള്‍ കേടുകൂടാതിരിക്കുമെന്നതും സവിശേഷതയാണ്.

 Content Highlight: Ramassery idli, Mathrubhumi food festival 2018