കോഴിക്കോട്: ഇഷ്ടമുള്ള ഭക്ഷണവും കൈയില്‍ പിടിച്ച്, സൊറ പറഞ്ഞ് നീങ്ങുന്ന സംഘങ്ങള്‍... വറചട്ടിയില്‍ പൊരിയുന്ന വിഭവങ്ങള്‍... ഒരു പറ്റം പാചകതത്പരര്‍ കാതും കണ്ണും കൂര്‍പ്പിച്ചിരിക്കുന്ന കുക്കറി ഷോ.
ഹാളിന്റെ മറുവശത്ത് വൈവിധ്യമാര്‍ന്ന പച്ചക്കറിയിനങ്ങളുമായി പാചകരംഗത്തെ പുതുമുഖങ്ങള്‍ മാറ്റുരയ്ക്കുന്ന പാചകമത്സരം...

വാരാന്ത അവധിക്ക് മുന്നോടിയായി സായാഹ്നം ചെലവഴിക്കാനെത്തിയവരുടെ തിരക്കായിരുന്നു മാതൃഭൂമി ഫുഡ്ഫെസ്റ്റിവലിന്റെ രണ്ടാംദിനത്തില്‍. പലരും കേട്ടറിഞ്ഞ് എത്തിയവര്‍. ചിലരാകട്ടെ, കൂട്ടുകാരെയും കുടുംബക്കാരെയും കൊണ്ട് വീണ്ടുമെത്തിയവര്‍. സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്, സ്റ്റാളുകളും സ്നാക് കൗണ്ടറുകളുമൊക്കെ കൂടുതല്‍ സജീവമായ ദിനമായിരുന്നു വെള്ളിയാഴ്ച. 

ഉത്സവസമാനമായ അന്തരീക്ഷത്തില്‍, ഇഷ്ടഭക്ഷണം തിരഞ്ഞെടുത്തു കഴിക്കുന്നവരും പുതു രുചികള്‍ തേടിപ്പിടിച്ച് കഴിക്കുന്നവരുമായി ഫുഡ്ഫെസ്റ്റിവല്‍ നഗരിയും കൂടുതല്‍ സജീവമായി. പല ഭാഷക്കാരുടെ സാന്നിധ്യവും രണ്ടാംദിനത്തില്‍ മേളയുടെ സവിശേഷതയായിരുന്നു. ടൂറിസ്റ്റുകളായെത്തിയ ഒമാനികളും കോഴിക്കോട്ട്താമസിക്കുന്ന ഉറുദു സംസാരിക്കുന്ന കുടുംബങ്ങളും ഇതര സംസ്ഥാന തൊഴിലാളികളുമൊക്കെ മേളയുടെ ഭാഗമായി. കെ.ടി.സി. ഗ്രൗണ്ടില്‍ നടക്കുന്ന ഭക്ഷ്യമേള 15 വരെ തുടരും.

Content Highlight: Mathrubhumi food festival 2018