യനാടന്‍ കാടുകളില്‍, സ്വാഭാവികമായി വളര്‍ന്നുവരുന്ന മുത്താറിയും കാപ്പിയും കുരുമുളകും... ആദിവാസി തറവാടുകളുടെ പൈതൃകസമ്പത്തെന്ന് പറയാവുന്ന ഓണമുട്ടം അരിയുടെ പായസം... പുഴുങ്ങി, ഇലയില്‍ വിളമ്പുന്ന ചേനയും ചേമ്പും കാച്ചിലും. തൊട്ടുകൂട്ടാന്‍, എരികൊണ്ട് നക്ഷത്രമെണ്ണിക്കുന്ന കാട്ടിലെ കാന്താരി...

ആദിവാസി കുടികളിലെ തനതുവിഭവങ്ങളുമായി മാതൃഭൂമി ഫുഡ്ഫെസ്റ്റിനെത്തുന്നത് ആദിവാസി വനസംരക്ഷണ സമിതിയാണ് (എ.വി.എസ്.എസ്.). മാനന്തവാടിയില്‍നിന്ന് 35 കിലോമീറ്റര്‍ അകലെ, കുഞ്ഞോം പ്രദേശത്തെ ചുരുളി കോളനിയിലെ മുതിര്‍ന്ന അംഗമായ എം.എ. ബാലന്റെ നേതൃത്വത്തിലുള്ള സംഘം വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഫുഡ്ഫെസ്റ്റിനെത്തിക്കും. ബാലന്റെ തറവാട്ടുവീട്ടിലെ തോട്ടങ്ങളില്‍ കൃഷി ചെയ്തുവരുന്നതും പരിസരങ്ങളിലെ കാടുകളില്‍ ലഭിക്കുന്നതുമായ വിളകളാണ് ചേരുവ. 

കുടുംബം പാരമ്പര്യമായി കൃഷി ചെയ്തുവരുന്ന സവിശേഷ ഇനമായ ഓണമുട്ടം അരി വിലകൊടുത്തു വാങ്ങാനാകാത്ത പൈതൃകസമ്പത്താണ്. തവിട് കളയാത്ത അരി വേവിച്ച് തേങ്ങാപ്പാലും വെല്ലവും ചേര്‍ത്താണ് പായസം ഉണ്ടാക്കുന്നത്. കാട്ടില്‍ വിളഞ്ഞ മുത്താറി, കഴുകിപ്പൊടിച്ച് തേങ്ങയും ശര്‍ക്കരയും ചേര്‍ത്ത് കറുപ്പിലയുടെ (ഇലമംഗലം) കുമ്പിളില്‍ നിറച്ച് പുഴുങ്ങുന്നതാണ് മുത്താറിയട. ചേമ്പും ചേനയും കാച്ചിലും വെവ്വേറെ പുഴുങ്ങി, ഒരുമിച്ച് ഇലയില്‍ വിളമ്പുമ്പോള്‍, തൊട്ടടുത്ത് ഒരു കോല്‍കൂടി വെയ്ക്കും. പുഴുക്ക് കുത്തിയെടുത്ത് കഴിക്കാനാണിത്. തൊട്ടുകൂട്ടാന്‍ അരികില്‍ കാന്താരി ചമ്മന്തിയുമുണ്ടാകും.

കലര്‍പ്പില്ലാത്ത രുചി-അതാണ് ആദിവാസി വിഭവങ്ങളുടെ സവിശേഷത. 'ഒരു വളവും നല്‍കാതെ കാട്ടിലെ തോട്ടങ്ങളില്‍ വളരുന്നതാണ് ചെടികള്‍. കാപ്പി പോലുള്ളവ കുരങ്ങന്മാര്‍ കഴിച്ചതിന്റെ ബാക്കിയേ ഞങ്ങള്‍ക്ക് കിട്ടൂ' -ബാലന്‍ പറയുന്നു. തനതു വിഭവങ്ങള്‍ മാതൃഭൂമി ഫുഡ്ഫെസ്റ്റിലൂടെ കോഴിക്കോട്ടുകാര്‍ക്കായി വിളമ്പുന്നതിന്റെ ആവേശത്തിലാണ് അദ്ദേഹം.

കൊയ്ലയില്‍ ചുട്ടെടുക്കുന്ന ടിക്കയും കബാബുകളും

Tikka
Image credit: YouTube

ആദില്‍ അന്‍സാരി പത്താന്‍ യു.പി.യിലെ സാംബാളില്‍നിന്ന് കോഴിക്കോട്ടേക്ക് ട്രെയിന്‍ കയറിയത് കൊതിയൂറും രുചികളുമായാണ്. ബ്രോസ്റ്റഡ് ചിക്കന്റെ ഇന്ത്യന്‍ ആദിമരൂപമായ സാംബാള്‍ ചിക്കന്‍ ഫ്രൈ, സാംബാള്‍ ചിക്കന്‍ ടിക്ക, മലായ് ടിക്ക, അച്ചാര്‍ മണക്കുന്ന അച്ചാരി കബാബ് തുടങ്ങിയവയ്ക്കുള്ള സന്നാഹങ്ങളുമായി മാതൃഭൂമി ഫുഡ്ഫെസ്റ്റിവലില്‍ വന്നിറങ്ങുന്ന പത്താന്റെ ഭാണ്ഡത്തില്‍ മറ്റൊന്നുകൂടി ഉണ്ടാകും, സാംബാളില്‍ മാത്രം കിട്ടുന്ന കൊയ്ലയെന്ന കല്‍ക്കരി. 

വളരെ കുറഞ്ഞ തോതില്‍മാത്രം പുകയുള്ള, പ്രത്യേക രുചി പകരുന്ന കൊയ്ലയിലാണ് ഇവിടത്തുകാര്‍ ടിക്കയും കബാബുമൊക്കെ ചുട്ടെടുക്കുന്നത്. സാംബാളിലെ പത്താന്‍ കുടുംബക്കാര്‍ പരമ്പരാഗതമായി പലതരം കബാബുകള്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധരാണ്. 

തങ്ങളുടെ പ്രാദേശിക രുചികള്‍ പല നാടുകളിലായി പകര്‍ന്നു നല്‍കുന്ന ആദില്‍ അന്‍സാരി വര്‍ഷങ്ങളായി വിവിധ പാചകമേളകളിലും പ്രദര്‍ശന പരിപാടികളിലും പങ്കെടുക്കുന്നു. അച്ചാര്‍മസാല പുരട്ടി ചുട്ടെടുക്കുന്നതാണ് അച്ചാരി കബാബ്. പത്താനി കൂട്ടാളികളുമായി യു.പി.യില്‍ നിന്ന് യാത്ര തിരിച്ച ആദില്‍ വൈകാതെ കോഴിക്കോട്ട് എത്തും.

 

Content Highlight: Mathrubhumi food festival,  Aadivasi food