'മന്‍ഷമ്മാരെ മേല് മുട്ടീട്ട് നടക്കാന്‍ വയ്യ'...മിഠായിത്തെരുവിലെ ജനത്തിരക്കിനെ കുറിച്ച് കോഴിക്കോട്ടുകാരുടെ പരാതിയാണിത്. എന്നാല്‍, ഞായറാഴ്ചത്തിരക്കില്‍ വീര്‍പ്പുമുട്ടിയ മാതൃഭൂമി ഫുഡ്ഫെസ്റ്റിവലിലെ ജനത്തിരക്ക് 'അതുക്കും മേലെ'യായിരുന്നു. പല നാടുകളിലെ രുചികള്‍ സംഗമിച്ച മേള അവസാനിക്കാന്‍ ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ, ബീച്ചിലെയും മിഠായിത്തെരുവിലെയും അവധിയാഘോഷങ്ങള്‍ കെ.ടി.സി. ഗ്രൗണ്ടിലേക്ക് നീണ്ടു. ടൗണ്‍ ഹാളിലെയും ആര്‍ട്ട് ഗ്യാലറിയിലെയും സാംസ്‌കാരിക പരിപാടികള്‍ തേടി പോകുന്നവരും രുചി തേടി ഹോട്ടലുകള്‍ ലക്ഷ്യമിട്ടുപോകുന്നവരും ഒന്നു വഴിമാറിപ്പിടിച്ചു.

അഞ്ചു മണിക്ക് മുമ്പെ തുടങ്ങിയ സന്ദര്‍ശകത്തിരക്ക്, ഏഴ് മണിയായപ്പോഴേക്കും പാരമ്യത്തിലെത്തി. ഭക്ഷണവും കഴിച്ച്, പാര്‍സലും വാങ്ങി ഒരു വിഭാഗം തിരികെ പോയെങ്കിലും ഒമ്പത് മണിവരെ കാല് കുത്താന്‍ ഇടമില്ലാത്തവിധം നഗരി നിറഞ്ഞു. പശ്ചാത്തലത്തില്‍ ഗുലാബ് ജാനിന്റെ ഗസല്‍ സംഗീതം ഒഴുകി. മത്സ്യ, ഇറച്ചി വിഭവങ്ങളിലെ പാചക ക്ലാസും മത്സ്യയിനങ്ങളിലെ പാചകമത്സരവുമായി ഓഡിറ്റോറിയം സജീവമായി. മുത്താറിയട കഴിക്കാന്‍ ആദിവാസി ക്ഷേമസമിതിയുടെ സ്റ്റാളിലെത്തിയവര്‍, ഒടുവില്‍ ചുക്കുകാപ്പിയും കുടിച്ച്, അതിന്റെ പൊടിയും വാങ്ങിയാണ് പോയത്. 'ഇത്രയും ആവശ്യക്കാരുണ്ടാകുമെന്ന് കരുതിയില്ല. കുറേക്കൂടി കൊണ്ടുവരാമായിരുന്നു'- ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍ കഴിയാത്തതിന്റെ സങ്കടവുമായി മുഖ്യ സംഘാടകന്‍ ബാലന്‍.

റാവീസിലെ കൊത്തുപൊറോട്ടയും മീന്‍ ചാപ്പയില്‍ സന്തോഷിന്റെ പൊറോട്ടയടിയുമൊക്കെ മേളയെ 'ലൈവ്' ആക്കി. രണ്ടും കൈയിലും കമിഴ്ത്തിപ്പിടിച്ച സ്റ്റീല്‍ ഗ്ലാസുകൊണ്ട് ചട്ടിയിലെ പൊറോട്ട-ചിക്കന്‍-മുട്ട മിശ്രിതത്തിലേക്ക് താളത്തില്‍ 'കൊത്തു'ന്ന ഷെഫ്. കൊത്തു കാഴ്ച കാണാന്‍ വലിയൊരു സംഘം തന്നെ സ്റ്റാളിന് മുമ്പില്‍ മൊബൈല്‍ ക്യാമറയുമായി നിലയുറപ്പിച്ചു. മാളിക്കടവില്‍ നിന്നുള്ള പൊറോട്ട മേക്കര്‍ സന്തോഷായിരുന്നു മറ്റൊരു താരം. മൂന്നിടത്ത് പൊറോട്ടയുണ്ടാക്കി നല്‍കി, നാലാം ഊഴത്തിനായി മേളയിലെത്തിയ സന്തോഷിന്റെ പൊറോട്ട വീശല്‍ കാണാനും ഒരു സംഘംതന്നെ എപ്പോഴുമുണ്ടായിരുന്നു.

ഇത്രയും മൊരിയുള്ള പൊറോട്ട താന്‍ ഇതുവരെ കഴിച്ചിട്ടില്ലെന്ന് കഴിച്ചുമടങ്ങുന്നവരുടെ കമന്റ്. തൊട്ടടുത്ത് ചെറു കൗണ്ടറില്‍, തുര്‍ക്കിപ്പത്തിരി ചുട്ടെടുത്ത പരപ്പനങ്ങാടിയിലെ ആമിനത്താത്തയും മകള്‍ ഫഹ്മിദയും നിശ്ശബ്ദമായി രുചിയുടെ സാന്നിധ്യം തീര്‍ത്തു. പത്തിരിയില്‍ ഇറച്ചിയും മധുരവും നിറച്ച്, കിഴിയുടെ ആകൃതിയില്‍ ചുരുട്ടിയെടുക്കുന്നതാണ് തുര്‍ക്കിപ്പത്തിരി. നാവിനെന്ന പോലെ കാഴ്ചയ്ക്കും വിരുന്നേകിയ മറ്റൊരു കൗണ്ടറായിരുന്നു 'പത്തിരിയും കൂട്ടരും' സ്റ്റാളിലെ ദോശ കൗണ്ടര്‍. വലിയ പരന്ന ദോശകളിലേക്ക്, വയലറ്റ് കാബേജും കാരറ്റും തക്കാളിയും പലതരം ഇലകളും വീശിയിടുന്നത് കാണാന്‍ തന്നെ രസം. കപ്പക്കൊള്ളികള്‍ കോഴിക്കാലായി മാറുന്ന അദ്ഭുതക്കാഴ്ച കണ്ണൂരുകാരുടെ മാത്രം സവിശേഷതയാണ്. തലശ്ശേരി സ്‌പെഷ്യലുമായി സ്‌നാക് കൗണ്ടറിലെത്തിയ കുടുംബത്തിന്റെ സ്‌പെഷ്യല്‍ ഇനം, കപ്പക്കൊള്ളികള്‍ മുക്കിപ്പൊരിച്ചുണ്ടാക്കുന്ന കോഴിക്കാല്‍ ആയിരുന്നു.

 Content Highlight: Mathrubhumi food festival 2018,Taste of Malabar, Food Exibition