കോഴിക്കോട്: അന്തിചാഞ്ഞപ്പോഴേക്കും ആളുകള്‍ ഒഴുകിയെത്തിത്തുടങ്ങി. ബീച്ച് വഴി, നാലാം ഗേറ്റ് കടന്ന് താജിന് മുന്നിലൂടെ, അരബിന്ദ് ഘോഷ് റോഡ് വഴി, ചെറൂട്ടി റോഡില്‍നിന്ന് കുറുക്കുവഴി കയറി... വരുന്നവരെല്ലാം മണം പിടിച്ച് മണം പിടിച്ചാണ് വന്നത്. രാമശ്ശേരി ഇഡ്ഡലി വേവുന്നതിന്റെ, ചിക്കന്‍ പൊട്ടിത്തെറിക്കുന്നതിന്റെ,ആദിവാസി കാച്ചില്‍ പുഴുക്കിന്റെയും ചുക്ക് കാപ്പിയുടെയും നാടന്‍ കാവയുടെ, കോഴിക്കിഴിയുടെ, ഈന്ത് പിടിയുടെ, പാലടയുടെയും കൈതച്ചക്കയുടെയും കടലപ്പരിപ്പിന്റെയും പ്രഥമന്റെ, പല പല ചിക്കന്റെ, പൊരിച്ച ഐസ്‌ക്രീമിന്റെ... മണത്തിന് പിറകെ ജനം എത്തി.

താജിന് സമീപത്തെ കെ.ടി.സി. ഗ്രൗണ്ടില്‍ ഇരുട്ട് വീഴുമ്പോഴേക്കും ജനപ്രളയമായി. നടന്നുനടന്ന് അവര്‍ ഭക്ഷണത്തിന്റെ അദ്ഭുതകരമായ വ്യത്യസ്തതകള്‍ കണ്ടു, മണത്തു, കഴിച്ചു. ഓരോന്ന് കഴിച്ചുകഴിയുമ്പോഴേക്കും അടുത്ത രുചി അവരെ അങ്ങോട്ടുവിളിച്ചു. കഴിച്ചു കഴിച്ച് മുന്നേറുമ്പോഴേക്കും രാത്രിവളര്‍ന്നു. വേദിയില്‍ മേഘ്‌ന ലാലും സംഘവും പാട്ടുമായി എത്തി. വിനോദ് കോവൂര്‍ പല രുചികളിലുള്ള ചിരിയുമായി വന്നു. സ്വാദിന്റെ രാത്രിയില്‍ കോഴിക്കോട് അലിഞ്ഞു. മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോഴേയ്ക്കും മാതൃഭൂമി ഫുഡ് ഫെസ്റ്റിവല്‍ കോഴിക്കോടിന്റെ ഭക്ഷണ സംഗമകേന്ദ്രമായിക്കഴിഞ്ഞു.

രാമശ്ശേരി ഇഡ്ഡലി കോഴിക്കോട്ടുകാര്‍ക്ക് പുതുമയായിരുന്നു. സാധാരണ ഇഡ്ഡലിയെക്കാളും വലിപ്പത്തില്‍ ഒരു ചെറുദോശപോലെ തോന്നിക്കുന്ന കനം കുറഞ്ഞ്, ചട്ട്ണിയും പൊടിയും കൂട്ടിക്കഴിക്കുന്ന രുചി. കാത്തുകാത്തുനിന്ന് കോഴിക്കോട്ടുകാര്‍ രാമശ്ശേരിയിലെ ഇഡ്ഡലി വാങ്ങിക്കഴിച്ചു. ആദിവാസികളുടെ ചുക്ക് കാപ്പി ഗന്ധംകൊണ്ടുതന്നെ ഭക്ഷണപ്രേമികളെ സ്റ്റാളിലേക്ക് വിളിച്ചുകൊണ്ടേയിരുന്നു.അവിടെ പലതരം പുഴുക്കുകള്‍. കാന്താരിച്ചമ്മന്തികൂട്ടിക്കഴിക്കാം. ചുക്ക് കാപ്പിപ്പൊടി വാങ്ങാം. 'അമ്മമാരുടെ രുചി'യില്‍ സാരിയുടുത്ത അമ്മമാര്‍ വീട്ടുഭക്ഷണം വിളമ്പുന്നു.

കോഴിക്കിഴിയും ഈന്ത് ചെമ്മീന്‍പിടിയും കഴിക്കാതെ മുന്നോട്ട് നീങ്ങാന്‍ പറ്റില്ല. ആമിനത്താത്തയുടെ കടയില്‍നിന്നും തുര്‍ക്കിപ്പത്തിരി കഴിച്ചാല്‍ തുര്‍ക്കിയുടെ രുചിയുടെ അടുത്തെത്താം. തൊട്ടപ്പുറത്ത് നീണ്ടുനിവര്‍ന്ന് കിടക്കുന്ന തോണി, അതിനപ്പുറം ആബിദ റഷീദിന്റെ മീന്‍ ചാകര. ചെമ്മീന്‍, കൂന്തള്‍, കടുക്ക, പലതരം മീനച്ചാറുകള്‍... അതും കഴിഞ്ഞ് പോയാല്‍ ഉമ്മച്ചീന്റെ അടുക്കളയില്‍ 'ചതിക്കാത്ത സുന്ദരി' എന്ന പേരില്‍ ചിക്കന്‍ പൊള്ളിച്ചത് കഴിക്കാം. ചിക്കന്‍ പോപ്പ്‌കോണും കാന്താരിച്ചിക്കനും രുചിക്കാം... വല്ലാതെ എരിയുന്നെങ്കില്‍ സുലൈമാനിക്കയുടെ സര്‍ബത്ത് കടയില്‍ക്കയറിയാല്‍ പലതരത്തിലുള്ള സര്‍ബ്ബത്ത് തണുപ്പോടെ കുടിക്കാം. പിന്നെ വയനാടന്‍ കാന്താരിച്ചിക്കനുണ്ട്, ചിക്കന്‍ പെര്‍ലനുണ്ട്, ഇടിയിറച്ചിയുണ്ട്.

തേജ് ഫുഡ്ഡില്‍ ആട്ടിന്‍ സൂപ്പുണ്ട്, ആട്ടിന്‍കുല വരട്ടിയതുണ്ട്, അറബി കാവയുണ്ട്, ചിക്കന്‍ പച്ചമുളകുണ്ട്, നെയ്പത്തലുണ്ട്... രാമശ്ശേരി ഇഡ്ഡലിയില്‍ത്തുടങ്ങിയാല്‍ കഴിയുന്നതിനുമുമ്പ് മീന്‍ ഇഡ്ഡലി കഴിക്കണം, പിന്നെ കനത്തിന് ഒരു ജാക്കി ചാന്‍ ചിക്കനും.

വയറു നിറയെ ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോള്‍ മധുരത്തിന് ആളുകള്‍ ചന്തൂസിന്റെ പായസപ്പീടികയ്ക്ക് മുന്നില്‍ തടിച്ചുകൂടി. ആപ്പിളുകൊണ്ടുണ്ടാക്കിയതടക്കം പല പായസങ്ങള്‍ അടകള്‍... മധുരം നുണഞ്ഞ് നില്‍ക്കുമ്പോഴും മേഘ്‌ന പാടിക്കൊണ്ടിരുന്നു, വിനോദ് കോവൂര്‍ ചിരിപ്പിച്ചുകൊണ്ടേയിരുന്നു.

പിറ്റേന്ന് ഞായറാഴ്ചയായതുകൊണ്ട് രാത്രി വൈകുവോളം ഭക്ഷണപ്രേമികള്‍ വന്നുകൊണ്ടേയിരുന്നു. ജില്ലാ കളക്ടര്‍ യു.വി. ജോസ് കുടുംബസമേതമാണ് വന്നത്. രുചിയുടെ ഈ നഗരിയില്‍ സാധാരണക്കാരോടൊപ്പം അദ്ദേഹം ചുറ്റിനടന്നു. കോഴിക്കോട് കളക്ടര്‍ക്കൊപ്പം രുചിയുടെ വഴികളിലലഞ്ഞു. ബാക്കിവെച്ച രുചികള്‍ കഴിക്കാന്‍ ഞായറാഴ്ച എത്താം എന്ന് പറഞ്ഞാണ് ജനം പിരിഞ്ഞത്. ഞായറാഴ്ച ഫുഡ് ഫെസ്റ്റിവല്‍ വേദിയില്‍ ഗുലാബിന്റെ ഗസലും രുചിക്ക് അകമ്പടിയായി ഉണ്ടാവും.

Content Highloght: Mathrubhumi food festival kozhikode 2018