വീണ്ടും കാണാമെന്ന ഉറപ്പിന്മേൽ, പല നാടുകളിൽനിന്നെത്തിയ രുചികൾ സലാംപറഞ്ഞ്‌ പിരിഞ്ഞു. അടുത്തടുത്ത സ്റ്റാളുകളിൽ, മുഖാമുഖംനിന്ന് ആവിപറത്തിയിരുന്ന തലശ്ശേരി ബിരിയാണിയും ചൈനീസ് മാമൂസും തുർക്കി പത്തിരിയുമൊക്കെ, നിരവധിപേരെ ഊട്ടിയതിന്റെ സംതൃപ്തിയുമായാണ് കെ.ടി.സി. ഗ്രൗണ്ടിന്റെ ഗേറ്റിൻപടിയിൽനിന്ന് യാത്രപറഞ്ഞത്. നല്ല ഭക്ഷണം കഴിച്ച സംതൃപ്തിയോടെ വയറും മനസ്സും നിറച്ച സന്ദർശകരും പോകുമ്പോൾ പറഞ്ഞത് അടുത്ത വർഷം കാണണമെന്നുതന്നെയാണ്.
മുന്നൂറിൽപ്പരം വിഭവങ്ങളും പതിനായിരക്കണക്കിന് സന്ദർശകരും പാട്ടും സമ്മാനങ്ങളുമായി കോഴിക്കോടിന് ഉത്സവദിനങ്ങൾ സമ്മാനിച്ചുകൊണ്ടാണ് മേള കടന്നുപോയത്. അവസാനദിനത്തിലും, പ്രവൃത്തിദിനമായിരുന്നെങ്കിൽപോലും തിരക്കിന് ഒട്ടും കുറവുണ്ടായിരുന്നില്ല. നാൽപതോളം സ്റ്റാളുകളിലും പതിനഞ്ചോളം സ്നാക് കൗണ്ടറുകളിലുമായി നൂറുകണക്കിന് പാചകക്കാർ കൈമെയ് മറന്ന് അധ്വാനിച്ചു. 

പ്രമുഖ പാചകവിദഗ്ധരുടെ നേതൃത്വത്തിലുള്ള കുക്കറി ഷോയും തുടക്കക്കാർക്കായി പാചകമത്സരവും ഫുഡ് ക്വിസും സന്ദർശകർക്കായുള്ള തത്സമയ ചോദ്യോത്തര പരിപാടികളും ചെറുഗെയിമുകളുമൊക്കെ മേളയെ കൂടുതൽ സജീവമാക്കി. വാണിജ്യ ഉത്‌പന്നങ്ങളുടെ സ്റ്റാളുകളും പരമ്പരാഗത രീതിയിലുള്ള പവലിയനുകളുമൊക്കെയായിരുന്നു മറ്റ്‌ ആകർഷണങ്ങൾ. താമരശ്ശേരി ചുരം, ലാൽ ബാൻഡ്, ഗുലാബ് ജാൻ തുടങ്ങിയവരുടെ ഗാനങ്ങളും കാർണിവൽ സമാനമായ അന്തരീക്ഷമാണ്‌ ഒരുക്കിയത്. 
തലശ്ശേരി ബിരിയാണിയും ചോക്ളേറ്റ് ബ്രൗണി കേക്കും 

കറുവപ്പട്ട ചേർത്തിട്ടുണ്ടോ? ഏത് അരിയാ ഉപയോഗിക്കേണ്ടത്? ഉള്ളി വാട്ടിയിടണോ, പൊരിച്ചിടണോ? പരിചിതമെങ്കിലും കഴിക്കുന്നവർക്കും വെക്കുന്നവർക്കും തീർത്താൽ തീരാത്ത സംശയങ്ങൾ ബാക്കിയാക്കുന്ന ഒരു വിഭവമാണ് ബിരിയാണി. പല നാട്ടിൽ, പല രീതിയിൽ തയ്യാറാക്കുന്നുവെന്നതുതന്നെ കാരണം. ഇത്തരം സംശയങ്ങൾ ദൂരീകരിക്കാനും ബിരിയാണിയെ കൂടുതൽ രുചികരമാക്കാനുള്ള ടിപ്പുകൾ പകരാനുമായാണ് പ്രശസ്ത പാചകവിദഗ്ധ ആബിദ റഷീദ് കുക്കറിഷോയിലെത്തിയത്. ബിരിയാണി മസാല തയ്യാറാക്കുന്നതിന് എണ്ണയൊഴിക്കുന്നത് മുതൽ നെയ്‌ച്ചോർ പാകമാക്കുന്നതും ദം ഇടുന്നതുംവരെ ശ്രദ്ധിക്കേണ്ട ഓരോ കാര്യവും പ്രത്യേകം ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു അവർ തലശ്ശേരി ബിരിയാണി ഉണ്ടാക്കിക്കാണിച്ചത്. തൊട്ടുപിറകെ, ചോക്ളേറ്റ് ബ്രൗണി, ബനാനാ കേക്കുകളുമായെത്തിയ മകൾ നഫീസ റഷീദിന്റെ ക്ലാസിൽ പങ്കെടുക്കാനും നിരവധി പേരെത്തി. 

മേളയെ ക്ലീനാക്കാൻ ഒലീന

ഫുഡ് ഫെസ്റ്റിവെൽ നഗരിയിൽ നിലത്ത് ഒരു കടലാസ് വീണാൽ അതെടുക്കാൻ ഒലീനയുടെ വൊളന്റിയർമാരുണ്ടാകും. വൈകീട്ട് നാലിന് മേളയ്ക്കൊപ്പം ചലിക്കുന്ന ഒലീന മാലിന്യസംസ്കരണസംഘം, പുലർച്ചെ നാലിന് മാലിന്യങ്ങൾ സംസ്കരണത്തിന് കയറ്റിയയക്കുന്നതുവരെ സജീവമായിരിക്കും. നഗരിയിൽ പലയിടത്തായി സജ്ജമാക്കിയ വേസ്റ്റ്ബിന്നുകളിൽ നിന്നുള്ളവയും നിലത്തുവീഴുന്നവയും തീൻ മേശയിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളുമൊക്കെ േശഖരിച്ച്, വേർതിരിച്ചാണ് സംസ്കരണത്തിനായി കൊണ്ടുപോകുന്നത്. ഒലീനയുടെ ചെയർമാൻ ടി.സുജാതയും കോ-ഓർഡിനേറ്റർ മുഹമ്മദ് അഷ്‌റഫും ബിജുവും ഷഫ്രാസും പത്തോളംവരുന്ന വൊളന്റിയർമാരും കൈമെയ് മറന്നാണ് ഒരുതരത്തിലുള്ള മാലിന്യങ്ങളും അവശേഷിപ്പിക്കാതെ, മേളയെ പരിസ്ഥിതിസൗഹൃദ ആഘോഷമാക്കി മാറ്റിയത്. മുൻ വനിതാകമ്മിഷൻ അംഗവും സാമൂഹിക പ്രവർത്തകയുമായ ടി. ദേവി 36 വർഷംമുമ്പ് സ്ഥാപിച്ച മാലിന്യ സംസ്കരണ സൊസൈറ്റിയാണ് ഒലീന. 

mathrubhumi food festival