കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസിന്റെ ജന്മദിനം ആഘോഷിച്ചുകൊണ്ടായിരുന്നു നാലാമത് മാതൃഭൂമി ഫുഡ് ഫെസ്റ്റിവലിന്റെ  ഔദ്യോഗിക ഉദ്ഘാടനം നടന്നത്.  ഉദ്ഘാടനദിവസം വേണ്ടത്ര കഴിക്കാൻ പറ്റിയില്ലെന്ന  വിഷമം തീർക്കാനാണ് ഒൗദ്യോഗിക തിരക്കുകൾക്ക് അവധി കൊടുത്ത് കളക്ടര്‍  വീണ്ടും ഫുഡ് ഫെസ്റ്റിവലിലേക്ക് ഭാര്യയോടൊപ്പം എത്തിയത്. 

ഭാര്യ വെജിറ്റേറിയനായതിനാൽ നോൺവെജിറ്റേറിയൻ നന്നായി കഴിക്കാൻ പറ്റിയില്ലെന്ന് കളക്ടര്‍. എങ്കിലും രാമശ്ശേരി ഇഡ്ഡലി ഏറെ ഇഷ്ടമായെന്നും ആസ്വദിച്ച് കഴിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഫെസ്റ്റിവൽ സ്റ്റാളുകളിലെ വിഭവങ്ങളാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും കളക്ടര്‍ വ്യക്തമാക്കി. ചിക്കൻ പൊട്ടിത്തെറിച്ചത്, ചിക്കൻ ചുരുട്ടികൂട്ടിയത് പേരു കേട്ടാൽ തന്നെ ഞെട്ടുമെന്നും കളക്ടര്‍.

കുഞ്ഞികലത്തപ്പവും ഉന്നക്കായയും ആണ് കളക്ടറുടെ ഭാര്യ പീസമ്മയ്ക്ക് ഏറെ ഇഷ്ടമായത്.  ജില്ലാ പോലീസ് മേധാവി കാളിരാജ് എസ് മഹേഷ് കുമാർ ഭാര്യ സി. മീനാക്ഷിയ്‌ക്കൊപ്പമാണ് മാതൃഭൂമി ഫുഡ് ഫെസ്റ്റിവലിലേക്ക് എത്തിയത്. 

 Content Highlight: collector uv jose Visited mathrubhumi food festival