നന്തപുരി ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത രുചികളുടെ സമുദ്രത്തിലേക്ക് ഒഴുകാന്‍ തുടങ്ങി. വെള്ളിയാഴ്ച ആരംഭിക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കനകക്കുന്നിലെ സൂര്യകാന്തി ഗ്രൗണ്ടില്‍ വ്യാഴാഴ്ച ആരംഭിച്ച മലബാര്‍ ഭക്ഷ്യമേളയാണ് ഭക്ഷണപ്രേമികളെ പുത്തന്‍ രുചികളുടെയും മാഞ്ഞുപോയ രുചികളുടെയും അപൂര്‍വലോകത്തിലേക്കു സ്വീകരിച്ചത്.

ആദിവാസികളുടെ ചുക്കുകാപ്പിയും കാച്ചില്‍പുഴുക്കും മുതല്‍ രാമശ്ശേരി ഇഡ്ഡലിയും പലപല ചിക്കനുകളും ബീഫും കല്ലുമ്മക്കായയും വരെ രുചിക്കാന്‍ നൂറുകണക്കിനാളുകളാണ് ആദ്യ ദിവസം എത്തിയത്.

അക്ഷരോത്സവത്തില്‍ പങ്കെടുക്കാനായി വ്യാഴാഴ്ചതന്നെ നഗരത്തിലെത്തിയ എഴുത്തുകാരായ മൊനിക്കാ വാഞ്ചിരു, ഷെറിന്‍ ക്വാദിരി, ബിഗോയ ചൗള്‍ എന്നിവര്‍ മലബാറിന്റെ ഭക്ഷണങ്ങള്‍ കഴിക്കാനായി മേളയില്‍ എത്തി. വൈകുന്നേരം മന്ത്രി ടി.പി.രാമകൃഷ്ണന്‍, എം.എല്‍.എ.മാരായ കെ.മുരളീധരന്‍, എ.പ്രദീപ്കുമാര്‍, ടി.വി.രാജേഷ്, സംവിധായകന്‍ ടി.കെ.രാജീവ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഭക്ഷണം കഴിച്ചുകൊണ്ടാണ് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് എല്ലാവരുംചേര്‍ന്ന് ഭക്ഷ്യനഗരിയിലെ സ്റ്റാളുകള്‍ നടന്നുകണ്ടു.

രാത്രി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മേയര്‍ വി.കെ.പ്രശാന്ത്, എം.എല്‍.എ.മാരായ സുരേഷ് കുറുപ്പ്, എ.എം.ആരിഫ് എന്നിവരും ഭക്ഷ്യനഗരിയില്‍ എത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിമുതല്‍ സൂര്യകാന്തി ഗ്രൗണ്ടില്‍ ഭക്ഷ്യമേള ആരംഭിക്കും. 30 രൂപയാണ് ഭക്ഷ്യമേളയിലേക്കുള്ള പ്രവേശനഫീസ്.

Content Highlight: Malabar food festival Thiruvananthapuram