മാതൃഭൂമി മലബാർ ഭക്ഷ്യമേള ഫെബ്രുവരി ഒന്നുമുതല്‍

  • അക്ഷരോത്സവത്തിന്റെ ഭാഗമായി കനകക്കുന്നിൽ
  • ഉദ്‌ഘാടനം വൈകീട്ട്‌ അഞ്ചിന്‌
  • സെലിബ്രിറ്റി ഷെഫുമാരും പാചകക്ളാസ്സും

 

അതിശയപ്പത്തിരി, മീൻപത്തിരി, തുർക്കിപ്പത്തിരി, ഇറച്ചിപ്പത്തിരി, ചട്ടിപ്പത്തിരി, പുതിയാപ്ലക്കോഴി, കപ്പ ബിരിയാണി, ബീഫ് അലഗുല, സ്വർഗ്ഗക്കോഴി, പാൽക്കാരൻ ചിക്കൻ, എരുന്ത് റോസ്റ്റ്, കാന്താരിച്ചിക്കൻ, പൈനാപ്പിൾ പായസം, ഔഷധപ്പായസം, കാമയരിപ്പായസം, ഉന്നക്കായ, ഉണ്ടംപൊരി ചിക്കൻ, ദം ബിരിയാണി, രാമശ്ശേരി ഇഡ്ഡലി, ചേനപ്പുഴുക്ക്, ചേമ്പ് പുഴുക്ക്, കാച്ചിൽപ്പുഴുക്ക്, കാന്താരിച്ചമ്മന്തി, ചുക്ക് കാപ്പി, സഫ്രാനി ചായ, മീഠാ പാൻ ചായ, ഹിമാലയൻ ചായ, മുത്താറി അട, ചിക്കൻ കിഴി.....ഇവിടെ തീരുന്നില്ല ഈ പേരുകൾ, ഇവിടെ തീരുന്നില്ല ഈ രുചികൾ. ബാക്കി അറിയാൻ, ബാക്കി രുചിക്കാൻ വ്യാഴാഴ്ച വൈകുന്നേരം കനകക്കുന്നിലെ സൂര്യകാന്തി ഗ്രൗണ്ടിൽ എത്തണം. അവിടെ മാതൃഭൂമി മലബാർ ഭക്ഷ്യമേള ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നു. എണ്ണമറ്റ വിഭവങ്ങളുമായി, അതിശയിക്കുന്ന രുചികളുമായി, മറക്കാത്ത ഗന്ധങ്ങളായി...

ഫെബ്രുവരി രണ്ടു മുതൽ നാലു വരെ കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ മുന്നോടിയായുള്ള മലബാർ ഭക്ഷ്യമേള വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ടി.പി.രാമകൃഷ്ണൻ, മേയർ വി. കെ.പ്രശാന്ത്, കെ.മുരളീധരൻ എം.എൽ.എ. എന്നിവർ ചേർന്ന് ഭക്ഷണം കഴിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്നങ്ങോട്ട് കനകക്കുന്നിൽ രുചിയുടെ പൂരം തുടങ്ങും. ഒരു ദേശം അത്ഭുതപ്പെടുത്തുന്ന രുചിയായി തിരുവനന്തപുരത്തുകാരുടെ മുന്നിൽ നിരക്കും.

ഭക്ഷ്യമേളയ്ക്ക് പ്രത്യേകം തയ്യാറാക്കിയ പന്തലുകളാണ് സൂര്യകാന്തി ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്നത്. കൈപ്പുണ്യമുള്ള വീട്ടമ്മമാരും നാടൻരുചികളിൽ വൈവിധ്യമുള്ള പരീക്ഷണങ്ങൾ നടത്തുന്ന പാചകവിദഗ്ധരും പാചകത്തെ ആദായകരവും ആസ്വാദ്യകരവുമായ തൊഴിലാക്കി മാറ്റിയവരും സെലിബ്രിറ്റി ഷെഫുമാരും ഈ ഭക്ഷ്യോത്സവത്തിൽ സ്വന്തം രുചികളുമായി സംഗമിക്കും. ഇവർ സ്വന്തം പാചകാനുഭവങ്ങളും രുചിരഹസ്യങ്ങളും പങ്കുവെയ്ക്കും. പാചകക്ലാസുകൾ നയിക്കും.

ഐസ്‌ക്രീമിന്റെ മേന്മയുമായി മിൽമയും ഇൗ മലബാർ ഫുഡ്‌ഫെസ്റ്റിവലിൽ പങ്കാളിയാവും. വാനില, ചോക്‌ലേറ്റ്‌, പിസ്ത, സ്‌ട്രോബെറി, പൈനാപ്പിൾ, മാംഗോ, ജാക്ക്‌ഫ്രൂട്ട്‌, ബട്ടർ സ്കോച്ച്‌, ക്രംചി ബദാം, ഫിഗ്‌ ആൻഡ്‌ ഹണി, സ്പാനിഷ്‌ ഡിലൈറ്റ്‌ എന്നീ വൈവിധ്യത്തിനുപുറമേ കസാട്ട, ഡിലൈറ്റ്‌, മിനി ഡിലൈറ്റ്‌, കുൽഫി വെറെറ്റികളും മിൽമ ഒരുക്കുന്നു. ഈ ഫുഡ്‌ഫെസ്റ്റിവലിന്റെ ഐസ്‌ക്രീം  പാർട്‌ണർ മിൽമയാണ്‌.

ചിക്കൻ പൊട്ടിത്തെറിച്ചത് എന്താണ് എന്ന് രുചിച്ചറിയണമെങ്കിൽ മലബാർ ഭക്ഷ്യമേളയിൽത്തന്നെയെത്തണം. ചിക്കൻ വടിവാളയും കുടുംബസ്‌നേഹിയും അരി ഒറോട്ടിയും കോയിൻ പൊറോട്ടയും മുട്ടസുർക്കയും രുചിക്കണമെങ്കിലും ഭക്ഷ്യമേളയാണ് അവസരം. നമ്മുടെ അടുക്കളകളിൽനിന്ന് മാഞ്ഞുപോയ, നമ്മുടെ അമ്മമാർ മറന്നുപോയ സ്വാദുകൾ കനകക്കുന്നിൽ നിങ്ങളെ കാത്തിരിക്കുന്നു. വരൂ, രുചിയുടെ പുഴയിൽ ഒഴുകൂ.
30 രൂപയാണ് ഭക്ഷ്യമേള നടക്കുന്ന സൂര്യകാന്തി ഗ്രൗണ്ടിലേക്കുള്ള പ്രവേശനഫീസ്.

Content Highlight: Malabar food festival Trivandrum 2018