തിരുവനന്തപുരം: മലബാര്‍ ഒരു ദേശമാണ് എന്ന് ധരിച്ചിരുന്ന തിരുവനന്തപുരത്തുകാര്‍ വ്യാഴാഴ്ച മുതല്‍ അത് തിരുത്തിപ്പറയാന്‍ പോകുന്നു. മലബാര്‍ എന്നാല്‍ വൈവിധ്യമേറിയ രുചികളുടെ ഒരു പെരുങ്കടലാണ് എന്ന് അവര്‍ തിരിച്ചറിയും. നാടന്‍ രുചികളും വീട്ടുരുചികളും മുതല്‍ രുചികളിലെ പുത്തന്‍ പരീക്ഷണങ്ങളും അവര്‍ ആസ്വദിക്കും. ഭക്ഷണം അതിശയകരമായ ഒരു കലയാണ് എന്ന് മനസ്സിലാക്കും. മാതൃഭൂമി ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സിന് മുന്നോടിയായി കനകക്കുന്ന് കൊട്ടാരത്തിലെ സൂര്യകാന്തി ഗ്രൗണ്ടില്‍ ഫെബ്രുവരി  ഒന്നിന് മലബാര്‍ ഭക്ഷ്യമേള ആരംഭിക്കും. വൈകുന്നേരം 5 മണിയ്ക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരത്തുകാര്‍ കാത്തിരുന്ന മലബാര്‍ വിഭവങ്ങള്‍ നാളെ മുതല്‍ നിങ്ങള്‍ക്ക് കഴിച്ചുതുടങ്ങാം. കേട്ടുമാത്രം പരിചയിച്ച ചട്ടിപ്പത്തിരി, ഉന്നക്കായ, മുട്ടമാല, മുട്ടസുര്‍ക്ക, മുട്ടസുനാമി, ചിക്കന്‍ വിഭവങ്ങള്‍, ബീഫ്, തത്സമയം പാകംചെയ്തുനല്‍കുന്ന മീന്‍കടകള്‍, തലശ്ശേരി ദംബിരിയാണി, പഞ്ചാരപ്പാറ്റ തടുങ്ങി നിരവധി വിഭവങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.
 
ഒപ്പം ഇല്ലാതായിപ്പോയ ഒരുപാട് ഭക്ഷ്യപദാര്‍ഥങ്ങളുടെ വീണ്ടെടുപ്പും ഈ മേളയില്‍ ഉണ്ടാവും. പ്രസിദ്ധമായ രാമശ്ശേരി ഇഡ്ഡലി, ആദിവാസികളുടെ പരമ്പരാഗത ഭക്ഷണങ്ങള്‍ എന്നിവയും മേളയെ വ്യത്യസ്തമാക്കും. രുചിയുടെ സാമ്രാജ്യം കീഴടക്കാന്‍ തയ്യാറാകൂ, കനകക്കുന്നിലേക്ക് വരൂ.
 
 Content Highlight: mathrubhumi food fest Thiruvananthapuram