ചുരം, കാട്, കാട്ടാറ്, മൃഗങ്ങള്‍, ഗുഹകള്‍, മലകള്‍, താഴ്വാരങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍... വയനാടിനെക്കുറിച്ച് പറയുമ്പോള്‍ വിശേഷണങ്ങള്‍ തീരില്ല. എത്ര കണ്ടാലും മതിവരാത്ത പ്രകൃതിയുടെ ഭൂമിക. വയനാട്ടിലെ പ്രകൃതിഭംഗിയെയും വശ്യമായ സൗന്ദര്യത്തെയും കുറിച്ച് പലരും പലതും പറഞ്ഞിട്ടുണ്ട്. അത്രയൊന്നും കേള്‍ക്കാതെ പോയത് വയനാടന്‍ രുചികളെക്കുറിച്ചാണ്. വയനാട്ടിലെ രുചിയിടങ്ങളെ കണ്ടെത്തുക എന്നതാണ് ഇത്തവണത്തെ ദൗത്യം. എവിടെയാണ് വേറിട്ട രുചികള്‍ തരമാകുക എന്ന കാര്യത്തില്‍ ഒരു പിടിയുമില്ല. ആദിവാസിരുചി കെങ്കേമമാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അന്വേഷിപ്പിന്‍ കണ്ടെത്തുവിന്‍ എന്നാണല്ലോ. അതുകൊണ്ട് വയനാടന്‍ചുരത്തില്‍നിന്നുതന്നെ ഭക്ഷണയാത്ര തുടങ്ങാം.
ചുരത്തിലെ ചുവന്ന രുചി
കൊടുവള്ളിയും അടിവാരവും പിന്നിട്ടു. വയനാട് ചുരത്തിന്റെ മൂട്ടിലെത്തി. മുന്നില്‍ 'മ്മടെ താമരശ്ശേരി ചൊരം'. റോഡ് റോളറെ തിരഞ്ഞെങ്കിലും കണ്ടില്ല. പപ്പുവും മോഹന്‍ലാലുമെല്ലാം മനസ്സിലൂടെ മിന്നിമറിഞ്ഞു.
വയനാടന്‍ചുരം പിന്നിടുന്ന സഞ്ചാരികള്‍ ഒരിക്കലെങ്കിലും നോക്കി വെള്ളമിറക്കിയ ഒരു വിഭവമുണ്ട്. മസാലമുട്ട. ചുരത്തില്‍ മാത്രം സുലഭമായി കിട്ടുന്ന ഒരഡാറ് ഐറ്റം. മേലാസകലം മസാല തേച്ച് ചില്ലുകൂട്ടില്‍ വിങ്ങിയിരുന്ന് വഴിയാത്രക്കാരെ കണ്ണിറുക്കിക്കാണിക്കുന്ന ഈ വിഭവത്തിന് ഇന്ന് ചുരത്തിലെ വ്യൂപോയന്റിനെക്കാളും ആരാധകരുണ്ട്. വഴിയോരത്ത് വണ്ടി നിര്‍ത്തി മസാലമുട്ടയും ഒരു കട്ടനും വാങ്ങി വാനരപ്പടയെ മോഹിപ്പിച്ച് ആസ്വദിച്ച് കഴിക്കലാണ് യാത്രികരുടെ ഇപ്പോഴത്തെ പ്രധാന വിനോദം. ചുരം കയറിത്തുടങ്ങുമ്പോള്‍ സമയം നാലുമണി. നാലാംവളവിലെ വിശാലമായ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ സൈഡാക്കി. തൊട്ടടുത്തുള്ള തട്ടുകടയിലേയ്ക്ക്. കാറ്റ് അകമ്പടിയായി.
കടയില്‍ തിരക്കേറിവരുന്നതേയുള്ളൂ. വലിയൊരു ചീനച്ചട്ടിയില്‍ മുട്ടകളും മസാലയും തമ്മില്‍ മല്‍പ്പിടിത്തത്തിലാണ്. പിന്നെ ചൊകചൊകാ ചുകന്ന മസാലമുട്ടകളോരോന്നായി ചില്ലുകൂട്ടില്‍ ചെന്ന് നിറയുന്നു. കാടമുട്ടയും ഗിരിരാജമുട്ടയും താറാമുട്ടയുമാണ് മസാലമുട്ടയ്ക്കായി ഉപയോഗിക്കുന്നത്. തയ്യാറാക്കുന്ന കൂട്ട് പറഞ്ഞുതരാം പക്ഷേ, ഇവിടെ കിട്ടുന്ന രുചി മറ്റെവിടെനിന്നും ലഭിക്കില്ലെന്ന് മുന്നറിയിപ്പ് തന്ന് കടയുടമ സാഹില്‍ മസാലമുട്ടയുടെ രുചിശാസ്ത്രം വിശദീകരിച്ചു.
ആദ്യം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി ചതച്ചെടുത്ത് മാറ്റിവയ്ക്കുക. ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഈ കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. പിന്നീട് ചെറുതായി അരിഞ്ഞ സവാള ചേര്‍ക്കുക. കശ്മീരി മുളകുപൊടി, ചിക്കന്‍മസാല, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കി നന്നായി വെന്തുവരുമ്പോള്‍ പുഴുങ്ങിയ മുട്ട ഈ കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി തീയില്‍നിന്ന് വാങ്ങിവെക്കാം. സംഭവം ഇത്രയേ ഉള്ളൂ. പക്ഷെ ചുരത്തിലിരുന്ന് കാറ്റും കൊണ്ടണ്ട് കഴിക്കുന്നതിന്റെ സുഖം വേറെവിടെങ്കിലും കിട്ടുമോ?
കാടമുട്ടയ്ക്കാണ് ആദ്യം ഓര്‍ഡര്‍ നല്‍കിയത്. ഒരു കുഞ്ഞുപ്ലേറ്റില്‍ 10 മുട്ടകള്‍ ഉണ്ടാകും. കുത്തിത്തിന്നാന്‍ ടൂത്ത് പിക്കും. ഒരെണ്ണമെടുത്ത് വായിലിട്ടു. നല്ല ചൂടും എരിവും. ഇവ രണ്ടും കണ്ടുമുട്ടിയാല്‍ പിന്നെ അടുത്തതായി കണ്ണില്‍നിന്ന് വെള്ളം ചാടുന്നതാണല്ലോ പതിവ്. അതുതന്നെ അവിടെയും സംഭവിച്ചു. പിന്നാലെ ഗിരിരാജമുട്ട വന്നു. ഗിരിരാജമുട്ടയുടെ അകത്ത് രണ്ട് ഉണ്ണികളുണ്ടാകും. എരിവും ഉപ്പുമെല്ലാം പാകം. കൂട്ടിന് സ്‌ട്രോങ് കട്ടനുമുണ്ടെങ്കില്‍ ബലേ ഭേഷ്. കട്ടനും മസാലമുട്ടയും നാവില്‍ എരിപൊരിസഞ്ചാരം നടത്തുന്നു. ഈ വിഭവം ടച്ചിങ്‌സിനാണ് ബെസ്റ്റ് എന്ന് വഴിപോക്കനായ ഒരു ചേട്ടന്റെ കമന്റും. തുടക്കം പാളിയില്ല. വയനാട്ടില്‍ ഒരു സഹായത്തിനായി സുഹൃത്ത് ഷിയോണ്‍ കാത്തിരിപ്പുണ്ട്. ചുരം കയറാന്‍ തുടങ്ങി. ഇനിയെത്ര രുചിഗോ പുരങ്ങള്‍ കയറാനുള്ളതാ.
ചുക്കയുടെ നാട്
ചിക്കന്‍ ചുക്ക ഓര്‍ഡര്‍ചെയ്യാത്ത മലയാളിയുണ്ടോ? ചുക്കയും പൊറോട്ടയും കൂട്ടി ഒരു പിടി പിടിക്കാത്തവര്‍? പലപ്പോഴും ചുക്ക കഴിക്കുമ്പോള്‍ ഇത് ആരുടെ തലയില്‍നിന്ന് ഉദിച്ച ഐഡിയയാണ് എന്ന് ചിന്തിച്ചിട്ടുണ്ട്. ആ സംശയത്തിന് ഒടുവില്‍ ഉത്തരം കിട്ടി. ചുക്ക ആള് വയനാട്ടുകാരനാണ്. ജനനം ന്യൂ ഹോട്ടലിലും. വയനാട്ടിലെ ഏറ്റവും പഴക്കംചെന്ന രുചിപ്പുരകളിലൊന്നാണ് ന്യൂ ഹോട്ടല്‍. കല്‍പ്പറ്റ ബസ്സ്റ്റാന്‍ഡിന് സമീപം രണ്ടുനിലകളിലായി തലയെടുപ്പോടെ നില്‍ക്കുന്ന ഹോട്ടല്‍ വയനാട്ടുകാരുടെ സ്വകാര്യ അഹങ്കാരംകൂടിയാണ്. 1957-ല്‍ മൊയ്തീന്‍കോയഹാജിയാണ് ഹോട്ടലിന് തുടക്കംകുറിക്കുന്നത്. തലശ്ശേരി, കോഴിക്കോടന്‍ വിഭവങ്ങള്‍ സമ്മേളിക്കുന്ന ന്യൂ ഹോട്ടലില്‍ 2002-ലാണ് ചുക്ക അതിഥിയായി എത്തുന്നത്. ചുക്കയുടെ ചുരുളഴിക്കാന്‍ നേരേ ന്യൂ ഹോട്ടലിലേക്ക്.
വൈകുന്നേരമാണ് ഹോട്ടലിലെത്തിയത്. പലതരം വിഭവങ്ങള്‍ ഹോട്ടലിനുള്ളിലൂടെ ഓടിനടക്കുന്നു. ഹോട്ടലിന്റെ ഇപ്പോഴത്തെ സാരഥി മുഹമ്മദ് നിയാസ് ഞങ്ങളെ സ്വാഗതംചെയ്തു. ചുക്ക തേടിയാണ് എത്തിയതെന്ന് പറഞ്ഞപ്പോള്‍ ആദ്യം നിങ്ങള് ചുക്ക കഴിക്ക് എന്നിട്ടാകാം അതിന്റെ കഥ എന്നായിരുന്നു മറുപടി. പക്ഷേ, ചുക്കയെക്കുറിച്ച് ഒരു ചുക്കുമറിയാതെങ്ങനെ പൊറോട്ടയില്‍ ചുക്ക ചുരുട്ടിത്തിന്നും? ആദ്യം ചുക്കയുടെ ചുരുളഴിക്കാം എന്നിട്ടാകാം രുചി തേടുന്നത് എന്നുറപ്പിച്ചു. നിയാസിക്ക ചുക്കയെക്കുറിച്ച് പറഞ്ഞുതുടങ്ങി.
ചിക്കന്‍ചുക്ക ഒരു പരീക്ഷണമായിരുന്നു. ആ പരീക്ഷണമാണ് ന്യൂ ഹോട്ടലിന്റെ ജാതകം മാറ്റിയെഴുതിയത്. അറേബ്യന്‍ ചൈനീസ് വിഭവങ്ങള്‍ കേരളത്തില്‍ പിടിമുറുക്കുന്നതിന് മുന്‍പുള്ള കാലമായതിനാല്‍ ചുക്കയെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തു. പിന്നീട് പലരും പലയിടങ്ങളിലേക്കും ചുക്കയെ പറിച്ചുനട്ടെങ്കിലും ന്യൂ ഹോട്ടലിന് മാത്രമായി അറിയുന്ന ആ മര്‍മരസം ആര്‍ക്കും കട്ടെടുക്കാനായില്ല.
കുരുമുളകും കശ്മീരിമുളകുമാണ് ചിക്കന്‍ചുക്കയെ ചുണക്കുട്ടനാക്കുന്നത്. പലയിടങ്ങളിലും ഡ്രൈ വിഭവമായിട്ടാണ് ചുക്ക അറിയപ്പെടുന്നത്. എന്നാല്‍ ന്യൂ ഹോട്ടലിലെ ചുക്കയ്ക്കല്‍പ്പം ചാറൊക്കെയുണ്ട്. നെയ്‌ച്ചോറും പൊറോട്ടയുമാണ് ചുക്കയുടെ ചങ്ക്സ്. വിശേഷങ്ങള്‍ പറഞ്ഞുതീര്‍ന്നപ്പോഴേക്കും നല്ല മൊരിഞ്ഞ ചൂട് പൊറോട്ടയും നെയ്‌ച്ചോറും പ്രധാനതാരമായ ചുക്കയും തീന്‍മേശയിലെത്തി. അത്യാവശ്യം വലുപ്പമുള്ള പീസുകളാണ് ചുക്കയിലുള്ളത്. ബ്രൗണും ചുവപ്പും കലര്‍ന്ന ചുക്ക. തൊട്ടാല്‍ അടര്‍ന്നുവീഴുന്ന പൊറോട്ടയില്‍നിന്ന് ഒരു കഷ്ണം നുള്ളിയെടുത്ത് ചുക്കയില്‍ മുക്കി ചുണ്ടോടടുപ്പിച്ചു. പതിയെ ആസ്വദിച്ച് കഴിച്ചു. അതിഗംഭീരം. കുരുമുളകാണ് ചുക്കയിലെ ഹീറോ. ഓരോനിമിഷം കഴിയുന്തോറും രുചി കൂടിവരുന്നു.
രാവിലെ 11 മണിക്കുതന്നെ ഹോട്ടലില്‍ ചുക്ക റെഡിയാണ്. അതിന്റെ യഥാര്‍ഥ രുചി അറിയണമെങ്കില്‍ വൈകുന്നേരമാകണം. അപ്പോഴേക്കും ഇറച്ചിക്കഷ്ണങ്ങളും മസാലയും ഇണപിരിയാനാവാത്തവണ്ണം അടുത്തിരിക്കും. തീര്‍ന്നുപോയാല്‍ പെട്ടെന്ന് പാകംചെയ്യാന്‍കഴിയാത്തതിനാല്‍ ആദ്യം വരുന്നവര്‍ക്ക് ചുക്കയും കൂട്ടി വയറുനിറയ്ക്കാം. അറേബ്യന്‍, ചൈനീസ് വിഭവങ്ങളൊക്കെ ഹോട്ടലിലുണ്ടെങ്കിലും ചുക്കയ്ക്കാണ് അന്നും ഇന്നും ഡിമാന്‍ഡ്.
എണ്‍പതുകളിലെ രുചികള്‍
പഴംപൊരിയും ബീഫും കട്ടനും. ഈ ഹല്‍വയും മത്തിക്കറിയും എന്നൊക്കെ പറയുന്നപോലെ ഒരു തമാശ കോമ്പിനേഷനാകും ഇതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പഴംപൊരി ബീഫ് ഫ്രൈയില്‍ കൂട്ടിക്കുഴച്ച് അതിനുപിന്നാലെ കട്ടന്‍ നുണയുന്ന കഥ വയനാടിനും പറയാനുണ്ട്. വയനാട്ടില്‍ ഒരിടത്ത് മാത്രമായി കിട്ടുന്ന വെറൈറ്റി രുചി. കല്‍പ്പറ്റ ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന 1980's എന്ന ഹോട്ടലിലാണ് ഈ വ്യത്യസ്ത രുചിയുള്ളത്. പോകുംവഴിയാണ് സിനിമാനടന്‍ അബു സലിമിന്റെ മകന്‍ സാനു സലീമിന്റെ കടയാണതെന്ന് അറിയുന്നത്. അബൂക്കയെ നേരത്തേ പരിചയമുള്ളതുകൊണ്ട് ആളെ വിളിച്ചു. ഞങ്ങള്‍ എത്തുമ്പോഴേക്കും അദ്ദേഹം അവിടെയുണ്ടായിരുന്നു. വിടര്‍ന്ന പുഞ്ചിരിയോടെ അബൂക്ക സ്വാഗതം ചെയ്തു.
പഴമ തങ്ങിനില്‍ക്കുന്ന അന്തരീക്ഷമാണിവിടെ. പഴയ തറവാട്വീട് വാങ്ങി മോടിവരുത്തിയാണ് ഹോട്ടല്‍ തുടങ്ങിയിരിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി അഞ്ചുവര്‍ഷം പിന്നിടുമ്പോഴേക്കും വയനാടിന്റെ രുചിഭൂപടത്തില്‍ ഒരിടം നേടിയെടുക്കാന്‍ 1980'-െന് സാധിച്ചു. ഹോട്ടലിലേക്ക് കയറിയപ്പോള്‍ എണ്‍പതുകളിലെ ഹിന്ദിഗാനങ്ങള്‍ നേര്‍ത്ത ശബ്ദത്തില്‍ ഒഴുകിവന്നു. പഴയകാല ചായക്കടകളെ അനുസ്മരിപ്പിക്കും വിധം ബെഞ്ചും ഡസ്‌കും ഉമ്മറത്ത് നിരത്തിയിരിക്കുന്നു. വലതുഭാഗത്ത് പുറത്തായി ചെറിയ ടെന്റുകള്‍ കെട്ടിയുയര്‍ത്തിയിട്ടുണ്ട്. ഓരോ സുലൈമാനിയും കുടിച്ചോണ്ട് സൊറപറയാനുള്ള സെറ്റപ്പ്.
വീടിന്റെ മുകളിലത്തെ നിലയിലും ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. ഉമ്മറത്തുള്ള ബെഞ്ചിലിരുന്നു. പിറകിലായി നിരവധി സിനിമാതാരങ്ങള്‍ അവിടം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. അബൂക്കയുമായി സൊറപറഞ്ഞിരിക്കുന്നതിനിടെ തേടിയവള്ളി മുന്നിലെത്തി. മഞ്ഞക്കുപ്പായമണിഞ്ഞ് മേലാസകലം വേവുന്ന പഴംപൊരിയും മസാലയില്‍ കുളിച്ചെത്തിയ ബീഫും. പിന്നാലെ കട്ടനും. ഇതാണ് ഇവിടത്തെ കോമ്പിനേഷന്‍. 'വര്‍ത്താനം മതിയാക്കാം, ആദ്യം ഇതൊന്ന് കഴിച്ചുനോക്ക്'. അബൂക്ക പറഞ്ഞു. നല്ല ചൂടന്‍ പഴംപൊരി ബീഫില്‍ മുക്കി ഒരു പീസും ചേര്‍ത്ത് പിടിച്ച് വായിലേക്കിട്ടു. ഇതില്‍ ഏത് രുചിയാണ് മികച്ചതെന്നറിയാന്‍ നാവ് കിടന്ന് വട്ടംകറങ്ങുന്നു. രണ്ടു രുചികളും ഒന്നിനോടൊന്നുമെച്ചം. രണ്ടും കൂടെ ചേരുമ്പോഴോ രുചി അതുക്കും മേലേ.
വയനാട്ടില്‍ പണ്ട് മുസ്ലിം വീടുകളില്‍ നെയ്യപ്പവും ബീഫും കൂട്ടിക്കഴിക്കാറുണ്ടായിരുന്നു. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇവിടെ പഴംപൊരിയും ബീഫും ഉടലെടുക്കുന്നത്. മധുരവും എരിവും സമന്വയിക്കുന്ന അപൂര്‍വ രുചി. പഴംപൊരിയില്‍ കരിഞ്ചീരകം ചേര്‍ത്തിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ മാത്രമാണ് ഈ കോമ്പിനേഷന്‍ ലഭിക്കുക. അത് കണക്കാക്കി വേണം എത്താന്‍. കൂട്ടിന് നല്ല കിടിലന്‍ മട്ടന്‍വിഭവങ്ങളും കിട്ടും. മട്ടന്‍തല, മട്ടന്‍ബ്രെയിന്‍ ഫ്രൈ എന്നിവയും ചിക്കനില്‍ പിടിക്കോഴി എന്ന വിഭവവും ഈ ഹോട്ടലിന് മാത്രം അവകാശപ്പെടുന്ന രുചികളാണ്.
സാനു സലീമിനൊപ്പം മുകേഷ്, മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് ഈ രുചിപ്പുര മുന്നോട്ടുകൊണ്ടുപോകുന്നത്. രാവിലെ എട്ടുമുതല്‍ രാത്രി പത്തരവരെ തുറന്നുപ്രവര്‍ത്തിക്കുന്ന ഇവിടത്തെ ഉച്ചയൂണിനും ബിരിയാണിക്കും വന്‍ ഡിമാന്‍ഡാണ്. സമയം പത്തുമണിയായി. പഴംപൊരിയും ബീഫും മട്ടന്‍വിഭവങ്ങളും പിടിക്കോഴിയും നൈസ് പത്തിരിയുമെല്ലാം അകത്താക്കിക്കഴിഞ്ഞു. ഇനിവയറിന് അല്‍പ്പം വിശ്രമം കൊടുത്തില്ലെങ്കില്‍ ദൈവം പൊറുക്കൂല. അബൂക്കയോട് യാത്ര
പറഞ്ഞ് വയറും തടവിയിറങ്ങി. നേരെ ഹോട്ടല്‍മുറിയിലേക്ക്.
ഇനി കിടന്നൊന്നുറങ്ങണം.
ജൂബിലി...രുചിയില്‍ ജിങ്കാലാലാ
സുല്‍ത്താന്‍ബത്തേരിയിലെ രുചിയറിഞ്ഞില്ലെങ്കില്‍ പിന്നെന്ത് ഭക്ഷണയാത്ര. അവിടത്തെ ഏറ്റവും മികച്ച ഹോട്ടല്‍ ഏതെന്ന് അന്വേഷിച്ചപ്പോള്‍ ജൂബിലി എന്ന ഒരൊറ്റ ഉത്തരമേ നാട്ടുകാര്‍ക്ക് നല്‍കാനുള്ളൂ. രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ടിപ്പുവിന്റെ ഇഷ്ട പട്ടണത്തിലേക്ക് രാവിലെതന്നെ വെച്ചുപിടിച്ചു.
വയനാടന്‍ വീഥികള്‍ ഉറക്കമെഴുന്നേല്‍ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പുല്‍നാമ്പുകളില്‍ മഞ്ഞുകണങ്ങള്‍ അള്ളിപ്പിടിച്ചിരിക്കുന്നു. മൂടുപടമണിഞ്ഞപോലെ കാറിന്റെ ഗ്ലാസില്‍ മുഴുവന്‍ കോട. പതിയെ വയനാടന്‍ മണ്ണിന്റെ സൗന്ദര്യം ആസ്വദിച്ച് കല്‍പ്പറ്റയും മീനങ്ങാടിയും പിന്നിട്ട് സുല്‍ത്താന്‍ബത്തേരിയിലേക്ക്.
മൈസൂര്‍ ദേശീയപാതയില്‍ ബത്തേരി ടൗണില്‍തന്നെയാണ് ജൂബിലി ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഒരു സാധാരണ ഹോട്ടലായിരുന്നു മനസ്സില്‍. എന്നാല്‍ അവിടെയെത്തിയപ്പോള്‍ മനസ്സില്‍ നെയ്തെടുത്ത വാങ്മയ ചിത്രങ്ങളെല്ലാം മാഞ്ഞുപോയി. വയനാട്ടിലെ തന്നെ ഏറ്റവും വലിയ ഭക്ഷണകേന്ദ്രങ്ങളിലൊന്നാണ് ജൂബിലി. ഒരു കെട്ടിടസമുച്ചയത്തില്‍തന്നെ അഞ്ച് റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നു. കാര്‍ പാര്‍ക്കിങ്ങിലെത്തിയപ്പോള്‍ തന്നെ ഹോട്ടലിന്റെ മാനേജര്‍ സന്തോഷ് സ്വാഗതം ചെയ്തു. ജൂബിലിയിലെ കുത്തുകോഴി, വയനാട് ഗ്രില്‍ഡ് ചിക്കന്‍ എന്നീ വിഭവങ്ങള്‍ രുചിക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. വൃത്തിയേറിയ ഹോട്ടലിന്റെ അകത്തളത്തില്‍ തിരക്കായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.
ജൂബിലി 23-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. അതിന്റെ ഭാഗമായി ആഘോഷപരിപാടികള്‍ നടത്തുന്നുണ്ട്. ഹോട്ടല്‍ മുഴുവന്‍ അലങ്കരിച്ചിട്ടുമുണ്ട്. വയനാട്ടുകാരനായ വി.എന്‍.കെ. അഹമ്മദ് ഹാജിയാണ് വയനാട്ടുകാര്‍ക്ക് ജൂബിലിയുടെ വേറിട്ട രുചികള്‍ പരിചയപ്പെടുത്തിയത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഖല്‍ദുള്‍ അഹമ്മദ് ആണ് ഹോട്ടലിന്റെ സാരഥി. കര്‍ണാടകയിലേക്ക് പോകുന്ന മിക്ക സഞ്ചാരികളും ജൂബിലിയില്‍നിന്ന് പൊറോട്ടയും മീന്‍കറിയും ശാപ്പിട്ടശേഷമാണ് യാത്ര തുടരാറുള്ളത്. അത്രയ്ക്കും ഫെയ്മസ് ആണ് ജൂബിലിയിലെ പൊറോട്ടയും മീന്‍കറിയും. ആദ്യം വന്ന കാര്യം നടക്കട്ടെ.
കുത്തുകോഴിക്ക് ആ പേരെങ്ങനെ കിട്ടി എന്നും അതിന്റെ മര്‍മമെന്താണെന്നും അറിയണം. സംഭവം സിമ്പിളാണ്. എല്ലില്ലാത്ത ചെറുതായി മുറിച്ചെടുത്ത ചിക്കനില്‍ മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്ത് പിടിപ്പിച്ച് ഒരു ടൂത്ത് പിക്കില്‍ ചിക്കന്‍ കോര്‍ക്കും. അത് തവയില്‍ നല്ല ചൂടില്‍ ഗ്രില്‍ ചെയ്തെടുക്കും. ഇത്രേയുള്ളൂ. പക്ഷേ, അത് രസമുകുളങ്ങളെ ത്രസിപ്പിക്കും. കുത്തുകോഴി പുതിന ചട്ണി ചേര്‍ത്ത് കഴിച്ചു. രസികന്‍വിഭവം. സ്റ്റാര്‍ട്ടറായിട്ടാണ് ആശാന്‍ തീന്‍മേശയിലേക്കെത്തുന്നത്.
കുത്തുകോഴിയുടെ സ്വാദ് നാവിലൂടെ കുത്തിയൊലിച്ചിറങ്ങുകയാണ്. പിന്നാലെയെത്തി, വയനാട്ടുകാരുടെ സ്വന്തം വയനാട് ഗ്രില്‍ഡ് ചിക്കന്‍. ലോകത്ത് ജൂബിലി ഹോട്ടലില്‍ മാത്രം കിട്ടുന്ന ആ സൃഷ്ടി കാണാന്‍തന്നെ നല്ല രസമാണ്. പായലുപിടിച്ചിരിക്കുന്നപോലെ പച്ചനിറം. ഹോട്ട് ചില്ലി, കറിവേപ്പില എന്നിവ നന്നായി വറുത്ത് ചതച്ചെടുത്ത് അതില്‍ തേങ്ങാപ്പാല്, തൈര്, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഗ്രില്‍ ചെയ്തെടുത്താല്‍ വയനാടന്‍ ഗ്രില്‍ഡ് ചിക്കന്‍ തയ്യാര്‍. വെറുതേയല്ല ജൂബിലി വയനാട്ടുകാരുടെ പ്രിയപ്പെട്ട രുചിപ്പുരയായത്. ഇനിയുമുണ്ട് ജൂബിലിയില്‍ ഏറെ വിഭവങ്ങള്‍. ചില്ലിച്ചിക്കന്‍ ബിരിയാണി, പയ്യോളിച്ചിക്കന്‍ അങ്ങനെ നീളുന്നു വിഭവങ്ങളുടെ നീണ്ടനിര.
കഴിക്കാനുള്ളതെല്ലാമായി, കുടിക്കാന്‍ എന്തൊക്കെയുണ്ട് സ്പെഷ്യലായിട്ട് എന്ന് ചോദിച്ചപ്പോഴേക്കും സന്തോഷേട്ടന്‍ പിങ്ക് പാന്തറിന് ഓര്‍ഡര്‍ ചെയ്തു. തുള്ളിച്ചാടി നടക്കുന്ന അമേരിക്കന്‍ കാര്‍ട്ടൂണ്‍ കഥാപാത്രമാണ് ആദ്യം മനസ്സിലൂടെ മിന്നിമറിഞ്ഞത്. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും പിങ്ക് പാന്തര്‍ മുന്നിലെത്തി. പേര് പോലെ നല്ല പിങ്ക് നിറം. കണ്ടാല്‍ത്തന്നെ വായില്‍നിന്ന് വെള്ളമൂറും. സ്‌ട്രോബെറി ഐസ്‌ക്രീം, പാല്‍, ചെറി, കടലമിഠായി എന്നിവ ചേര്‍ത്താണ് പിങ്ക് പാന്തര്‍ തയ്യാറാക്കുന്നത്. കുടിക്കുമ്പോള്‍ കടലമിഠായി നന്നായി കടിക്കുന്നു. അതുതന്നെയാണ് പിങ്ക് പാന്തറിന്റെ മാജിക്കും. കുടിച്ചുകഴിഞ്ഞപ്പോള്‍ പിങ്ക് കളറിലുള്ള മീശ സമ്മാനമായി തന്നിരിക്കുന്നു ഈ രസികന്‍ ഡ്രിങ്ക്.
ജൂബിലിയിലെ സിന്‍ഡ്രല്ല എന്ന ഡ്രിങ്കിനും ആവശ്യക്കാരേറെയുണ്ട്. വയനാട്ടിലൂടെ കര്‍ണാടകയിലേക്ക് പോകുന്നവര്‍ ജൂബിലിയില്‍നിന്ന് നിര്‍ബന്ധമായും ഭക്ഷണം കഴിച്ചിരിക്കണം. അല്ലെങ്കില്‍ അത് വലിയൊരു നഷ്ടമായിരിക്കും.
വയനാടിന്റെ വടുകേ...
സുഗന്ധവ്യഞ്ജനങ്ങളുടെ നാട്. വയനാടിന്റെ സുഗന്ധപ്പെരുമ കപ്പലുകയറി പല രാജ്യങ്ങളില്‍ എത്തിയതുമാണ്. കല്‍പ്പറ്റയിലെ ഒരു കടയില്‍ കയറി. ഏലം, കുരുമുളക്, വൈറ്റ് പെപ്പര്‍, ഗ്രാമ്പു, പട്ട, ജാതിപത്രി, ജാതിക്ക, തക്കോലം, ഇഞ്ചി തുടങ്ങിയവയെല്ലാം വിവിധ പാക്കറ്റുകളിലായി നിറഞ്ഞുനില്‍ക്കുന്നു.
അക്കൂട്ടത്തില്‍ പെട്ടെന്ന് കണ്ണുടക്കിയത് വടുകിലായിരുന്നു. വയനാടിന്റെ സ്വന്തം വിഭവം. ഇവനാള് കുഞ്ഞനാണ്. കാന്താരിമുളക്, കറിവേപ്പില, ഉള്ളി, ജീരകം, ഉപ്പ്, അവല്‍ എന്നിവ കൂട്ടിയരച്ച് ഉരുളകളാക്കി വെയിലത്തിട്ടുണക്കും. പിന്നീട് ആവശ്യാനുസരണം കൊണ്ടാട്ടമുളക് വറുത്തെടുക്കുന്നപോലെ വെളിച്ചെണ്ണയില്‍ വറുത്തെടുത്താല്‍ സ്വാദിഷ്ഠമായ വടുക് തയ്യാര്‍. അതുപോലെ വയനാട്ടുകാര്‍ക്ക് പ്രിയപ്പെട്ടതാണ് തൊറമാങ്ങ. മാങ്ങയില്‍ ഉപ്പും മസാലയും പുരട്ടി ഉണക്കിയെടുത്താണ് തൊറമാങ്ങയുണ്ടാക്കുന്നത്.
തൊറമാങ്ങയെടുത്ത് ഒന്ന് കടിച്ചുനോക്കി. നല്ല പുളിയും എരിവും ഒരുപോലെ സമ്മേളിക്കുന്ന കിടിലന്‍ രുചി. തൊറമാങ്ങയും തൈരും ചോറിനൊപ്പം കൂട്ടിചേര്‍ത്തൊരു പിടിപിടിച്ചാലുണ്ടണ്ടല്ലോ? വടുകിനും തൊറമാങ്ങയ്ക്കും പുറമേ മുളയരി, മുളയരി കൊണ്ടുണ്ടാക്കിയ കുഴലപ്പം, അവലോസുണ്ട, തേന്‍ നെല്ലിക്ക, ഉണക്കിയെടുത്ത ഇഞ്ചി, നെല്ലിക്ക, ഹോംമേഡ് ചോക്ലേറ്റുകള്‍ തുടങ്ങി എത്രയെത്ര രുചികള്‍...
ഉമേഷേട്ടന്റെ അദ്ഭുതലോകം
മുപ്പതിലധികം വിഭവങ്ങള്‍ അടങ്ങുന്ന സദ്യ, കൂട്ടിന് നല്ല പുഴമീന്‍ പൊരിച്ചതും. ഷിയോണ്‍ പറഞ്ഞ് മുഴുമിപ്പിക്കുന്നതിനുമുന്‍പ് കാറില്‍ ചാടിക്കയറി. അതെവിടെയാണെങ്കിലും ഇനിയവിടെ സന്ദര്‍ശിച്ചിട്ടേ മറ്റെന്ത് കാര്യവുമുള്ളൂ. വയനാട്ടില്‍ കുറുവാദ്വീപിന് സമീപത്തായാണ് ഉമേഷേട്ടന്‍ നടത്തുന്ന മെസ്സ്. ഉച്ചയൂണ്‍ അവിടെനിന്നുതന്നെ. നേരത്തേ അറിയിച്ചാല്‍ മാത്രമേ ഭക്ഷണം ഉണ്ടാക്കുകയുള്ളൂ എന്നറിയാവുന്നതുകൊണ്ട് ഉമേഷേട്ടനെ ഫോണില്‍ വിളിച്ച് കാര്യമറിയിച്ചു. അദ്ദേഹം ഡബിള്‍ ഓക്കെ.
കുറുവാദ്വീപ് ആകെ മാറിയിരിക്കുന്നു. സൂചികുത്താനിടമില്ലാത്ത അത്രയും തിരക്ക് അനുഭവപ്പെട്ടിരുന്ന സ്ഥലം മരുഭൂമി സമാനമായിരിക്കുന്നു. ദിവസേനയുള്ള പ്രവേശനം വെട്ടിച്ചുരുക്കിയതാണ് ഇതിനുകാരണം. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഇപ്പോള്‍ കുറുവാദ്വീപിലേക്ക് കടക്കാനാകൂ. അതുകൊണ്ടുതന്നെ സഞ്ചാരികളുടെ കുത്തൊഴുക്ക് ഇല്ലാതായി. സമീപത്തുള്ള കടകള്‍ മിക്കവയും നഷ്ടംകാരണം പൂട്ടി. ഉച്ചയോടടുത്ത് ഉമേഷേട്ടന്റെ മെസ്സിലെത്തി.
അശ്വതി ഭവന്‍ എന്നാണ് മെസ്സിന്റെ പേര്. ഉമേഷേട്ടന്റെ വീടിന്റെ അടുത്തുതന്നെയാണ് മെസ്സും പ്രവര്‍ത്തിക്കുന്നത്. അകത്തേക്ക് കയറിയപ്പോള്‍ അദ്ദേഹം സ്ഥലത്തില്ലായിരുന്നു. എന്തോ വാങ്ങാനായി പുറത്തേക്ക് പോയതാണ്. ഉമേഷേട്ടന്റെ ഭാര്യ ലിസിച്ചേച്ചി ഓരോ ഗ്ലാസ് മോരുംവെള്ളം നല്‍കി സ്വീകരിച്ചു. അടുക്കളയില്‍ ലിസിച്ചേച്ചി ഓടിനടന്ന് ഭക്ഷണം തയ്യാറാക്കുന്നതിന്റെ തിരക്കിലാണ്. ഞങ്ങളെക്കൂടാതെ വേറെയും ഗസ്റ്റുകളുണ്ട്.
അടുക്കളയിലേക്ക് കയറിയപ്പോള്‍ തന്നെ വിവിധ പാത്രങ്ങളിലായി തിളച്ചുമറിയുന്ന രുചികളുടെ കൊതിപ്പിക്കുന്ന മണം രസമുകുളങ്ങളെ ഉത്തേജിപ്പിച്ചു. ലിസിച്ചേച്ചി മീന്‍ വറുക്കാനുള്ള തയ്യാറെടുപ്പിലാണ്. നല്ല പുഴമീനാണ് കൈയിലുള്ളത്. അതില്‍ മസാല തേച്ച് ഇരുമ്പിന്റെ തവയില്‍വെച്ച് പൊരിച്ചെടുത്തു. മീന്‍ നല്ല മൊരിഞ്ഞ് ചൊക ചൊകാന്നിരിക്കുന്നു. അപ്പോഴേക്കും വിടര്‍ന്ന പുഞ്ചിരിയുമായി ഉമേഷേട്ടനുമെത്തി.
വന്നയുടന്‍ സ്വന്തം വീട്ടുകാരോടെന്നപോലെയാണ് അദ്ദേഹം സംസാരിച്ചത്. വാഴയില വെട്ടി അത് കഴുകി തുടയ്ക്കുന്നതിനിടെ ഉമേഷേട്ടന്‍ മെസ്സിനെക്കുറിച്ച് സംസാരിച്ചുതുടങ്ങി.
12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വളരെ ചെറിയ രീതിയില്‍ തുടങ്ങിയതാണ് അശ്വതി ഭവന്‍. പിന്നീട് അത് വളര്‍ന്ന് ഇന്ന് വയനാട്ടിലെ ഏറ്റവും മികച്ച നാടന്‍ ഭക്ഷണക്കലവറായി മാറിയത് അവിടെനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ഭക്ഷണപ്രേമികളിലൂടെ മികച്ച അഭിപ്രായങ്ങളിലൂടെയാണ്. കുറുവാ ദ്വീപില്‍ ആള് കൂടിയാലും കുറഞ്ഞാലും ഉമേഷേട്ടന്റെ മെസ്സില്‍ എന്നും തിരക്കാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഭക്ഷണം പാകം ചെയ്യൂ. 100-ല്‍ കൂടുതല്‍ പേര്‍ക്ക് ഭക്ഷണം ഉണ്ടാക്കുകയുമില്ല. ഉമേഷേട്ടനും ഭാര്യയും ചേര്‍ന്നാണ് ഭക്ഷണമുണ്ടാക്കുന്നത്.
ആളുകൂടിയാല്‍ മേന്മ നഷ്ടമാകും എന്നതാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയ പ്രധാന പ്രശ്നം. സദ്യയ്ക്ക് ഏകദേശം 30 വിഭവങ്ങളുണ്ടാകും. എല്ലാം ഇരുവരും ചേര്‍ന്ന് പാകം ചെയ്തെടുക്കുന്നതാണ്. അത്കേട്ടപ്പോള്‍തന്നെ 'കിളി' കുറുവാദ്വീപിന് മുകളിലൂടെ പറന്നുപോയി.
കബനിയില്‍നിന്നുള്ള മീനാണ് ഉപയോഗിക്കുന്നത് എന്നാല്‍ അത് കേരളത്തില്‍നിന്ന് പിടിക്കാനുള്ള അനുമതിയില്ലാത്തതുകൊണ്ട് കര്‍ണാടക അതിര്‍ത്തിയില്‍ പോയി മേടിക്കും.
'വാ ഒരു പ്രത്യേകവിഭവമുണ്ട് നിങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിയതാണ്' എന്നും പറഞ്ഞ് ഉമേഷേട്ടന്‍ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അടുപ്പത്തിരിക്കുന്ന പാത്രത്തിന്റെ അടപ്പ് മാറ്റിയപ്പോള്‍ അടിപൊളി വിഭവം കണ്‍മുന്നില്‍. ഉമേഷേട്ടന്റെ മാസ്റ്റര്‍ പീസ് ഐറ്റം. ചിക്കന്‍ ഫ്രൈ.
ചിക്കന്‍ ചെറിയ കഷണങ്ങളാക്കി നുറുക്കി വെള്ളം ചേര്‍ക്കാതെ സ്‌പെഷ്യന്‍ മസാലക്കൂട്ട് ചേര്‍ത്തുണ്ടാക്കുന്ന വിഭവം. അടപ്പ് തുറന്നപ്പോള്‍ തന്നെ അതിന്റെ രുചി ഊഹിക്കാമായിരുന്നു. സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കുറച്ചെടുത്ത് ചൂടോടെ കഴിച്ചു. നാക്ക് പൊള്ളുന്ന ചൂടാണെങ്കിലും കൊലമാസ് രുചി. ഉമേഷേട്ടന്‍ സ്വന്തമായി കണ്ടെത്തിയ കൂട്ടാണിതിന്റെ രഹസ്യം.
കുറച്ചുപേര്‍ ഭക്ഷണം കഴിക്കാനായി എത്തിയിട്ടുണ്ട്. ഉമേഷേട്ടന്‍ അവര്‍ക്ക് ഭക്ഷണം വിളമ്പാനുള്ള ഒരുക്കത്തിലാണ്. ഞങ്ങളും ഒപ്പം കൂടി. അതിനുശേഷം കഴിക്കാനായി എല്ലാ വിഭവങ്ങളും ഒരു മേശയില്‍ നിരത്തിവെച്ചു. ഇനി എണ്ണിത്തുടങ്ങാം. ഉപ്പ്, മാങ്ങാഅച്ചാര്‍, എരിശ്ശേരി, പുളിശ്ശേരി, കാളന്‍, ബനാന പച്ചടി, പയറുതോരന്‍, ഉള്ളിക്കറി, അവിയല്‍, തോരന്‍, ഇഞ്ചിപ്പുളി, പച്ചടി, കുക്കുമ്പര്‍ പച്ചടി, ഓലന്‍, മോരുകറി, സാമ്പാര്‍, സാലഡ്, ബീറ്റ്‌റൂട്ട് അച്ചാര്‍, ഇലത്തോരന്‍, പായസം, പപ്പടം, പഴം, ചിക്കന്‍ ഫ്രൈ, പുഴമീന്‍ വറുത്തത്, ചോറ്, രസം, മോര്, തൈര്, നെയ്യ്, പരിപ്പ്, പഴം മിക്‌സ്. ഹോ... എന്റെ ദൈവമേ... ഇതൊരൊന്നൊന്നര സദ്യയായിപ്പോയി!
എണ്ണിത്തീരാന്‍തന്നെ സമയമെടുത്തു. ഇനിയിത് എങ്ങനെ കഴിച്ചു തീര്‍ക്കും? 'ഇഷ്ടംപോലെ സമയമുണ്ട് മെല്ലെ തിന്നാല്‍
മതി.' ലിസിച്ചേച്ചിയുടെ കമന്റ്. ഇലയില്‍ ഓരോ വിഭവങ്ങള്‍ നിറയുന്നു. ഇല മുഴുവനായി വിഭവങ്ങള്‍ നിറഞ്ഞൊരു സദ്യ ജീവിതത്തിലാദ്യമായി കഴിക്കാന്‍ പോകുകയാണ്. ഹോംലി ഫുഡ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്.
രുചിയുടെ കാര്യത്തില്‍ ഒരു കോംപ്രമൈസുമില്ല. ഒരു മണിക്കൂറോളമെടുത്തു എല്ലാമൊന്ന് കഴിച്ചുതീര്‍ക്കാന്‍. ഓരോ വിഭവവും ഒന്നിനൊന്ന് മെച്ചം. കൂട്ടത്തില്‍ ഞെട്ടിച്ചത് പഴം മിക്സാണ്. നാലുതരം പഴം പഞ്ചസാരയും ഏലക്കയും ചേര്‍ത്ത് അരച്ചെടുത്താണ് പഴം മിക്‌സ് ഉണ്ടാക്കുന്നത്. കഴിച്ചുകഴിയാറായപ്പോള്‍ ഒരു സൂത്രമുണ്ട് എന്നും പറഞ്ഞ് ഉമേഷേട്ടന്‍ ഇലയിലേക്ക് പായസമൊഴിച്ചുതന്നു. അതിനുമുകളില്‍ പഴം മിക്‌സും ഒരു പഴവും പപ്പടവും വെച്ചുതന്നു. ഇനി ഇതെല്ലാം ചേര്‍ത്ത് കൂട്ടിക്കുഴച്ച് ഒന്നു കഴിച്ചുനോക്കിക്കേ...
ചില സമയങ്ങളില്‍ വികാരങ്ങളെ വാക്കുകള്‍കൊണ്ട് തളച്ചിടാനാകില്ല എന്നുപറയാറില്ലേ അതാണവിടെ സംഭവിച്ചത്. ഒന്നും പറയാനില്ല. മുന്‍പ് പലതവണ കുറുവാദ്വീപില്‍ വന്നിട്ടും ഉമേഷേട്ടന്റെ ഭക്ഷണമഹിമ അറിയാതെ പോയതില്‍ പശ്ചാത്തപിച്ചു. ഇനി വയനാട്ടില്‍ വരികയാണെങ്കില്‍ ഉച്ചയൂണ്‍ അശ്വതിഭവനില്‍ നിന്നുതന്നെ!
വയനാടന്‍ വന്യരുചി
ആദിവാസികളുടെ ഈറ്റില്ലമായ വയനാട്ടില്‍നിന്ന് അവരുടെ രുചിയറിയാതെ മടങ്ങുന്നത് ശരിയല്ല. വന്ന ദിവസം തൊട്ട് അതിനായി ശ്രമിക്കുകയാണ്. പക്ഷേ, ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. പലരും ജോലിക്ക് പോകുന്നതിനാല്‍ ഭക്ഷണമുണ്ടാക്കിത്തരാന്‍ സമയമില്ല. ട്രൈബല്‍ രുചി നല്‍കുന്ന ഭക്ഷണപ്പുരകളുമില്ല. ഇനിയുള്ള ഏക പ്രതീക്ഷ ആദിവാസി ഊരുകളില്‍ പോയി അവരെക്കൊണ്ട് ഭക്ഷണമുണ്ടാക്കിക്കുക എന്നതാണ്. അതിനായി സുഹൃത്തുക്കളായ സലാമിക്കയും സാരംഗും അമലും സഹായിച്ചു. ഒടുവില്‍ കാരാപ്പുഴ ഡാമിനടുത്ത് ഒരു വീട്ടില്‍ സഞ്ചാരികള്‍ക്ക് ഭക്ഷണം പാകംചെയ്തുകൊടുക്കാറുണ്ടെന്ന കാര്യം സലാം ഇക്ക പറഞ്ഞു. വഴിയൊന്നും കൃത്യമായി അറിയില്ല. പേരറിയാത്ത നാട്ടിലൂടെ കുണ്ടും കുഴിയും നിറഞ്ഞ മണ്‍പാതയിലൂടെ കാര്‍ മെല്ലെ നീങ്ങി. അപ്പോഴേക്കും വീട്ടുകാരിയുടെ പേരും മൊബൈല്‍ നമ്പറും സലാമിക്ക അയച്ചുതന്നു. ഗൗരി എന്നാണ് അവരുടെ പേര്. ഒടുവില്‍ ഒരുവിധം ഗൗരിയമ്മയുടെ വീട്ടിലെത്തി.
ഒരു കുടിലാണ് മനസ്സിലുണ്ടായിരുന്നതെങ്കിലും ഗൗരിയമ്മയുടെ ഓടിട്ട വീട് പ്രൗഢമാണ്. ഇന്ന് ആദിവാസി ഗ്രാമങ്ങളില്‍ വികസനം ദ്രുതവേഗത്തിലാണ് നടക്കുന്നത്. സമീപത്തുള്ള ആദിവാസി ഊരുകളിലെ വീടുകളെല്ലാം ഇതിനോടകം കോണ്‍ക്രീറ്റ് ചെയ്തുകഴിഞ്ഞിരിക്കുന്നു. ഗൗരിയമ്മ ഞങ്ങളെയും കാത്ത് ഉമ്മറത്തുണ്ടായിരുന്നു. 'വരീന്‍ മക്കളേ...' ആ വിളിയില്‍ തന്നെയുണ്ട് അവര്‍ കാത്തുസൂക്ഷിക്കുന്ന നന്മയും സ്നേഹവും. വീട്ടിലേക്ക് കയറാന്‍ തുടങ്ങിയതും രണ്ട് ശുനകവീരന്മാര്‍ ഞങ്ങളെ നോക്കി പേടിപ്പിക്കുന്നു. 'അവറ്റകള്‍ ഒന്നും ചെയ്യൂല മക്കളേ ങ്ങള് കേറിപ്പോരീ...' ഗൗരിയമ്മ പട്ടികളെ നോക്കി ഒന്നു കണ്ണുരുട്ടി ഞങ്ങളെ വീട്ടിനകത്തേക്ക് ക്ഷണിച്ചു.
ഞങ്ങള്‍ വരുന്നതിനുമുന്‍പേ ഗൗരിയമ്മയുടെ മകന്‍ കാരാപ്പുഴയില്‍നിന്ന് പുഴമീന്‍ പിടിച്ചുകൊണ്ടുവന്നിരുന്നു. നല്ല പെടയ്ക്കണ വരാല്‍. അതിന്റെ തോല്‍ പൊളിക്കുകയാണ് മരുമകള്‍ രമണി.
'ആദ്യം മ്മക്ക് കല്ലേപ്പുട്ടും കാരപ്പോം ണ്ടാക്കാം. ന്ന്ട്ട് മീന്‍ ചുടാം'-ഗൗരിയമ്മ പറഞ്ഞു. ഡബിള്‍ ഓക്കേ. വീടിന്റെ പിറകുവശത്തുണ്ടാക്കിയ കല്ലടുപ്പിലാണ് ഭക്ഷണം തയ്യാറാക്കാന്‍ പോകുന്നത്. ആദ്യം കാരപ്പമാണ് ഉണ്ടാക്കുന്നത്. അത് ആദിവാസി ഊരുകളിലെ പ്രധാന വിഭവമാണ്. വിശേഷദിവസങ്ങളില്‍ അവര്‍ ഈ അപ്പം ഉണ്ടാക്കും. അതിന് പ്രത്യേകമായി കല്ലില്‍ കൊത്തിയെടുത്ത അപ്പച്ചട്ടിയുമുണ്ട്. ഗന്ധകശാല അരി ഉരലില്‍ പൊടിച്ചെടുത്ത് അതില്‍ ശര്‍ക്കരപ്പാവ് കൂട്ടിയോജിപ്പിച്ച് മഞ്ഞള്‍പ്പൊടിയും ചേര്‍ത്താണ് കാരപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നത്. എന്താണമ്മേ ഈ ഗന്ധകശാല അരി? 'അത് ഞാങ്ങള് തന്നെ ണ്ടാക്കിയെട്ക്കണ അരിയാണ്. ഞാങ്ക്ക് കണ്ടമുണ്ട്. ആട്ന്ന് കൊയ്‌തെടുക്കും'- ഗൗരിയമ്മയുടെ ഭാഷ കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. കുറുമര്‍ സമുദായത്തില്‍പ്പെട്ടവരാണിവര്‍. അവര്‍തന്നെ കൃഷി ചെയ്തെടുക്കുന്ന അരിയാണ് ഗന്ധകശാല. പക്ഷേ ഇപ്പോള്‍ അതിനാരും താത്പര്യം കാണിക്കുന്നില്ലത്രേ.
കാരപ്പം ചുടാനായി അമ്മ റെഡിയാണ്. കല്ലില്‍ കൊത്തിയെടുത്ത പ്രത്യേകമായ ഉണ്ണിയപ്പച്ചട്ടി പോലുള്ള ചട്ടി അടുപ്പില്‍ എടുത്തുവെച്ച് അവര്‍ തന്നെ ആട്ടിയെടുത്ത വെളിച്ചെണ്ണ അതിലേക്ക് ഒഴിച്ചു.
ഗൗരിയമ്മയുടെ വീട്ടിലുള്ള വെളിച്ചെണ്ണയ്ക്ക് ഒരു പ്രത്യേക മണമാണ്. അവര്‍ കടയില്‍നിന്ന് ഒന്നും വാങ്ങാറില്ല. മിക്ക സാധനങ്ങളും കൃഷിചെയ്തുണ്ടാക്കും. കാരപ്പചട്ടിയില്‍ വെളിച്ചെണ്ണ തുള്ളിച്ചാടുന്നു. അതിലേക്ക് ഒരു തവി മാവൊഴിച്ചു. ശരിക്കും ഉണ്ണിയപ്പം തന്നെ. അത് കുത്തിയെടുക്കാനും മറിച്ചിടാനും പ്രത്യേകമായ ഒരു മരത്തിന്റെ കൊള്ളിയുണ്ടാക്കിയെടുത്തിട്ടുണ്ട്. കാരപ്പം ഞൊടിയിടയില്‍ പാകം ചെയ്തെടുത്തു.
ഇനിയുണ്ടാക്കാനുള്ളത് കല്ലേപ്പുട്ടാണ്. അതിന് പുട്ടുംകുറ്റിയെവിടേ? ഗൗരിയമ്മയും രമണിച്ചേച്ചിയും വലിയൊരു പൊട്ടിച്ചിരിയാണ് ഉത്തരമായി നല്‍കിയത്. 'മോനേ അത് പുട്ടല്ല അതും ഒരപ്പമാ. കല്ലേപ്പുട്ട് എന്ന പേര് മാത്രേള്ളൂ...'
ദോശപോലെയുള്ള ഒരു വിഭവമാണ് കുറുമരുടെ കല്ലേപ്പുട്ട്. അതിലും പ്രധാനി ഗന്ധകശാല അരിതന്നെ. അരി ഉരലിലിട്ട് പൊടിച്ച് അരിച്ചെടുത്തശേഷം ഉഴുന്നും അരച്ച് ചേര്‍ത്ത് മാവാക്കി പ്രത്യേകം നിര്‍മിച്ചിട്ടുള്ള ഒരു ചട്ടിയില്‍ പാകപ്പെടുത്തിയെടുക്കും. ദോശപോലുള്ള ഐറ്റം. അമ്മായിയമ്മയും മരുമകളും അവരുടെ ഭാഷയില്‍ എന്തൊക്കെയോ പറയുന്നുണ്ട്. കേട്ടിരിക്കാന്‍ നല്ല രസം. അവരുടെ കൂട്ടത്തിലുള്ളവരുടെ രസകരമായ പേരുകള്‍ അമ്മ പറഞ്ഞുതന്നു. കുഞ്ചന്‍, കൊയ്മ, കാവിരി, കരിമ്പി, പാറു, ചുക്കി, മാണിക്യ, കുള്ളന്‍, ബീബി, കണ്ടന്‍ അങ്ങനെ നീളുന്നു പേരുകള്‍. അതിനിടയില്‍ രമണിച്ചേച്ചി കല്ലേപ്പുട്ട് തയ്യാറാക്കിക്കഴിഞ്ഞു.
ഇനിയാണ് കുറുമരുടെ പ്രധാന വിഭവം. മീന്‍ ചുട്ടത്. അവര്‍ അതിന് മീന് ചുട്ണ് എന്നാണ് പറയുക. 'ഞാങ്ങ പൊയേല് പോയിട്ട് കോര്‍ത്തോണ്ട് മീന്നെ കോരിപ്പിടിക്കും. ന്നിട്ട് മെളകും ഉപ്പും മഞ്ഞളും കൂട്ടി വായെലേല്‍ പൊതിഞ്ഞ് കനലേല് ചുടും.'-ഗൗരിയമ്മ മീന്‍ ചുടുന്ന വിധം വിവരിച്ച് തരികയാണ്. വരാല്‍ റെഡിയാണ്. വൃത്തിയാക്കി വരഞ്ഞുവെച്ചിരിക്കുന്നു. അതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയും ഇഞ്ചി, കറിവേപ്പില, കാന്താരിമുളക്, കുരുമുളക് എന്നിവ അരച്ചതും ചേര്‍ത്ത് തേച്ചുപിടിപ്പിച്ചു. പറമ്പില്‍നിന്ന് ഒരു വാഴയിലയെടുത്ത് അതില്‍ നന്നായി പൊതിഞ്ഞ് കനലിലേക്ക് വെച്ചു. ചീവിടുകളുടെതുപോലുള്ള ഒരു ശബ്ദം. വാഴയില കരിയുന്നതിന്റെതാണ്. പത്തുമിനിറ്റ് സമയമുണ്ട്. അതിനിടയില്‍ ഗൗരിയമ്മയെക്കുറിച്ച് കൂടുതലറിയാന്‍ സാധിച്ചു.
ഭക്ഷണകലയില്‍ മാത്രമല്ല വൈദ്യരംഗത്തും ഗൗരിയമ്മ വിദഗ്ധയാണ്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള അമ്മ പച്ചമരുന്നുകളിലൂടെയാണ് കൂടുതല്‍ പ്രശസ്തയായത്. അവരുടെ തൊടിയിലില്ലാത്ത പച്ചമരുന്നുകളില്ല.
സംസാരം മുന്നോട്ടുപോകുന്നതിനിടയില്‍ മൂക്കിലേക്ക് മസാല വേവുന്ന മണം ഇരച്ചുകയറി. ചുട്ട മീനിന്റെ മണം! അതറിഞ്ഞിട്ടാകണം വിശപ്പ് വയറ്റില്‍നിന്ന് നിലവിളിക്കുകയാണ്. കൈ കഴുകി വീടിന്റെ ഉമ്മറത്തിരുന്നു.
'ഞാള് വിചാരിച്ച് കൊറേപ്പേര്‌ണ്ടെന്ന് അതോണ്ട് കൊറേ തിന്നാന്‍ ണ്ടാക്കി. സാരല്ല മക്കള് കയിക്ക്'-ഗൗരിയമ്മയുടെ സ്നേഹത്തില്‍ പൊതിഞ്ഞുള്ള വാക്കുകള്‍. ഉച്ചയൂണിനായി വിഭവങ്ങള്‍ അണിനിരന്നു. കാരപ്പം, കല്ലേപ്പുട്ട്, മീന്‍ ചുട്ടത്, മീന്‍കറി, ചിക്കന്‍കറി, ഗന്ധകശാല ചോറ്, മോര്, അച്ചാര്‍, ചമ്മന്തി, കോഴിപൊരിച്ചത്. കാരപ്പവും കല്ലേപ്പുട്ടും ഉഗ്രനാണ്. മീന്‍ പലതവണ ചുട്ടുതിന്നിട്ടുണ്ടെങ്കിലും അതൊരത്ഭുതമായി തോന്നിയത് ഇപ്പോഴാണ്.
നാട്ടുരുചിയുടെ അത്ര വരില്ലല്ലോ പായ്ക്കറ്റ് പൊടികള്‍. ഒരു രക്ഷയുമില്ല. മൂക്കുമുട്ടെ കഴിച്ചു. കഴിച്ച് എഴുന്നേല്‍ക്കാന്‍തന്നെ പാടുപെട്ടു. ഈ വയനാടന്‍ ആദിവാസിരുചിക്ക് മുന്നില്‍ ശിരസ്സ് കുമ്പിടുകയല്ലാതെ ഒന്നും ചെയ്യാനില്ല.
മനസ്സും വയറും നിറച്ചുതന്ന പുതിയൊരു ലോകവും ഭാഷയും സംസ്‌കാരവും പഠിപ്പിച്ചുതന്ന ഗൗരിയമ്മയ്ക്കും രമണിച്ചേച്ചിക്കും നന്ദി പറഞ്ഞ് അവിടെ നിന്നിറങ്ങി. 'ഇനിയും വരണേ മക്കളേ...' തിരികെയിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് ഓര്‍മ്മപ്പെടുത്തല്‍. വയര്‍ മാത്രമല്ല, മനസ്സും നിറഞ്ഞു.
ഗന്ധകശാല അരി ഉരലില്‍ പൊടിച്ചെടുത്ത് അതില്‍ ശര്‍ക്കരപ്പാവ് കൂട്ടിയോജിപ്പിച്ച് മഞ്ഞള്‍പ്പൊടിയും ചേര്‍ത്താണ് കാരപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നത്
Content Highlights: World Food Day 2020 Taste of Wayanad