വിജിലേഷ് ചുട്ടകോഴിയെ പറപ്പിക്കും; മഹേഷിന്റെ പ്രതികാരത്തിലും വരത്തനിലും നാം കണ്ട ഗൂഢതന്ത്രക്കാരനായ കഥാപാത്രമല്ലിത്. പാചകത്തില്‍ രസകരമായ പരീക്ഷണങ്ങള്‍ നടത്തുന്ന ഒരു നാടന്‍ മാസ്റ്റര്‍ കുക്കാണ് വിജിലേഷ്.
യാത്രയ്ക്കും ട്രെക്കിങ്ങിനും പോകുമ്പോള്‍ പരീക്ഷിക്കാവുന്ന രസികന്‍ റസിപ്പിയാണ് വിജിലേഷിന്റ ചുട്ടകോഴി. രുചിയില്‍ ഇത് നമ്മളെ പറപ്പിക്കും. അതുകൊണ്ടാണ് ചുട്ടകോഴി പറക്കുമെന്ന് വിജിലേഷ് പറയുന്നത്. അടുപ്പും പാത്രങ്ങളുമില്ലാതെ എങ്ങനെ രുചിയേറിയ ചിക്കന്‍ വിഭവം ഒരുക്കാമെന്ന് ഈ യുവനടന്‍ കാണിച്ച് തരുന്നു.
കാഴ്ചയില്‍ വലിയ സൈസ് അല്ലെങ്കിലും വിജിലേഷ് ഒരു ഭക്ഷണപ്രിയനാണ്.
''ഫാസ്റ്റ് ഫുഡിനെക്കാള്‍ നാടന്‍ഭക്ഷണത്തോടാണ് എനിക്ക് പ്രിയം. ലൊക്കേഷന്‍ ഫുഡ് മടുക്കുമ്പോള്‍ ആരുമറിയാതെ ഞങ്ങള്‍ പുറത്തിറങ്ങും. അടുത്തുള്ള പേരുകേട്ട ഏതെങ്കിലും നല്ല ചെറിയ ഹോട്ടലുകള്‍ തേടി ഇറങ്ങും. ഷൂട്ടിങ് കാണാനെത്തുന്നവരുമായുള്ള സൗഹൃദസംഭാഷണങ്ങളില്‍നിന്നാണ് അത് പിടിച്ചെടുക്കുന്നത്. വരത്തന്റെയും മഹേഷിന്റെ പ്രതികാരത്തിന്റെയും ഷൂട്ടിങ് ഇടുക്കിയിലാണ് നടന്നത്. അവിടെ ഇത്തരം ഹോട്ടലുകള്‍ കുറവായതിനാല്‍ രുചിതേടി അലയാന്‍ കഴിഞ്ഞില്ല. അവിടെമാത്രമേ പെട്ടുപോയിട്ടുള്ളൂ.
കൊച്ചിയില്‍ താമസിക്കുമ്പോള്‍ വൈകുന്നേരങ്ങളില്‍ റൂമിലെത്തിയാല്‍ കുളിച്ച് കുറിതൊട്ട് പുറത്തിറങ്ങും. ആ യാത്ര അവസാനിക്കുന്നത് എതെങ്കിലും നല്ല ഹോട്ടലിലായിരിക്കും.'' വിജിലേഷ് ഭക്ഷണപ്രേമത്തെക്കുറിച്ച് പറയുന്നു.
സിനിമയും ഭക്ഷണപരീക്ഷണങ്ങളുമാണ് വിജിലേഷിന്റെ പ്രധാന ഹോബി.
ഷൂട്ടിങ് ലൊക്കേഷനിലാണെങ്കിലും ഓരോ ദിവസവും രാത്രി വ്യത്യസ്തമായ സ്ട്രീറ്റ് ഫുഡ് കിട്ടുന്ന ഹോട്ടലുകള്‍ തേടി അലയും. ബീഫ് ആണ് ഇഷ്ടവിഭവം, ഏത് നാട്ടിലെത്തിയാലും അതിന്റെ വെറൈറ്റികള്‍ പരീക്ഷിക്കലാണ് പ്രധാന പരിപാടി.
ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആലപ്പുഴയില്‍ നടക്കുമ്പോള്‍ ജോണി ആന്റണിച്ചേട്ടന്‍ വീട്ടില്‍നിന്ന് നല്ല കപ്പബിരിയാണി ഉണ്ടാക്കിക്കൊണ്ടുവരും, അതിന്റെ രുചി ഇപ്പോഴും നാവിലുണ്ട്.
വീട്ടില്‍ അമ്മയില്ലാത്ത അവസരങ്ങളിലാണ് വിജിലേഷ് പാചകപരീക്ഷണം തുടങ്ങിയത്. പിന്നെയത് അറിയാതെ ഹോബിയായി.
''തക്കാളിക്കറി, മുട്ടക്കറി, മീന്‍ മുളകിട്ടത്... എന്നിവയിലൂടെയായിരുന്നു പാചകപരീക്ഷണത്തിന് തുടക്കം. പലപ്പോഴും അബദ്ധങ്ങള്‍ പറ്റുമ്പോള്‍ യൂട്യൂബിലെ പാചകവിധികള്‍ നോക്കി പഠിക്കും, അതാണ് രീതി. എല്ലാവര്‍ക്കും ഇഷ്ടമാകുന്ന രീതിയില്‍ വേറിട്ട പാചകരീതിയാണ് ഇഷ്ടം. അങ്ങനെ അതിന്റെ കോമ്പിനേഷന്‍ പലതരത്തില്‍ മാറ്റിമാറ്റി പരീക്ഷിക്കും. ഇന്നത്തെ ന്യൂജന്‍ സിനിമ പോലെ...''
''കൊയിലാണ്ടി കടപ്പുറത്തുനിന്ന് കിട്ടുന്ന കല്ലുമ്മക്കായ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഡ്രൈ ഫ്രൈയേക്കാള്‍ രുചികരമായതൊന്നും ഈ ലോകത്ത് ഞാന്‍ കണ്ടിട്ടില്ല'എന്നാണ് വിജിലേഷ് പറയുന്നത്.
സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്
Content Highlights: vijilesh cooking experiments Food Day 2020