പ്രിയ്യപ്പെട്ട രുചിയിഷ്ടങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് ഗായകൻ വിധു പ്രതാപും ഭാര്യ ദീപ്തിയും
വിധു-ഭക്ഷണത്തിന്റെ കാര്യം പറഞ്ഞാൽ ചാടിവീഴുന്നവരാണ് ഞങ്ങൾ രണ്ടും. ഹോംലി ഫുഡും പുറത്തെ ഭക്ഷണങ്ങൾ പരീക്ഷിക്കാനുമൊക്കെ ഒരുപോലെ ഇഷ്ടമാണ്. ധാരാളം യാത്രകൾചെയ്യുന്നതുകൊണ്ട് പല ഭക്ഷണങ്ങളും പരീക്ഷിക്കാറുണ്ട്. പറക്കുന്നതും ഇഴയുന്നതുമായതൊക്കെ കഴിക്കും. മുതല, കാംഗരൂ, സീബ്ര തുടങ്ങിയവയൊക്കെ കഴിച്ചിട്ടുണ്ട്. ചിലരൊക്കെ പറയും ഇതൊക്കെ എങ്ങനെ കഴിക്കുന്നുവെന്ന് അതിനൊരു ടെക്‌നിക് ഉണ്ട്. കഴിക്കുമ്പോൾ ഇതിന്റെയൊന്നും രൂപം ഓർക്കരുത്. സീബ്ര ഇറച്ചി മാത്രമാണ് ചവർപ്പു പോലെ തോന്നിയിട്ടുള്ളത്. സീബ്ര വെജിറ്റേറിയനാണല്ലോ അതുകൊണ്ടാവും.( ചിരിക്കുന്നു)-
ദീപ്തി- വിധുച്ചേട്ടൻ എന്നേക്കാളും ഫൂഡിയാണ്. ഏതു രാജ്യത്ത് പോയാലും അവിടുത്തെ ഭക്ഷണം പരീക്ഷിച്ചിരിക്കും. ഞാൻ സീഫുഡും ചിക്കനും അപ്പുറത്തൊന്നും പരീക്ഷിച്ചിട്ടില്ല. പക്ഷേ മട്ടൺ, ബീഫ് എല്ലാം പാചകം ചെയ്യാറുണ്ട്. ഒരിക്കൽ അറിയാതെ ബീഫ് കട്‌ലറ്റ് കഴിച്ചിട്ടുമുണ്ട്, അന്നു നല്ല രുചിയൊക്ക തോന്നിയിട്ടുണ്ട്. ഇപ്പോഴും ആ കടയിൽ പോവുമ്പോൾ നമുക്കാ കട്‌ലറ്റ് കഴിച്ചാലോ എന്നൊക്കെ ചോദിക്കും.
വിധു- ദീപ്തിയുടെ ചിക്കൻ വിഭവങ്ങളെല്ലാം എനിക്കിഷ്ടമാണ്. എന്റെ അമ്മ വെക്കുന്ന അതുപോലെ ചില വിഭവങ്ങൾ ദീപ്തി വെക്കാറുണ്ട്. കഴിക്കാൻ മാത്രമല്ല കേട്ടോ അടുക്കളയിൽ സമയം ചിലവഴിക്കാനും ഇഷ്ടമുള്ളയാളാണ്. കഷ്ണങ്ങൾ അരിയാനും പാത്രം കഴുകിക്കൊടുക്കാനും വെറുതെ വർത്തമാനം പറഞ്ഞിരിക്കാനുമൊക്കെ വളരെ ഇഷ്ടമാണ്. ഞാൻ നല്ലൊരു സപ്പോർട്ടിങ് സിസ്റ്റമാണ്.(ചിരി) അത് കുട്ടിക്കാലം തൊട്ടേ അങ്ങനെയായിരുന്നു. അമ്മ നന്നായി പാചകം ചെയ്യും. അന്നുതൊട്ടേ അങ്ങോട്ട് ചോദിച്ച് ഓരോ ചെറിയ കാര്യങ്ങളൊക്കെ ചെയ്യുമായിരുന്നു. പാട്ടുകാരനായില്ലായിരുന്നെങ്കിൽ ആരായേനെ എന്നു പലരും എന്നോടു ചോദിച്ചിട്ടുണ്ട്. ഒരു സംശയവുമില്ല ഷെഫാവും എന്നാണ് ഞാൻ പറയാറുള്ളത്. ഞാൻ പാചകം ചെയ്യുമെന്നല്ല, പക്ഷേ എനിക്കിഷ്ടപ്പെട്ട പ്രൊഫഷനായിരുന്നേനെ അത്. അൽപം ഉപ്പു കൂടിപ്പോയാൽ തീരില്ലേ, അത്ര ജാഗ്രത വേണ്ട കാര്യമല്ലേ.
ദീപ്തി- വിധുച്ചേട്ടന്റെ അമ്മയാണ് എനിക്ക് പാചകം കൂടുതലും പഠിപ്പിച്ചത്. ഞങ്ങൾ കൂട്ടുകുടുംബമായാണ് പണ്ട് കഴിഞ്ഞിട്ടുള്ളത്. അന്ന് എല്ലാം പഠിച്ചുള്ളതുകൊണ്ട് ഫ്‌ളാറ്റിലേക്ക് മാറിയപ്പോഴും അത്ര ബുദ്ധിമുട്ടു തോന്നിയിട്ടില്ല. വിധു നന്നായുണ്ടാക്കുന്നത് ചായയാണ്(ചിരിക്കുന്നു).
ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്
Content Highlights: vidhu prathap and wife deepthi about favourite food