ലോകമെമ്പാടും ഭക്ഷ്യദിനമായി ആചരിക്കുകയാണിന്ന്. ഭക്ഷണത്തോടുള്ള ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ പ്രണയം പരസ്യമാണ്. അഭിനയം പോലെ തന്നെ താരത്തിന് പ്രിയമാണ് പാചകവും. പലപ്പോഴും പുത്തൻ റെസിപ്പികൾ ആരാധകർക്കായി പങ്കുവെക്കാറുമുണ്ട് താരം. ഇപ്പോഴിതാ ഭക്ഷ്യദിനത്തിലും ശിൽപ വ്യത്യസ്തമായൊരു റെസിപ്പിയാണ് പങ്കുവച്ചിരിക്കുന്നത്. 

ദോശയ്ക്ക് ഹെൽത്തി ട്വിസ്റ്റ് നൽകിയാണ് ശിൽപ അവതരിപ്പിച്ചിരിക്കുന്നത്. കാൽസ്യം, അയേൺ, ഫൈബർ, അമിനോ ആസിഡ് എന്നിവയാൽ സമൃദ്ധമായ റാ​ഗി കൊണ്ട് ദോശ തയ്യാറാക്കുന്ന വിധമാണ് ശിൽപ പങ്കുവെക്കുന്നത്. 

റാ​ഗി ദോശ തയ്യാറാക്കുന്ന വിധം

രാത്രിയിൽ കുതിർത്തു വച്ച റാ​ഗി- 1 കപ്പ്
കുതിർത്ത ഉഴുന്നു പരിപ്പ്- കാൽ കപ്പ്
ചോറ്- മൂന്ന് ടേബിൾ സ്പൂൺ
ഉലുവ കുതിർത്തത്- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
മല്ലിയില- അലങ്കരിക്കാൻ

റാ​ഗിയും ഉഴുന്നുപരിപ്പും ഉലുവയും ചോറും വെള്ളം ചേർത്ത് അരച്ചെടുക്കുക. ശേഷം രാത്രിമുഴുവൻ പുളിക്കാനായി വെക്കുക. മാവ് തയ്യാറായിക്കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പ് ചേർക്കുക. പാനിൽ എണ്ണ തൂവി ദോശ ചുട്ടെടുത്ത് മല്ലിയില കൊണ്ട് അലങ്കരിച്ചെടുക്കാം.സാമ്പാറിനും ചട്നിക്കുമൊപ്പം കഴിക്കാം. 

Content Highlights: Shilpa Shetty shares ragi dosa recipe on World Food Day