' പണ്ട് പെരുമണ്ണയില്‍ നിന്ന് അച്ഛന്‍ കോഴിക്കോടേക്ക് പോകുമ്പോള്‍ ഇടയ്ക്ക് കുട്ടിയായ എന്നെയും കൂടെ കൂട്ടും. അന്ന് ബസിലാണ് യാത്ര. കോഴിക്കോടെത്തിയാല്‍ അച്ഛന്റെ കൈയില്‍ തൂങ്ങി നടക്കുമ്പോള്‍ മനസില്‍ ഒരൊറ്റ ആഗ്രഹമായിരിക്കും. ഇന്ത്യന്‍ കോഫി ഹൗസിലെ മസാലദോശ. കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോമിനടുത്ത കോഫിഹൗസില്‍ നിന്നാണ് അന്ന് അച്ഛന്‍ ഭക്ഷണം മേടിച്ചു തരിക. അന്നത് ഏറ്റവും വലിയ സന്തോഷമായിരുന്നു. അന്നൊരു ചിക്കന്‍ ബിരിയാണി കിട്ടണമെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ ഹൈദരാബാദില്‍ നിന്ന് ചെറിയച്ഛന്‍ വരണം. ചെറിയച്ഛന്‍ വന്നാല്‍ വീട്ടിലെ എല്ലാവരും കൂട്ടി കോഴിക്കോട്ട് കറങ്ങാന്‍ പോകും. പാരഗണിലും ടോപ് ഫോമിലുമൊക്കെ കൊണ്ടുപോയി ചിക്കന്‍ബിരിയാണിയും, ചിക്കന്‍ 65 ഓക്കെ മേടിച്ചുതരും. ' വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ജീപ്പ് കോമ്പസിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് ഹരീഷ് കണാരന്‍ ഒരുവട്ടം ഓര്‍മകളിലേക്ക് യൂ ടേണെടുത്തു. കോഴിക്കോടന്‍ ഭാഷയില്‍ നല്ല കിടുക്കാച്ചി തമാശകള്‍ പൊട്ടിച്ച് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമായി ഹരീഷ് നല്ലൊരു ഭക്ഷണപ്രേമി കൂടിയാണ്. നോണ്‍ വെജ് വിഭവങ്ങളോടാണ് കൂടുതല്‍ പ്രിയമെങ്കിലും സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈയിലിന്റെ ഭക്ഷണയാത്രയ്ക്ക് ഇത്തവണ ഒരു ചെയ്ഞ്ച് പിടിക്കാമെന്നായി ഹരീഷ്. മ്മ്‌ളെ കോഴിക്കോട് നോണ്‍ വെജ് മാത്രമല്ല നല്ല മൊഞ്ചുള്ള വെജ്. ഭക്ഷണശാലകളും ഉണ്ടെന്ന് പറഞ്ഞ് കാര്‍ നേരെ സ്റ്റേഡിയംവഴി രാംമോഹന്‍ റോഡിലേക്ക്. വണ്ടി പിന്നെ നിന്നത് മലബാര്‍ ഗോള്‍ഡിനടുത്ത ഓംകാര റസ്‌റ്റോറന്റിന് മുന്നിലാണ്.
നൂറ് നാട് നൂറ് രുചികള്‍
ഈയിടെ ഡിസൂസ എന്ന സിനിമയുടെ സെറ്റില്‍ സൗബിനായിരുന്നു രുചിയാത്രയ്ക്ക് കൂട്ട്. വൈകുന്നേരമാകുമ്പോ സൗബിന്‍ മെല്ലെ വന്ന് പറയും ' ഒരുഅടിപൊളി ബിരിയാണി കിട്ടുന്ന, പൊളപ്പന്‍ മീന്‍കറി കിട്ടുന്ന സ്ഥലമുണ്ട്. പോയാലോ ' . ' എന്നാ ബാ പോവാം' എന്ന് ഞാനും പറയും. കൊച്ചിക്കാരനായതിനാല്‍ സൗബിന് അവിടത്തെ നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളെല്ലാം അറിയാം. ഒരുദിവസം സൗബിന്‍ എന്നെ അവന്റെ വീട്ടില്‍ കൊണ്ടുപോയി. അവിടെ വച്ചാണ് ഇറച്ചിച്ചോറ് എന്ന ഐറ്റം ഞാന്‍ ആദ്യമായി കഴിക്കുന്നത്. ചോറിന്റെ അകത്ത് തന്നെ ഇറച്ചിയും മിക്‌സ് ചെയ്ത ഐറ്റമാണത്.
ഷൂട്ടിങ് കഴിഞ്ഞ് കോഴിക്കോട് എത്തിയാല്‍ പിന്നെ അടുത്ത പ്ലാന്‍ കുടുംബവുമൊത്ത് വ്യത്യസ്തമായ രുചികള്‍ തേടി ഇറങ്ങുക എന്നതാണ്. അത് ലൊക്കേഷനിലായാലും ഒഴിവുസമയം കിട്ടുമ്പോള്‍ അങ്ങ് ഇറങ്ങും. ഓംകാരയിലെ രുചിയും അങ്ങനെ തേടിപിടിച്ച് കണ്ടെത്തിയതാണ്. നോണ്‍ വെജ് ഐറ്റംസിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന ഐറ്റംസാണ് ഓംകാരയുടെ പ്രത്യേകത. ചിക്കന്‍ 65 ന് പകരം അതിനേക്കാള്‍ ഡബിള്‍ സ്‌ട്രോങ്ങായ പനീര്‍ 95. പനീര്‍ പൊള്ളിച്ചത്, ക്രീം ഓഫ് പംകിങ് സൂപ്പ്, അമ്മച്ചീസ് മാജിക് മസാല, വെജ് ഓംലെറ്റ് തുടങ്ങി ഒരുപാട് സ്‌പെഷ്യല്‍ ഐറ്റംസ് ഉണ്ട് ഇവിടെ.
ഓരോ സിനിമ സെറ്റിലും ഫുഡ്ഡടിക്കാന്‍ നല്ല കമ്പനിക്കാരെ കിട്ടാറുണ്ടെന്നതാണ് എന്റെ ഭാഗ്യം. ടൊവിനോ തോമസ്, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് എല്ലാവരും കട്ടയ്ക്ക് ഭക്ഷണം കണ്ടെത്തി കഴിക്കാന്‍ കൂടെ നില്‍ക്കും. ഇവരുടെയൊക്കെ കൂടെ പലയിടങ്ങളില്‍ പോയി പലവിധ രുചികള്‍ ആസ്വദിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. ധര്‍മന്റെ (ധര്‍മജന്‍ ബോള്‍ഗാട്ടി) കൂടെ പോയാല്‍ വ്യത്യസ്തമായ മീന്‍ വിഭവങ്ങള്‍ മേടിച്ചു തരും. ധര്‍മന്റെ വീട്ടിനടുത്താണ് ഷൂട്ടെങ്കില്‍ 'ഭക്ഷണം ഇന്ന് വീട്ടില്‍ നിന്നാണേ' എന്ന് പറയും. നമ്മള്‍ എത്തുമ്പോഴേക്കും മീനും ഞണ്ടും ഒക്കെ കൊണ്ട് കണ്ടാല്‍ തന്നെ നാവില്‍ കപ്പലോടുന്ന ഐറ്റംസ് റെഡിയാക്കി വെക്കും. ധര്‍മെനൊരു സൂപ്പര്‍ കുക്കാണ്.
മമ്മൂക്കയുടെ ഷൈലോക്കിന്റെ സെറ്റില്‍ നിന്ന് കഴിച്ച തേങ്ങച്ചോറിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. മമ്മൂക്കയുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്നതാണത്. കോഴിക്കോടൊന്നും തേങ്ങച്ചോറ് ഞാന്‍ കണ്ടിട്ടില്ല. ഒരുദിവസം മമ്മൂക്ക, സിദ്ദിഖിക്ക, ബൈജു ചേട്ടന്‍, ഞാന്‍ അങ്ങനെ എല്ലാവരും കൂടെ പഴയകാലത്തെ ഭക്ഷണത്തിന്റെ കഥകളൊക്കെ പറഞ്ഞ് ഇരിക്കുകയാണ്. അതിനിടയിലാണ് തേങ്ങച്ചോറിന്റെ കാര്യം ആദ്യമായി കേട്ടത്. അതെന്താ സാധനം മമ്മൂക്ക എന്ന് ഞാന്‍ ചോദിച്ചു. നീ ഇതുവരെ കഴിച്ചിട്ടില്ലേ, ഞാന്‍ കൊണ്ടുതരാം എന്നായി മമ്മൂക്ക. മൂപ്പര് അത് മറന്നുകാണും എന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം സെറ്റില്‍വച്ച് എന്നെ അരികിലേക്ക് വിളിച്ചു. വീട്ടില്‍ നിന്ന് കൊണ്ടുവന്ന തേങ്ങച്ചോറും ബീഫ്കറിയും തന്നു. എന്താ സ്വാദ്, അന്തസ്സ്.
ചാക്കോച്ചനും അതുപോലെ ടേസ്റ്റ് ബഡ്‌സാണ്. ശിക്കാരി ശംഭു, മാംഗല്യം തന്തുനാനേന തുടങ്ങിയ സെറ്റുകളില്‍ നിന്നെല്ലാം ചാക്കോച്ചനൊപ്പം രുചിതേടിയിറങ്ങിയിട്ടുണ്ട്. എന്റെ നാടായ പെരുമണ്ണയില്‍ നിന്ന് ആളെ കൊണ്ടുപോയാണ് ചാക്കോച്ചന്റെ രണ്ടു പിറന്നാളുകള്‍ക്ക് ബിരിയാണി വിളമ്പിയത്. ബിരിയാണിക്ക് മ്മ്‌ളെ കോഴിക്കോടിനെയും തലശേരിയെയും തോല്‍പ്പിക്കാന്‍ വെറൊരു നാടും വളര്‍ന്നിട്ടിലല്ലോ.!
ഈയിടെയാണ് കൊച്ചി ചക്കരപ്പന്തലിലെ പഴംപൊരിയും ബീഫും കഴിച്ചത്. അത് നൈസാണു. തൈര് കാച്ചിയ കഞ്ഞി, ചട്ടിയിലൂണ് എന്നിവയും അവിടത്തെ സ്‌പെഷ്യലാണ്. പെരുമണ്ണയില്‍ വാസുവേട്ടന്റെ ഹോട്ടലില്‍ വൈകുന്നേരം പത്തിരിയും ബീഫും ഒപ്പം ചൂട് കട്ടന്‍ചായയും കിട്ടും. അത് ഒന്നൊന്നര ഐറ്റമാണ്. അതുപോലെ പെരുമണ്ണയിലെ സുരേന്ദ്രേട്ടന്റെ ഹോട്ടലിലെ ഉച്ച ഊണും എന്റെ ഫേവറേറ്റാണ്.
ബിരിയാണി, മീന്‍കറി, ബീഫ് അങ്ങനെ ഒരുവിധ ഐറ്റംസൊക്കെ ഞാന്‍ ഉണ്ടാകും. ആനക്കള്ളന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് കോഴിക്കോടന്‍ സ്‌പെഷ്യലായ മുളകിട്ട ചിക്കന്‍കറി ഞാന്‍ ഉണ്ടാക്കിയിരുന്നു. ബിജുവേട്ടനും(ബിജുമേനോന്‍), സിദ്ദിഖിക്കയും എല്ലാവരും അന്ന് കൂടെ ഉണ്ടായിരുന്നു. പോയവര്‍ഷം ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന സിനിമയുടെ ലൊക്കേഷന്‍ മൂന്നാറിലെ ഒരു സ്‌കൂളായിരുന്നു. അവിടെ തന്നെയായിരുന്നു മെസ്സും. എല്ലാദിവസവും വൈകുന്നേരം ഞാന്‍ മെല്ലെ മെസ്സിലേക്ക് നീങ്ങും. എന്നിട്ട് ബീഫ്, താറാവ്, നാടന്‍കോഴി തുടങ്ങി ഓരോ ഐറ്റംസ് വാങ്ങിപ്പിച്ച് അത് വച്ച് വ്യത്യസ്ത ഐറ്റങ്ങള്‍ ഉണ്ടാക്കി എല്ലാവര്‍ക്കും നല്‍കും. നമ്മളുണ്ടാക്കിയ ഭക്ഷണം കഴിച്ച് മറ്റുള്ളവര്‍ നല്ലത് പറയുമ്പോള്‍ ഒരു ആഹ്ലാദമുണ്ടാകും. പിന്നെ വെജും നോണ്‍ വെജും ചേര്‍ന്ന എന്റെ മാത്രം ഉഗ്രന്‍ ഫേവറേറ്റ് ഉണ്ട്. ട്രേഡ് സീക്രട്ടാണ്. ഉപ്പുമാവും ബീഫ്കറിയും, ചുമ്മാ ഒന്ന് പരീക്ഷിച്ച് നോക്ക്. സംഭവം പൊളിക്കും.
( സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ പ്രസിദ്ധീകരിച്ചത് )
Content Highlights: hareesh kanaran sharing food memories