ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനമാണ് മേഘാലയ. ലോകത്തിലേറ്റവും മഴ ലഭിക്കുന്ന മൗസിന്റാം ഇവിടെയാണുള്ളത്. എന്നാല്‍ ഇതു മാത്രമല്ല രസികന്‍ ഭക്ഷണങ്ങളുടെയും കലവറയാണ് മേഘാലയ. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്ന ചില മേഘാലയന്‍ ഭക്ഷണ വിശേഷങ്ങള്‍ അറിയാം
ജദോ
ജ എന്നാല്‍ ചോറ്, ദോ എന്നാല്‍ ഇറച്ചി. പ്രാദേശികമായി ലഭിക്കുന്ന ചെറിയ അരിയാണ് ഇതിനായി ഉപയോഗിക്കുന്നത്. കോഴിയുടെ ചോരയാണ് ഈ വിഭവം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന പ്രധാന ഘടകം. കോഴിയുടെ അപ്രധാനമായ ശരീരഭാഗങ്ങളാണ് ഇതിനായെടുക്കുന്നത്. ചോരയില്‍ കുഴച്ചെടുത്ത അരി പൊരിച്ച സവാളയും ഇറച്ചിയും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കും. എരിവിനായി ഉപയോഗിക്കുന്നത് പച്ചമുളകും കുരുമുളകുമാണ്.
ദോ ജെം
പന്നിയുടെ കുടല്‍ കുറച്ച് വ്യത്യസ്തമായ രീതിയില്‍ പാകംചെയ്‌തെടുത്ത വിഭവമാണ് ദോ ജെം. ആദ്യം പന്നിയുടെ രക്തം ഉപ്പും കുരുമുളകും ചേര്‍ത്ത് പാകപ്പെടുത്തിയെടുക്കും. അതിനുശേഷം അത് പന്നിയുടെ കുടലില്‍ നിറയ്ക്കും. ശേഷം 45 മിനിറ്റ് നല്ലവണ്ണം തിളപ്പിച്ചെടുക്കും. ഇങ്ങനെ തയ്യാറാക്കിയ കുടല്‍ മുറിച്ച് ചെറിയ കഷണങ്ങളാക്കും. ഇത് കഴിക്കാന്‍ കുറച്ച് ഗട്‌സ് വേണം
ചൗമീന്‍
ഷില്ലോങ്ങില്‍ പോയിക്കഴിഞ്ഞാല്‍ കഴിക്കേണ്ട മറ്റൊരു വിഭവമാണ് ചൗമീന്‍. നൂഡില്‍സിനെയാണ് ചൗമീന്‍ എന്ന് വിളിക്കുന്നത്. നല്ല എരിവുള്ള നൂഡില്‍സാണ് ചൗമീന്‍. മുട്ട, ബീന്‍സ്, കാരറ്റ് തുടങ്ങിയ പച്ചക്കറികളും സോസും ചേര്‍ത്തുണ്ടാക്കുന്ന ചൗമീന്‍ ഉത്തരേന്ത്യയില്‍ വ്യാപകമായി ലഭിക്കും.

പപ്പായപ്പൂക്കളും ഉണക്കമീനും ചേര്‍ത്ത കറി
ആണ്‍പപ്പായമരത്തില്‍നിന്നെടുത്ത പൂക്കളും, ഉണക്കമീന്‍ സോഡപ്പൊടി മുളക് എന്നിവയും വെള്ളം ചേര്‍ണ്ടാക്കുന്ന ഈ കറിയ്ക്ക് കയ്പാണെങ്കിലും നല്ല രുചിയാണ്.
സാക്കിന്‍
അരിയും എള്ളും ഉപ്പും ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. ചീനച്ചട്ടിയില്‍ ദ്വാരമിട്ട് അതില്‍ വാഴയിലയും ചകിരിയും വെച്ച് ദ്വാരമടയ്ക്കും. ഇതിനുമുകളില്‍ അരിയും എള്ളുമിട്ട് ലെയര്‍ചെയ്ത് പുഴുങ്ങിയെടുക്കുന്നതാണ് സാക്കിന്‍.
Content Highlights: food varieties of Meghalaya Food Day 2020