കൊറോണക്കാലത്ത് താരങ്ങളുടെ പ്രധാന നേരം പോക്കായിരുന്നു ബേക്കിങ്. ലോക്ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ പരീക്ഷണം നടത്തിയത് ബനാന ബ്രെഡിലാവും. പെട്ടെന്ന് ലഭിക്കുന്ന ചേരുവകളും, ഉണ്ടാക്കാനുള്ള എളുപ്പവുമാണ് ബനാന ബ്രെഡിനെ ഇത്ര ജനപ്രിയനാക്കിയത്. സംസ്കരിച്ച മാവോ പഞ്ചസാരയോ ചേരാത്ത ഹെൽത്തി ബനാന ബ്രെഡ് റെസിപ്പി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. പുതിയ ഇൻസ്റ്റഗ്രാം വീഡിയോയിലാണ് ഈ ഹെൽത്തി റെസിപ്പി.
മകൻ വിഹാന് ഏറെ പ്രിയപ്പെട്ട വാൾനട്ട്സ് ചേർത്താണ് താരം ബനാന ബ്രെഡ് തയ്യാറാക്കിയിരിക്കുന്നത്. മകൻ ആവശ്യപ്പെട്ടിട്ടാണ് താൻ ഈ ബ്രെഡ് തയ്യാറാക്കുന്നതെന്നും ശിൽപ ഷെട്ടി വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. ആരോഗ്യകരമായ ഭക്ഷണത്തിന് വേണ്ടി കുട്ടികൾ ആവശ്യപ്പെടുമ്പോൾ എങ്ങനെ നിരസ്സിക്കുമെന്നാണ് താരത്തിന്റെ ചോദ്യം.
പൂവൻപഴം,ഞാലിപ്പൂവൻ, ആണിപ്പൂവൻ എന്നൊക്കെ പേരുള്ള ചെറിയ വാഴപ്പഴം ഉപയോഗിച്ചാണ് ഈ ബനാനബ്രെഡ് തയ്യാറാക്കിയിരിക്കുന്നത്. മൈദമാവിന് പകരം ആൽമണ്ട് ഫ്ളോറും പഞ്ചസാരയ്ക്ക് പകരം മേപ്പിൾ സിറപ്പുമാണ് ഉപയോഗിച്ചിരിക്കുന്നത്. മുട്ട ചേർക്കുന്നതിന് പകരം ഫ്ളാക്സ്സീഡ് പൗഡറും വെള്ളവും ചേർന്ന മിശ്രിതമാണ് താരം ചേർത്തിരിക്കുന്നത്. കറുവയും വനിലയും ചേർന്നതോടെ ബനാന ബ്രെഡ് കൂടുതൽ രുചികരമാകുമെന്നും ശിൽപ ഷെട്ടി കുറിക്കുന്നുണ്ട്.
Content Highlights:Shilpa Shetty Shares No Maida No Sugar Banana Bread Recipe