മാങ്ങയും മാംഗോ ഐസ്‌ക്രീമും പ്രധാന ചേരുവകളായ മാംഗോ ഫലൂദ കഴിക്കാം

ചേരുവകള്‍

പാല്‍- ഒന്നര കപ്പ്
പഞ്ചസാര- അഞ്ച് ടേബിള്‍സ്പൂണ്‍ 
ഫലൂദ നൂഡില്‍സ്- ഒരു കപ്പ്
മാംഗോ പള്‍പ്പ്-ഒന്നര കപ്പ്
മാംഗോ ഐസ്‌ക്രീം- നാല് സ്‌കൂപ്പ്
മാങ്ങ കഷണങ്ങളാക്കിയത്- ഒരു കപ്പ്
ആല്‍മണ്ട്, പിസ്ത, ചെറി- കഷണങ്ങളാക്കിയത്- അലങ്കാരത്തിന്

തയ്യാറാക്കുന്ന വിധം

ഒന്നര കപ്പ് പാല്‍ ഒരു കപ്പ് ആകുന്നതു വരെ തിളപ്പിക്കുക. ഇതില്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. തണുപ്പിക്കുക. കസ്‌കസ് 20 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. മാംഗോ പള്‍പ്പ് മൂന്നു ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് ഫ്രിഡ്ജില്‍ വെക്കാം. ഫലൂദ നൂഡില്‍സ് തിളച്ച വെള്ളത്തില്‍ ഇട്ട് വേവിക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ഇതും തണുപ്പിക്കുക. സെര്‍വിങ് ഗ്ലാസും 45 മിനിറ്റ് തണുപ്പിക്കണം. 

തണുപ്പിച്ച ഗ്ലാസിലേക്ക് മുറിച്ച മാങ്ങ ഇടാം. ഇതിന് മുകളില്‍ കുതിര്‍ത്ത കസ്‌കസ് ഇടുക. അടുത്ത നിരയില്‍ ഫലൂദ നൂഡില്‍സ് ഇടാം. മൂന്നു ടേബിള്‍സ്പൂണ്‍ മാംഗോ പള്‍പ്പ് ചേര്‍ക്കുക. മുകളിലായി കുറച്ച് തണുപ്പിച്ച പാല്‍ ഒഴിക്കാം. വീണ്ടും ചേരുവകള്‍ ഇതേ ക്രമത്തില്‍ ലെയറുകളായി വെക്കുക. ഏറ്റവും മുകളില്‍ മാംഗോ ഐസ്‌ക്രീം സ്‌കൂപ്പ് വെച്ച ശേഷം ചെറി, പിസ്ത, ആല്‍മണ്ട് എന്നിവ കൊണ്ട് അലങ്കരിക്കാം. 

Content Highlights: mango falooda

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌