വളരെ രുചികരമായ ഒരു വിഭവമാണ് പുലാവ്. ഇത് പലതരത്തിലുണ്ട്. പനീര്‍, മഷ്‌റൂം, വെജിറ്റബിള്‍സ്, ചിക്കന്‍ തുടങ്ങി പലതരം പുലാവുകള്‍ ഉണ്ട്. വളരെ രുചികരവും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതുമായ വെജിറ്റബിള്‍ പുലാവ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ബ്രൗണ്‍ ബസ്മതി അരി- ഒരു കപ്പ്
സവാള (കഷ്ണങ്ങളാക്കിയത്)- ഒരെണ്ണം
കറുവാപ്പട്ട- ഒരു ഇഞ്ച് വലുപ്പത്തില്‍
കുരുമുളക് പൊടി- അരടീസ്പൂണ്‍
ചുവന്ന മുളകുപൊടി- ഒരു ടീസ്പൂണ്‍
ഗ്രാമ്പൂ-ഒരു ടീസ്പൂണ്‍
ഉണങ്ങിയ ഏലയ്ക്ക- രണ്ടെണ്ണം
ഉപ്പ്- ഒരു ടീസ്പൂണ്‍
വര്‍ജിന്‍ ഒലിവ് ഓയില്‍- ഒരു ടീസ്പൂണ്‍
കാരറ്റ് അരിഞ്ഞത്- അരക്കപ്പ്
കോളിഫ്‌ളവര്‍ അരിഞ്ഞത്- അരക്കപ്പ്
പയര്‍ മുളപ്പിച്ചത്- അരക്കപ്പ്
ബ്രൊക്കോളി അരിഞ്ഞത്- അരക്കപ്പ്
സോയാബീന്‍സ്- അരക്കപ്പ്
ബദാം അരിഞ്ഞത്- അരക്കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു നോണ്‍സ്റ്റിക്ക് ഫ്രയിങ് പാന്‍ എടുത്ത് അതിലേക്ക് അല്പം ഒലിവ് ഓയില്‍ ഒഴിച്ച് മീഡിയം തീയില്‍ ചൂടാക്കുക. ഓയില്‍ ചൂടായിക്കഴിഞ്ഞാല്‍ അതിലേക്ക് സവാള ചേര്‍ത്ത് ഇളം പിങ്ക് നിറമാവുന്നതുവരെ നന്നായി ഇളക്കുക. പാനിന്റെ അടിവശത്ത് ഒട്ടിപ്പിടിക്കാത്ത രീതിയില്‍ നന്നായി ഇളക്കിക്കൊടുക്കണം. സവാള നന്നായി മൊരിഞ്ഞാല്‍ അതിലേക്ക് കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, കാരറ്റ്, കോളിഫ്‌ളവര്‍, ബ്രൊക്കോളി എന്നിവ ചേര്‍ക്കുക.
ഇനി ഇതിലേക്ക് കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് പച്ചക്കറികള്‍ നന്നായി വേവുന്നതുവരെ പാത്രം നന്നായി അടച്ച് വേവിക്കുക. അഞ്ചോ എട്ടോ മിനിറ്റുകൊണ്ട് ഇത് പൂര്‍ത്തിയാവും. അടുപ്പിലെ തീ കുറച്ചുവെക്കുക.
പച്ചക്കറികളെല്ലാം വെന്തുകഴിഞ്ഞാല്‍ സോയയും മുളപ്പിച്ച പയറും ഇതിലേക്ക് ചേര്‍ത്ത് രണ്ടോ മൂന്നോ മിനിറ്റ് മീഡിയം തീയില്‍ പാകം ചെയ്യുക. ഇതിന് ശേഷം ഇത് ആഴമുള്ള വലിയൊരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് കഴുകി വാര്‍ത്തുവെച്ചിരിക്കുന്ന അരി ഉപ്പും മുളകുപൊടിയും കൂടി ചേര്‍ക്കുക. താത്പര്യമെങ്കില്‍ മസാലപ്പൊടികള്‍ കൂടി ചേര്‍ക്കാം. അരി വേവാന്‍ തുടങ്ങുന്നതു വരെ ഇളക്കിക്കൊടുക്കണം.
ഇനി രണ്ട് കപ്പ് വെള്ളം ഇതിലേക്ക് ഒഴിച്ച് നന്നായി തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാല്‍ തീ കുറയ്ക്കണം. തുടര്‍ന്ന് എട്ടുമിനിറ്റോളം പാകം ചെയ്യണം. പാകത്തിന് വെന്തുകഴിഞ്ഞാല്‍ അടുപ്പ് ഓഫ് ചെയ്ത് വെജിറ്റബിള്‍ പുലാവ് ഒരു സെര്‍വിങ് ബൗളിലേക്ക് മാറ്റി വിളമ്പാം. മഷ്‌റൂം കറിക്കൊപ്പമോ ഇഷ്ടമുള്ള മറ്റ് കറികള്‍ക്കൊപ്പമോ ചേര്‍ത്ത് കഴിക്കാം.
Content Highlights: How to make vegetable pulao Vegetable Pulao Recipe, Food