വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം കഴിക്കാന്‍ അടിപൊളി സ്‌നാക്‌സാണ് ചീസ് പക്കാവട. പുറമെ ക്രിസ്പിയും അകമെ നനുത്ത ചീസും നിറഞ്ഞ ഈ പക്കാവട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. 
 
ആവശ്യമുള്ള സാധനങ്ങള്‍
 
 • കുരുമുളക് പൊടി - അര ടീസ്പൂണ്‍
 • കടലമാവ് -അരക്കപ്പ്
 • കായം -ഒരു നുള്ള്
 • മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
 • ബേക്കിങ് സോഡ -ഒരു നുള്ള്
 • മുളക് പൊടി -കാല്‍ ടീസ്പൂണ്‍
 • എള്ള് -അര ടീസ്പൂണ്‍
 • ഉപ്പ് -ആവശ്യത്തിന്
 • വെള്ളം -അരകപ്പ്
 • ചീസ് -അഞ്ച് കഷ്ണം
 • എണ്ണ -ആവശ്യത്തിന്
 
തയ്യാറാക്കുന്ന വിധം
 
കുഴിവുള്ള ഇടത്തരം വലുപ്പമുള്ള പാത്രമെടുത്ത് അതിലേക്ക് കടലമാവ് എടുക്കുക. ഇതിലേക്ക് ചതച്ചെടുത്ത കുരുമുളക് ചേര്‍ക്കുക. കായം, ബേക്കിങ് സോഡ, മഞ്ഞള്‍പ്പൊടി, മുളക് പൊടി, എള്ള്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് നാലോ അഞ്ചോ ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ക്കുക. ഇത് നന്നായി കുഴച്ച് ചേര്‍ക്കുക. കുഴയ്ക്കുമ്പോള്‍ കട്ടകെട്ടാതെ നോക്കണം. മാവ് നന്നായി മൃദുവായി വരുന്നതുവരെ ഇങ്ങനെ കുഴക്കുക. 
ഇതിനുശേഷം അഞ്ച് ചീസ് കഷ്ണങ്ങളെടുക്കുക. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ചീസ് മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ. പുറത്ത് വെച്ച ചീസ് പക്കാവട ഉണ്ടാക്കാന്‍ ഉപയോഗിക്കരുത്. 
 
ചീസ് കഷ്ണങ്ങള്‍ ഓരോന്നും രണ്ടായി മുറിക്കുക. കുഴിവുള്ള ഫ്രൈയിങ് പാന്‍ എടുത്ത് ഇതിലേക്ക് പക്കാവട വറത്തുകോരാന്‍ ആവശ്യമായ എണ്ണ ഒഴിക്കുക. ഇത് ചൂടായി വരുമ്പോഴേക്കും. നേരത്തെ തയ്യാറാക്കി വെച്ച മാവിലേക്ക് നാലോ അഞ്ചോ തുള്ളി ചൂടുള്ള എണ്ണ ചേര്‍ക്കുക. ഇത് നന്നായി ഇളക്കി ചേര്‍ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ പക്കാവട നന്നായി മൊരിഞ്ഞുകിട്ടുകയും അധികം എണ്ണ കുടിക്കാതിരിക്കുകയും ചെയ്യും. ചീസ് കഷ്ണങ്ങള്‍ മാവില്‍ ചേര്‍ക്കുക. 
 
ഇതിനുശേഷം ചീസ് കഷണങ്ങളില്‍ മാവ് മുക്കിയെത്ത് തിളച്ച എണ്ണയിലിട്ട് വറത്തെടുക്കുക. ഒരു വശം നല്ല ബ്രൗണ്‍ നിറമായിക്കഴിയുമ്പോള്‍ മറിച്ചിട്ട് മറ്റേവശം കൂടി വറത്തെടുക്കുക. തീ അധികമായി പക്കാവട കരിഞ്ഞുപോകാതെ സൂക്ഷിക്കണം. 
 
ഇങ്ങനെ എല്ലാ ചീസ് കഷ്ണങ്ങളും എണ്ണയിലിട്ട് വറുത്ത് എടുക്കുക.
Content highlights: crispy cheese pakoda snacks recipe