മീൻകറിയുണ്ടെങ്കിൽ ഊണിന് മറ്റൊന്നും വേണ്ട എന്നു ചിന്തിക്കുന്നവരുണ്ട്. കേരള സ്റ്റൈലിലുള്ള മീൻകറിയല്ലേ എന്നും ഉണ്ട‌ാക്കുന്നത്. അൽപം മാറ്റിപ്പിടിച്ചാലോ? ആന്ധ്രശൈലിയിലുള്ള മീൻകറി തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.

ചേരുവകൾ

അരപ്പിന്

എണ്ണ- 2 ടീസ്പൂൺ
ജീരകം- അര ടീസ്പൂൺ
പെരുംജീരകം- അര ടീസ്പൂൺ
കുരുമുളക്- അരടീസ്പൂൺ
ഉലുവ- കാൽ ടീസ്പൂൺ
ചെറിയ ഉള്ളി- മുക്കാൽ കപ്പ്
വെളുത്തുള്ളി അരിഞ്ഞത്- രണ്ട് ടേബിൾ സ്പൂൺ
തക്കാളി- അരകപ്പ്

​ഗ്രേവിക്ക്

മീൻ- 250 ​ഗ്രാം
എണ്ണ- ആവശ്യത്തിന്
കടുക്- അര ടീസ്പൂൺ
പച്ചമുളക്- 2
ചെറിയ ഉള്ളി കഷ്ണങ്ങളാക്കിയത്- കാൽ കപ്പ്
വെളുത്തുള്ളി അരിഞ്ഞത്- 4 എണ്ണം
കശ്മീരി മുളകുപൊടി- 1 ടീസ്പൂൺ
മല്ലിപ്പൊടി- 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
പുളി- 1 ചെറിയ ഉരുള
കറിവേപ്പില- ആവശ്യത്തിന്‌
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കറിക്കുള്ള അരപ്പ് തയ്യാറാക്കാം. പാനിൽ രണ്ട് ടീസ്പൂൺ എണ്ണയൊഴിച്ച് ജീരകവും പെരുംജീരകവും ഉലുവയും കുരുമുളകും ചേർത്ത് വഴറ്റുക. ഇതിലേക്ക് ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേർത്ത് രണ്ടുമൂന്നു മിനിറ്റ് ഇളക്കാം. ഇനി കഷ്ണങ്ങളാക്കിയ തക്കാളി ചേർത്ത് നന്നായി വഴറ്റുക. ശേഷം ചൂടാറാൻ വെക്കുക. ഈ സമയത്ത് മീൻ കഷ്ണങ്ങളാക്കി വെക്കാം. ഇനി പാനിൽ എണ്ണയൊഴിച്ച് കടുകു വറുക്കുക. ഇതിലേക്ക് ഉള്ളിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴറ്റുക. ഇനി മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർക്കാം. ശേഷം മസാലയുടെ പച്ചമണം മാറുമ്പോൾ പുളിപിളിഞ്ഞ് ചേർക്കാം. ഇതിലേക്ക് രണ്ടുകപ്പ് വെള്ളവും ഉപ്പും കറിവേപ്പിലയും ചേർത്ത് തിളപ്പിക്കുക. തണുക്കാൻ വച്ചിരിക്കുന്ന മിശ്രിതം അരച്ചെടുത്ത് തിളച്ച കറിയിലേക്ക് ചേർക്കാം. തീ കുറച്ചുവച്ച് കഷ്ണങ്ങളും ചേർത്ത് പതിനഞ്ചു മിനിറ്റ് മൂടിവച്ച് വേവിക്കാം. വെന്തു വരുമ്പോൾ വാങ്ങിവെക്കാം. 

Content Highlights: andhra style fish curry recipe