ചിലർക്ക് ചായ ഒരു വികാരമാണ്. രാവിലെ എഴുന്നേറ്റാലുടനും വൈകുന്നേരച്ചായയുമൊക്കെ മുടങ്ങുന്ന കാര്യം ആലോചിക്കാനേ കഴിയാത്തവരുണ്ട്. എന്നും ഒരു രീതിയിലുള്ള ചായ കുടിച്ചു മടുത്തുവെങ്കിൽ പുതിയൊരെണ്ണം പരീക്ഷിച്ചാലോ? വ്യത്യസ്തമായ ഒരു ചായ പരിചയപ്പെടുത്തുകയാണ് മിലിന്ദ് സോമന്റെ ഭാര്യയും മോഡലുമായ അങ്കിത കോൻവാർ. 

ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമായ ബ്ലൂ പീ ടീ അഥവാ നീലച്ചായയെക്കുറിച്ചാണ് അങ്കിത പങ്കുവെക്കുന്നത്. ശംഖുപുഷ്പം കൊണ്ട് തയ്യാറാക്കുന്ന ബ്ലൂ ടീ രുചിയിൽ മാത്രമല്ല ആരോ​ഗ്യത്തിലും മുൻപന്തിയിലാണ്. ബ്ലൂ പീ പൂക്കൾ എന്നും ബട്ടർ ഫ്ലൈ പൂക്കൾ എന്നും വിളിക്കുന്ന ശംഖുപുഷ്പത്തിൽ നിന്നും തയ്യാറാക്കുന്നതുകൊണ്ടാണ് ചായയ്ക്ക് ഈ നിറവും വും പേരും ലഭിച്ചിരിക്കുന്നത്. 

അൽപം നാരങ്ങാനീരും ഇഞ്ചിയും ചേർത്ത് തയ്യാറാക്കിയ നീലച്ചായ കുടിക്കുന്ന ചിത്രമാണ് അങ്കിത പങ്കുവച്ചിരിക്കുന്നത്. ബ്ലൂ ടീയുടെ ​ഗുണങ്ങളും അങ്കിത കുറിച്ചിട്ടുണ്ട്. സമ്മർദം കുറയ്ക്കാനും ആസ്ത്മ സംബന്ധമായ  പ്രശ്നങ്ങൾക്കും പനിയുടെ തോത് കുറയ്ക്കാനുമൊക്കെ മികച്ചതാണിത്. കഫീൻ ഇല്ലെന്നു മാത്രമല്ല ആന്റി ഡയബറ്റിക്കുമാണ് ബ്ലൂ ടീ. 

ഇനി ചായ തയ്യാറാക്കേണ്ട വിധവും അങ്കിത കുറിക്കുന്നുണ്ട്. അതിനായി ആദ്യം അൽപം വെള്ളം തിളപ്പിക്കുക. ശേഷം പൂവിതളുകൾ ചേർത്ത് ഇഞ്ചി കഷ്ണം ചേർക്കാം. മിനിറ്റിനുശേഷം തീ അണയ്ക്കാം. തണുത്തു വരുമ്പോൾ ഒരു ടീസ്പൂൺ നാരങ്ങാനീരു ചേർത്ത് കുടിക്കാം. 

Content Highlights: What is Blue Pea Tea? Ankita Konwar shares recipe and benefits in new post