പാലുകൊണ്ട് വ്യത്യസ്തമായ ഒരു വിഭവം ഒരുക്കിയാലോ, ഷീര്‍ കുറുമ തയ്യാറാക്കാം

ചേരുവകള്‍

 1. നെയ്യ്- രണ്ട് ടേബിള്‍ സ്പൂണ്‍
 2. വെര്‍മിസെല്ലി- 50 ഗ്രാം
 3. ആല്‍മണ്ട്, കഷണങ്ങളാക്കിയത്- രണ്ട് ടേബിള്‍ സ്പൂണ്‍
 4. കശുവണ്ടി, കഷണങ്ങളാക്കിയത്- രണ്ട് ടേബിള്‍ സ്പൂണ്‍
 5. ചിരോഞ്ചി- രണ്ട് ടേബിള്‍സ്പൂണ്‍
 6. പിസ്ത, കഷണങ്ങളാക്കിയത്- രണ്ട് ടേബിള്‍ സ്പൂണ്‍
 7. ഉണക്കമുന്തിരി- രണ്ട് ടേബിള്‍ സ്പൂണ്‍
 8. ഡേറ്റ്‌സ്, കഷണങ്ങളാക്കിയത്- കാല്‍ക്കപ്പ്
 9. പാല്‍- അഞ്ച് കപ്പ്
 10. പഞ്ചസാര- കാല്‍കപ്പ്
 11. ഏലയ്ക്കപ്പൊടി- അര ടീസ്പൂണ്‍
 12. റോസ് വാട്ടര്‍- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. പകുതി വെള്ളമെടുത്ത് അതില്‍ ആല്‍മണ്ട്, പിസ്ത, കശുവണ്ടി എന്നിവ കുതിര്‍ക്കുക. ബാക്കി പകുതി വെള്ളത്തില്‍ ചിരോഞ്ചിയും കുതിരാന്‍ വയ്ക്കുക. മുപ്പത് മിനിട്ടിന് ശേഷം ചൂട് വെള്ളം മാറ്റി പച്ചവെള്ളം ഒഴിക്കാം. ഡേറ്റ്‌സ് കുരു നീക്കി ചെറിയ കഷണങ്ങളാക്കി മുറച്ച് മാറ്റി വയ്ക്കാം. ഇനി പിസ്തയും ആല്‍മണ്ടും തൊലി കളഞ്ഞ് സാധാരണ താപനിലയില്‍ ഒരു മണിക്കൂര്‍ കൂടി വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കണം. ചിരോഞ്ചിയിലെ വെള്ളം കളഞ്ഞ് വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ് മൊത്തം ഈര്‍പ്പവും കളയാം. ഇതിനൊപ്പം ഇതിന്റെ തോലും നീക്കം ചെയ്യണം. ഇതിനെ മറ്റൊരു ബൗളിലാക്കി മാറ്റി വയ്ക്കാം. ഇനി കുതിര്‍ത്തു വച്ച് ബാക്ക് നട്‌സ് പുറത്തെടുത്ത് ചെറിയകഷണങ്ങളാക്കി നുറുക്കുക. ഇവ വറുക്കുന്നതിന് മുമ്പ് പൂര്‍ണമായി ജലാംശം പോയെന്ന് ഉറപ്പു വരുത്തണം.

ഒരു പാന്‍ ചൂടാകുമ്പോള്‍ അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് വെര്‍മ്മിസെല്ലി വറുത്തെടുക്കുക. ചെറുതീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്താല്‍ മതിയാവും. ഒരു വലിയ കടായിയില്‍ ബാക്കി നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്ന നട്‌സുകളെല്ലാം റോസ്റ്റ് ചെയ്ത് മാറ്റി വയ്ക്കാം. ശേഷം അഞ്ച് കപ്പ് പാല്‍ ഒഴിച്ച് തിളപ്പിക്കാം. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. നന്നായി തിളച്ചാല്‍ വറുത്തുവച്ചിരിക്കുന്ന നട്‌സ് ചേര്‍ത്ത് ഇളക്കാം. ചെറുതീയില്‍ പാല്‍ ചെറുതായി കുറുകുന്നതുവരെ തിളപ്പിക്കാം. ഇതിലേക്ക് വറുത്തു വച്ച് വെര്‍മിസെല്ലി, പഞ്ചസാര എന്നിവ ചേര്‍ത്ത് വീണ്ടും കുറുകുന്നതു വരെ ഇളക്കി തിളപ്പിക്കാം. വെര്‍മിസെല്ലി വേകുന്നതുവരെ ഇത് തുടരണം. ഇതിലേക്ക് ഏലയ്ക്കപ്പൊടി, റോസ് വാട്ടര്‍ എന്നിവ കൂടി ചേര്‍ക്കാം. ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം. ആവശ്യമെങ്കില്‍ നുറുക്കിയ ഡ്രൈഫ്രൂട്ടുകള്‍ മുകളില്‍ വിതറി അലങ്കരിക്കാം. 

Content Highlights: variety and tasty sheer khurma recipe for celebrations