ലോക്ക്ഡൗണ്‍ കാലത്ത് പാചക പരീക്ഷണം നടത്തുന്നവരാണ് ഏറെയും. മലയാളികളുടെ അടുക്കളയില്‍ പണ്ടുതൊട്ടേ പലഹാരക്കൂട്ടങ്ങളില്‍ പ്രധാനിയാണ് ഉണ്ണിയപ്പം. ഈസിയായി രുചികരമായ ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള റെസിപ്പിയാണ് താഴെ നല്‍കിയിരിക്കുന്നത്.

ചേരുവകള്‍

പച്ചരി - 1 കിലോ
ശര്‍ക്കര - 800 ഗ്രാം
തേങ്ങ ചെറുതായി കൊത്തി അരിഞ്ഞത് - 1 കപ്പ്
പാളയങ്കോടന്‍ പഴം - 2 എണ്ണം
ഏലയ്ക്ക -  5 എണ്ണം
വെളിച്ചെണ്ണ / നെയ്യ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

പച്ചരി നന്നായി കഴുകി  രണ്ട് മണിക്കൂര്‍ കുതിര്‍ക്കാന്‍ വെക്കുക. അതിനുശേഷം പച്ചരി, ശര്‍ക്കര, ഏലക്കായ, പഴം ഇവ എല്ലാം ചേര്‍ത്ത് അരച്ച് എടുക്കുക. തേങ്ങ കൊത്ത് നെയ്യില്‍ വറുത്തെടുക്കുക. ചൂടാറിയതിനു ശേഷം അതും മാവിലേക്ക് ചേര്‍ത്ത് ഇളക്കി അടച്ച് വെക്കുക. അരമണിക്കൂറിനുശേഷം ഉണ്ണിയപ്പം ഉണ്ടാക്കാം. അപ്പക്കല്ല് അടുപ്പത്ത് വച്ച് ചൂടായതിനു ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വേണമെങ്കില്‍ രണ്ട് സ്പൂണ്‍ നെയ്യും ഈ വെളിച്ചെണ്ണയില്‍ ചേര്‍ക്കാവുന്നതാണ്. അങ്ങനെ ചെയ്താല്‍ ഉണ്ണിയപ്പത്തിന് നെയ്യില്‍ വറുത്തെടുത്ത പോലെ ഉള്ള ഗന്ധവും രുചിയും കിട്ടും. എണ്ണ ചൂടായി കഴിഞ്ഞ് ഉണ്ണിയപ്പം മാവ് ഓരോ തവി ഓരോ കുഴിയിലും ഒഴിക്കുക. വെന്ത് കഴിയുമ്പോള്‍ അപ്പകമ്പി/സ്പൂണ്‍ ഉപയോഗിച്ച് മറിച്ചിടുക. വെന്ത് കഴിയുമ്പോള്‍ ഉണ്ണിയപ്പം കോരിയെടുക്കാം. മുഴുവന്‍ മാവും ഇതുപോലെ ഉണ്ടാക്കി എടുക്കുക.

Content Highlights: unniyappam recipe evening snacks recipe